Image

ദയവായി മുണ്ടു പൊക്കി കാണിക്കരുത്! (നടപ്പാതയിൽ ഇന്ന് - 140:ബാബു പാറയ്ക്കൽ)

Published on 07 May, 2026
ദയവായി മുണ്ടു പൊക്കി കാണിക്കരുത്! (നടപ്പാതയിൽ ഇന്ന് - 140:ബാബു പാറയ്ക്കൽ)

കേരളത്തിൽ യു ഡി എഫ് വിചാരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നൽകി ജനം അവരെ സംസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ചു. 140 ൽ 102 സീറ്റുകൾ! അവർക്ക് മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടി ഭരണത്തിലിരുന്ന മുഖ്യമന്ത്രി രാജി സമർപ്പിച്ചു. ഗവർണർ രാജി സ്വീകരിച്ചു. ഇനിയിപ്പോൾ കോൺഗ്രസ്സ് അവരുടെ മുഖ്യമന്ത്രി ആരാണെന്നു പറയുക. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കുക. നിയമം അനുശാസിക്കുന്നത് അങ്ങനെയാണ്. പിന്നെയെന്താണിപ്പോൾ പ്രശ്നം? ആരെ മുഖ്യമന്ത്രിയാക്കും എന്നതാണ് കുഴയ്ക്കുന്ന പ്രശ്‌നം. കാരണം, കഴിവുള്ള അനേകം പേരുണ്ട് കോൺഗ്രസ് പാർട്ടിയിൽ. അപ്പോൾ ആരെയെടുക്കും? ഹോ, കൺഫ്യൂഷൻ ആയല്ലോ. ഇതിൽ മൂന്നു പേരാണ് മുൻപന്തിയിൽ നിൽക്കുന്നത്.

ഒന്ന്: വി.ഡി. സതീശൻ, രണ്ട്: രമേശ് ചെന്നിത്തല, മൂന്ന്‌. കെ.സി. വേണുഗോപാൽജി. ഇതിൽ ശ്രീ സതീശന് ഭരണ പരിചയമില്ല എന്നതാണ് മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന ന്യൂനത. ശ്രീ രമേശിനാണെങ്കിൽ പാർട്ടിയിലും ഭരണത്തിലും പല സ്ഥാനങ്ങൾ വഹിച്ചു ഭരണ പരിചയമുള്ള ആളാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്ലസ്. ശ്രീ വേണുഗോപാൽജി ആണെങ്കിൽ ഡൽഹിയിലാണ് അദ്ദേഹത്തിന്റെ പിടിപാട് കൂടുതലും. കോൺഗ്രസ് കേന്ദ്രത്തിൽ ഒരു ദിവസം അധികാരത്തിൽ വരുമെന്നും അന്ന് ഒരു പക്ഷേ പ്രധാനമന്ത്രിയായി പോലും പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ആളുമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അഭിപ്രായപ്പെടുന്നത്. അതിലുപരി, സോണിയാജിയുടെ വീട്ടിലെ അടുക്കള മുതൽ ഔട്ട്ഹൗസ് വരെ എല്ലാ മുറികളും കൃത്യമായി അറിയാവുന്ന ആളാണെന്ന പ്രത്യേകതയുമുണ്ട്. അപ്പോൾ പിന്നെ ഇതിൽ ആരെയെടുക്കും?

തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. ആരാണീ ഹൈക്കമാൻഡ്? ശ്രീ രാഹുൽജിയും സോണിയാജിയും വേണുഗോപാൽജിയും കൂടുന്നതാണ് ഹൈക്കമാൻഡ്! അപ്പോൾ പിന്നെ വേണുഗോപാൽജി തന്നെയാവണം അവരുടെ ചോയ്‌സ്. അദ്ദേഹം പറയുന്നത് കേരളത്തിലെ 63 എം എൽ എ മാരിൽ ഭൂരിഭാഗവും പിന്തുണയ്ക്കുന്നത് അദ്ദേഹത്തെ തന്നെയാണെന്നാണ്. അപ്പോൾ പിന്നെ അവരുടെ അഭിപ്രായം മാനിക്കണമല്ലോ. പക്ഷേ, ഇതിനിടയിൽ വേറെ കുറച്ചു പേരുണ്ട്. ഇവർ ബോധപൂർവ്വം മറക്കുന്ന, ഇവർക്ക് വോട്ടു ചെയ്‌തു ജയിപ്പിച്ച ജനങ്ങൾ! അവരുടെ പ്രതീക്ഷ എന്താണെന്ന് ആരും തെരക്കുന്നില്ല.

