
ജനനായകരുടെ നായകനെ കാണാൻ ഇന്നലെ പാണക്കാട്ട് പോയി. കോളിളക്കം സൃഷ്ടിച്ച കേരളത്തിലെ 2026 പൊതുതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അപ്രതീക്ഷിതമായ വിജയപ്പേമാരി ഒരു സുനാമി പോലെ ആഞ്ഞടിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ ഭരണം കരസ്ഥമാക്കിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ യുഡിഎഫിന് 102 സീറ്റുകൾ. അതിൽ കേരളക്കരയും ഇന്ത്യയും ആകമാനം മാധ്യമങ്ങൾ അടക്കം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അതിന്റെ അമരക്കാരൻ പാണക്കാട് സയ്യിദ് മുഹമ്മദ് സാദിഖലി ശിഹാബ് തങ്ങളും.
സ്ഥാനാർത്ഥി നിർണയത്തിലും വിജയത്തിലും കിട്ടിയ ഭൂരിപക്ഷത്തിലും ജനകീയ അടിത്തറയിലും വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾക്കുള്ള സ്ഥാനാർത്ഥി പരിഗണനകളിലും എല്ലാം കേരളത്തിലെ മത്സരിച്ച എല്ലാ പാർട്ടികളെയും അപേക്ഷിച്ച് ഒന്നിനൊന്ന് മെച്ചപ്പെട്ടു മികച്ചു നിൽക്കുകയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക. അതിൽ ജാതിക്കോ മതത്തിനോ സമ്പദ് വ്യവസ്ഥയ്‌ക്കോ തറവാടിത്തത്തിനോ പ്രായം ഏറിയ നേതാക്കളോ ഒന്നും സ്ഥാനം പിടിച്ചില്ല. കഴിവും യോഗ്യതയും വിദ്യാഭ്യാസവും ഉള്ള വിവിധ തലങ്ങളിൽപ്പെട്ട ഒരു പുതുമുഖ പട്ടികയായിരുന്നു മുസ്ലിം ലീഗിന്റേത് എന്നുള്ള കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമില്ല.

ഏവരും പ്രതീക്ഷിച്ചതു പോലെ തന്നെ അപ്രതീക്ഷിതമായ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ, പി എം എ സമീർ തുടങ്ങിയ ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടത്. ഫലപ്രഖ്യാപന ദിവസത്തിന്റെ തലേന്ന് രാത്രി നാട്ടിൽ എത്തിയതുകൊണ്ട് പാണക്കാട്ട് പോയി റിസൾട്ട് അറിയുന്ന മുഹൂർത്തത്തിൽ പങ്കാളിയാവണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.
വളരെ ചെറുപ്പത്തിൽ എന്റെ വന്ദ്യ പിതാവ് യു എ ബീരാൻ സാഹിബിനൊപ്പം പാണക്കാട് പൂക്കോയ തങ്ങൾ ഉള്ള കാലത്ത് പാണക്കാടാണ് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനങ്ങൾ വരുന്ന ദിവസം പകൽ സമയം മുതൽ അർദ്ധരാത്രി വരെ ചിലവഴിക്കാറ്. അതൊരു മധുരമായ ഓർമ്മയായി ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുകയാണ്. അന്ന് ഇതുപോലെ വിവിധ ചാനലുകളുടെ മത്സരിച്ചിട്ടുള്ള അവതാരങ്ങളോ മറ്റ് സോഷ്യൽ മീഡിയകളോ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങളോ, വാട്സാപ്പ് സന്ദേശമോ എസ് ടി ഡി സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു കാലഘട്ടം. 1970-കളിൽ ഓൾ ഇന്ത്യ റേഡിയോ ആയിരുന്നു ഏക ആശ്രയം. അന്ന് പാണക്കാട്ട് ചെന്നാൽ പ്രഖ്യാപനം ഇടയ്ക്കിടയ്ക്ക് ബുള്ളറ്റിനായി വരുമ്പോൾ ഒരു പേനയും ഒരു നോട്ട്ബുക്കും പേനയും എടുത്തുകൊണ്ട് പൂക്കോയ തങ്ങൾ എന്നോട് വിജയിച്ചവരുടെ പേരും വിശദവിവരങ്ങളും എഴുതി വെക്കാൻ ആവശ്യപ്പെടും. വാഹന സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലഘട്ടമായിരുന്നിട്ടും അന്നും പാണക്കാട്ട് ധാരാളം ആളുകൾ ഇലക്ഷൻ ഫലപ്രഖ്യാപന ദിവസം പല ദിക്കുകളിൽ നിന്നും എത്തിയിരുന്നു. വരുന്നവരെല്ലാം "എന്തായി, എന്തായി" എന്ന് ആകാംഷ പൂർവ്വം ചോദിക്കുമ്പോൾ തങ്ങൾ എന്നെ ചൂണ്ടിക്കാണിക്കും "അവനോട് ചോദിക്ക്' എന്ന് ആംഗ്യം കാണിച്ചുകൊണ്ട്. അപ്പോൾ ഞാൻ പറയും "കണ്ണൂർ ജില്ലയിൽ ഇന്ന ആളുകൾ മുന്നിട്ട് നിൽക്കുന്നു, ഇന്ന ആളുകൾക്ക് സാധ്യതയുണ്ട്, തിരുവനന്തപുരത്തുള്ള സ്ഥിതിഗതികൾ ഇങ്ങനെയാണ്..." എന്നെല്ലാം. ഒരു ബുള്ളറ്റിൻ പോലെ എന്റെ വക പൊടിപ്പും തൊങ്ങലും ചേർത്തിട്ട് ഒരു പ്രഖ്യാപനം വിശദീകരിച്ചു കൊടുക്കലുണ്ട്. അത് കഴിഞ്ഞ് വീണ്ടും കുറച്ച് കഴിയുമ്പോഴേക്കും റേഡിയോ എല്ലാവരും നിശബ്ധരായി സസൂക്ഷ്മം ശ്രവിക്കും.

വിജയ വാർത്തകൾ കേൾക്കുമ്പോൾ സന്തോഷവും ആരവവും ആഹ്ലാദപ്രകടനങ്ങളും എല്ലാം ഉണ്ടാകും. അന്ന് മലപ്പുറത്തായിരുന്നു എന്റെ പിതാവ് മത്സരിച്ചിരുന്നത്. തൊട്ടടുത്തുള്ള അവിടെ വിജയം ആഹ്ലാദത്തോടെ അനുബന്ധിച്ച് വലിയ പ്രകടനം നടക്കുന്നു എന്ന് അറിഞ്ഞപ്പോൾ അന്ന് അൽ അസ്ഹറിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരുന്ന ശിഹാബ് തങ്ങളുടെ കൂടെ ആ പ്രകടനം കാണാൻ ഒരു കാറിൽ പോയത് ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. കുന്നിൻ മുകളിൽ നിന്ന് ആ ശക്തിപ്രകടനവും ആവേശവും വളരെ സന്തോഷപൂർവ്വം വീക്ഷിച്ച ഓർമ്മയാണ് എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ജനക്കൂട്ടം. ഞാനും ബഹുമാന്യനായ ശിഹാബ് തങ്ങളും കാറിന്റെ പുറകിലത്തെ സീറ്റിലിരുന്ന് അവരുടെ മുദ്രാവാക്യങ്ങളും ചേഷ്ടകളും അന്നത്തെ കാലത്തുള്ള ആ ആവേശവും എല്ലാം കൺകുളിർക്കെ മനസ്സറിഞ്ഞ് ആസ്വദിച്ചു.
ഇപ്രാവശ്യം നാട്ടിൽ ഉണ്ടായിരുന്നിട്ടും ഫലപ്രഖ്യാപന നാളിൽ എനിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിലും ഇന്നലെ ഞാൻ പാണക്കാട് പോയി. അവിടെ ചെന്നപ്പോൾ റോഡ് നിറയെ വാഹനങ്ങൾ, ആൾക്കൂട്ടം.അകത്തേക്ക് കയറി ചെന്നപ്പോൾ തന്നെ തങ്ങളുടെ കൂടെ ഇലക്ഷൻ പ്രചരണത്തിന് ചുക്കാൻ പിടിച്ച സംസ്ഥാന ലീഗ് സെക്രട്ടറി പി എംഎ സലാം സാഹിബിനെ കണ്ടു. കെട്ടിപ്പിടുത്തത്തിനും കുശലാന്വേഷണത്തിനും ശേഷം വിജയശ്രീലാളിതരായ അഡ്വ. ഷംസുദ്ദീനും പി കെ ബഷീറും. ജയിച്ചവരും തോറ്റവരും സ്ഥാനാർത്ഥി ക്വോട്ട കിട്ടാത്തവരും വിവിധ ആവശ്യങ്ങളുമായി വന്നിട്ടുള്ളതുമായ ആയിരക്കണക്കിന് ആളുകൾ. കൂട്ടത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമങ്ങളും അവരുടെ ക്യാമറകളും നിരനിരയായി പല സ്ഥലങ്ങളിൽ നിൽക്കുന്നു. പലർക്കും തങ്ങളുടെ ഇന്റർവ്യൂ വേണം.
തങ്ങൾ നിന്നുതിരിയാൻ സാധിക്കാത്ത തിരക്കിലായിരുന്നിട്ടും ആരോ പറഞ്ഞതനുസരിച്ച് എന്റെ അടുത്ത് വന്ന് സൗഹൃദം പുതുക്കാനും കുറച്ച് നേരം പതിവ് തമാശകൾ പറയാനും സമയം കണ്ടെത്തി. മറ്റ് ആവശ്യങ്ങളുമായൊന്നും ചെന്നതല്ലാത്തതുകൊണ്ട് സന്തോഷത്തിൽ പങ്കുചേർന്ന് വേഗം മടങ്ങാമെന്ന് കരുതി. പതിവുപോലെ ചായ കുടിച്ച് പോയാൽ മതി എന്ന് തങ്ങൾ പറഞ്ഞതുകൊണ്ട് ചായയും കുടിച്ച് അവിടുന്ന് ഇറങ്ങി.
ജയിച്ച ടി വി ഇബ്രാഹിം, അഡ്വക്കേറ്റ് റഹ്മത്തുള്ള, അഷ്‌റഫ് അലി, ഗഫൂർ തൊട്ടു ഷാഫി ചാലിയം,ഡോക്ടർ ഫസൽ ഗഫൂറിന്റെ മകൻ,ബ്ലോഗ്ഗർ സുഹൈറി വരെ അവിടെ സന്തോഷം പങ്കിട്ടു ഉണ്ടായിരുന്നു. മുനവർ തങ്ങളുടെയും, കുഞ്ഞാലികുട്ടി സാഹിബ് തുടങ്ങിയവരുടെയും മറ്റു തങ്ങന്മാരുടെയും വീട്ടിലും ആൽക്കൂട്ടത്തിന് ഒരു കുറവുമില്ല. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി സാഹിബിനെ കാണാൻ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം നിന്നും കേരളത്തിന് പുറത്തുനിന്നും വിവിധ ശ്രേണിയിൽപ്പെട്ട ആളുകൾ അതിരാവിലെ മുതൽ നിരനിരയായി കാത്തിരിക്കുകയാണ്. പലരുടെ കയ്യിലും പൂച്ചെണ്ടുകളും മറ്റുമുണ്ട് . പലരും പ്രിയ നേതാവിനെ , ഭാവി ഭരണാധികാരിയെ ഒരുനോക്ക് കാണാനും ആശംസകൾ അർപ്പിക്കാനും എത്തിയതാണ്. ഏതായാലും തിരക്കിനിടയിൽ കുഞ്ഞാലിക്കുട്ടി സാഹിബുമായും മറ്റ് വിജയിച്ചവരും തോറ്റവരുമായ എല്ലാ സ്ഥാനാർത്ഥികളെയും മറ്റുള്ളവരെയും കാണുകയും കുശലാന്വേഷണം നടത്തുകയും ചെയ്ത ശേഷം കോട്ടയ്ക്കലേക്ക് മടങ്ങാനും സാധിച്ചു.
ഈ അവസരത്തിൽ എന്റെ മനസ്സിൽ ഉയരുന്ന ചില ചിന്തകളുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഒന്നാം ഭരണത്തിൽ നല്ലൊരു ഭരണം കാഴ്ചവെച്ചു എന്നുള്ളതാണ് എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം. പ്രത്യേകിച്ച് വെള്ളപ്പൊക്കവും കോവിഡും എല്ലാം ഉണ്ടായ സാഹചര്യം വളരെ നന്നായി മറികടക്കുകയും പല ജനകീയ പ്രവർത്തനങ്ങളും നടത്തുകയും ചെയ്തത് അഭിനന്ദനാർഹമാണ്. പ്രവാസികളായ ഞങ്ങളെ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ലോക കേരള സഭ സംഘടിപ്പിച്ചതും അതിന്റെ വിശകലനങ്ങൾക്കായി ധാരാളം സമയം കണ്ടെത്തിയതും പ്രശംസിക്കാതെ വയ്യ. വേണ്ടത്ര വിജയിച്ചില്ലെങ്കിലും ആ ശ്രമം നല്ലതായിരുന്നു.
എന്നാൽ, രണ്ടാം ഘട്ടത്തിൽ ഇപ്പോൾ എല്ലാവർക്കും അറിയാവുന്നതുപോലെ പലവിധ ദുഷ്ശക്തികളും ആ നല്ല ഭരണത്തെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നശിപ്പിക്കുകയും ജനങ്ങൾക്കിടയിൽ അതിന്റെ എല്ലാ അവമതിപ്പും ഇല്ലാതാക്കുകയും ചെയ്തു എന്നാണ് എനിക്ക് പറയാനുള്ളത്. അവസാന നിമിഷം വരെ എല്ലാ തെറ്റുകളെയും ന്യായീകരിക്കുന്ന കുറെ ആളുകൾ സോഷ്യൽ മീഡിയയിലുണ്ട്. അവരുടെ മോശം പദപ്രയോഗങ്ങൾ എല്ലാം ജനങ്ങൾ അവജ്ഞയോടുകൂടി തള്ളിക്കളഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന ഒരു വിഭാഗം മോശമല്ല, എങ്കിൽ കൂടി ആവശ്യത്തിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ കൂടിയുള്ള ക്യാപ്സൂൾ വിതരണം വിപരീതഫലം ചെയ്തു. ഇതിന് നേരെ പറയുന്ന അമേരിക്കയിലെ എന്റെ സുഹൃത്ത് അടക്കം ലീഗിന്റെ വനിതാ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ചു. ഒരു കാലത്ത് ലീഗ് വനിതകൾക്ക് സീറ്റ് കൊടുക്കില്ല എന്നുള്ളതായിരുന്നു എല്ലാവരുടെയും വലിയ വിമർശനം. പക്ഷെ സീറ്റ് കിട്ടിയപ്പോൾ അവരെല്ലാം അതിനെ വിമർശിച്ചുകൊണ്ട് പ്രചരണ പോസ്റ്ററുകൾ ഇറക്കുന്നത് കണ്ടിരുന്നു. പക്ഷെ അതിലൊന്നും പ്രതികരിച്ചില്ല.
മെയ് നാലാം തീയതി റിസൾട്ട് വരുമ്പോൾ അവർക്കൊക്കെ സത്യം ബോധ്യപ്പെടും എന്ന് മനസ്സിൽ കണ്ടു. അവസാനമായി ഒരു വാക്ക് കൂടി. കേരളത്തിലും ഇന്ത്യയിൽ തന്നെയും കമ്മ്യൂണിസ്റ്റ് പാർട്ടി അഥവാ ഇടതുപക്ഷ പ്രസ്ഥാനം നിലനിൽക്കണം എന്നാണ് എന്റെ വ്യക്തിപരമായിട്ടുള്ള ആഗ്രഹം. തെറ്റുകൾ തിരുത്തി അവർ മുന്നോട്ട് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
യു.എ. നസീർ, ന്യൂ യോർക്ക്