Image

ബാങ്ക് കാര്യങ്ങൾക്കായി നേരിട്ട് വരണമെന്ന് കസ്റ്റമർ കെയർ; ‘ഞാൻ മാർപ്പാപ്പയാണ്’ എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു!

Published on 07 May, 2026
 ബാങ്ക് കാര്യങ്ങൾക്കായി നേരിട്ട് വരണമെന്ന് കസ്റ്റമർ കെയർ; ‘ഞാൻ മാർപ്പാപ്പയാണ്’ എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു!

വത്തിക്കാൻ സിറ്റി: സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൈവശമുണ്ടായിരിക്കാം, പക്ഷേ ഷിക്കാഗോയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിൽ വത്തിക്കാനിലെ മാർപ്പാപ്പയും വെറുമൊരു സാധാരണക്കാരൻ മാത്രം! ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കത്തോലിക്ക വിശ്വാസികൾ അനുഗ്രഹത്തിനായി കാത്തുനിൽക്കുന്ന  ലിയോ പതിനാലാമൻ മാർപാപ്പ കസ്റ്റമർ കെയർ പ്രതിനിധിയുടെ കടുംപിടുത്തത്തിന് മുന്നിൽ അക്ഷരാർത്ഥത്തിൽ കുഴങ്ങിപ്പോയ രസകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
 

തന്റെ ബാങ്ക് അക്കൗണ്ടിലെ ഫോൺ നമ്പറും വിലാസവും മാറ്റാനായി ഷിക്കാഗോയിലെ ബാങ്കിലേക്ക് വിളിച്ചതായിരുന്നു അദ്ദേഹം. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന തന്റെ പഴയ പേരിൽ വിളിച്ച പോപ്പ് എല്ലാ സുരക്ഷാ ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നൽകി. എന്നാൽ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അത് മതിയാകുമായിരുന്നില്ല. വിവരങ്ങൾ മാറ്റണമെങ്കിൽ നേരിട്ട് ബ്രാഞ്ചിൽ ഹാജരാകണമെന്ന് അവർ കടുപ്പിച്ചു പറഞ്ഞു. വത്തിക്കാനിലാണെന്നും ഇപ്പോൾ നേരിട്ട് വരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല.

ഒടുവിൽ ഗത്യന്തരമില്ലാതെ അദ്ദേഹം ചോദിച്ചു, "ഞാൻ പോപ്പ് ലിയോ ആണെന്ന് പറഞ്ഞാൽ കാര്യങ്ങൾ മാറുമോ?". ഇതുകേട്ട ഉദ്യോഗസ്ഥ ആരോ തമാശ കളിക്കുകയാണെന്ന് കരുതി ഉടൻ തന്നെ ഫോൺ കട്ട് ചെയ്തു. മാർപ്പാപ്പയുടെ അടുത്ത സുഹൃത്തായ ഫാദർ ടോം മക്കാർത്തിയാണ് ഈ അനുഭവം പങ്കുവെച്ചത്. പിന്നീട് മറ്റൊരു പുരോഹിതൻ വഴി ബാങ്ക് പ്രസിഡന്റിനെ ബന്ധപ്പെട്ടാണ് പ്രശ്നം പരിഹരിച്ചത്. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളുടെ ഫോൺ 'കട്ട്' ചെയ്ത കസ്റ്റമർ കെയർ ഉദ്യോഗസ്ഥയെക്കുറിച്ചുള്ള തമാശകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഷിക്കാഗോയിൽ സാധാരണ പശ്ചാത്തലത്തിൽ വളർന്ന പോപ്പ് ലിയോ പതിനാലാമൻ, ഇത്തരത്തിലുള്ള ലളിതമായ ഇടപെടലുകൾ കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയനാണ്. മുമ്പ് പോപ്പ് ഫ്രാൻസിസും സ്ഥാനമേറ്റെടുത്ത ഉടൻ തന്റെ ഹോട്ടൽ ബില്ല് നേരിട്ട് ചെന്ന് അടച്ചത് ഇത്തരത്തിൽ വാർത്തയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക