
ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സിനിമാനിര്‍മാതാവ് ആര്‍.ബി. ചൗധരിക്ക് തമിഴ് സിനിമാലോകം വിടനല്‍കി. ബുധനാഴ്ച മൈലാപ്പുരിലെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ ടി.വി.കെ. നേതാവ് വിജയ് ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
രാജസ്ഥാനില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തുമടങ്ങുമ്പോഴാണ് ചൗധരിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. രജനീകാന്തും ചിരഞ്ജീവിയുമുള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചിരുന്നു. ബുധനാഴ്ച അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വിജയ്, മകനും സിനിമാതാരവുമായ ജീവയെ ആശ്വസിപ്പിച്ചു.
തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി വന്‍വിജയംനേടിയ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ച സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ഉടമയായ രത്തന്‍ലാല്‍ ഭഗത് റാം ചൗധരി(72)1998-ല്‍ സൂപ്പര്‍ എന്ന ബ്രാന്‍ഡുമായാണ് സിനിമാ നിര്‍മാണരംഗത്തുവരുന്നത്. ഗുഡ്നൈറ്റ് ഉടമയായ ആര്‍. മോഹനുമായി സഹകരിച്ച് മലയാളത്തിലായിരുന്നു തുടക്കം. ഇരുവരും വേര്‍പിരിഞ്ഞപ്പോള്‍ അദ്ദേഹം ഗുഡ്നൈറ്റിലെ ഗുഡ് ചേര്‍ത്ത് സൂപ്പര്‍ ഗുഡ് ഫിലിംസിന് തുടക്കമിട്ടു.തമിഴ്‌നാട്ടുകാരിയായ മെഹ്ജബനാണ് ഭാര്യ. ജീവയ്ക്കുപുറമേ ജിത്തന്‍ രമേശ്, സുരേഷ് ചൗധരി, ജീവന്‍ ചൗധരി എന്നിവര്‍ മക്കളാണ്.