കേരളം പിണറായി വിജയൻറെ ഏകാധിപത്യ ഭരണം കൊണ്ട് ശ്വാസം മുട്ടിയപ്പോൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തി കേരളത്തിലെ വോട്ടർമാരായ ജനങ്ങളെ എന്തുകൊണ്ട് കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്ന് പറഞ്ഞു മനസ്സിലാക്കിയ നേതാവാണ് വി.ഡി. സതീശൻ. കഴിഞ്ഞ 5 വർഷം പ്രതിപക്ഷ നേതാവായിരുന്നിട്ടും പിണറായിക്കെതിരേ ഒരു ഹർത്താൽ നടത്താനോ സെക്രട്ടറിയേറ്റ് ഉപരോധിച്ചു സമരം നടത്താനോ ഒന്നും അദ്ദേഹം മെനക്കെട്ടിട്ടില്ല എന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. അത് ശരിയാണ്. എന്നാൽ അങ്ങനെ ഒരു സമരമോ ഹർത്താലോ നടത്തിയാൽ ജനങ്ങൾക്ക് കഷ്ടപ്പാട് ഉണ്ടാക്കാമെന്നതിലുപരി എന്ത് നേട്ടമാണുണ്ടാകുക? ശ്രീ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നു സമരം നടത്തിയിട്ടെന്തുണ്ടായി? പിണറായിക്കു തുടർഭരണം കൊടുത്തു എന്ന സത്യം കൂടി നാം ചിന്തിക്കണം. ശ്രീ സതീശൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് നടത്തിയ സംവാദവും അടുത്ത പത്തോ പതിനഞ്ചോ വർഷം കൊണ്ട് കേരളത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും അക്കാര്യത്തിൽ അദ്ദേഹത്തിന്റെ വിഷൻ എന്താണെന്നും അദ്ദേഹം വിശദീകരിക്കുന്നത് കേട്ടു. 
ഇന്ന്  കേരളത്തിന് വേണ്ടത് സമരമല്ല, വ്യവസായികളെ ആകർഷിക്കുന്ന വികസനമാണ്. കേരളത്തിൽ നിന്നും പലായനം ചെയ്യുന്ന യുവാക്കളെ തിരിച്ചു കൊണ്ടുവരാൻ എന്ത് ചെയ്യാൻ പറ്റും എന്നു ചിന്തിക്കാൻ കഴിവുള്ള നേതാക്കളെയാണ് വേണ്ടത്. കഴിഞ്ഞ 50 വർഷം കേരളത്തിൽ സമരം മാത്രം ചെയ്‌തു വികസനം മുടക്കി നാട് മുടിച്ചു മുന്തക്കോല് തള്ളിയ പാർട്ടിയെ അറബിക്കടലിൽ എറിയാനുള്ള ആർജ്ജവം കാട്ടിയ ജനങ്ങളെ കോൺഗ്രസ് നേതൃത്വം  കുറച്ചു കാണരുത്. ഇപ്പോഴത്തെ കേരളം വികസനം ആഗ്രഹിക്കുന്നവരാണ്. അഴിമതിയില്ലാത്ത, സ്വജനപക്ഷപാതമില്ലാത്ത വികസന സാധ്യതകൾ കൊണ്ടുവരാൻ കെൽപ്പുള്ള ഒരു ഭരണാധികാരിയാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ശ്രീ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പരിഗണിക്കുമെന്നാണ് ഭൂരിഭാഗം ജനങ്ങളും കരുതുന്നത്.

ശ്രീ കെ. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഭിപ്രായപ്പെട്ടപ്പോൾ എം.പി. മാർ മത്സരിക്കേണ്ടതില്ല എന്ന് അസഗ്നിദ്ധമായി പ്രഖ്യാപിച്ചതാണ് ഹൈക്കമാൻഡ്. ഇപ്പോൾ ശ്രീ വേണുഗോപാൽജിയെ കെട്ടിയിറക്കിയാൽ ആറുമാസത്തിനകം അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ലോക്‌സഭാസീറ്റിലും കഷ്ടപ്പെട്ട് തെരഞ്ഞെടുപ്പിൽ ജയിച്ച ഒരു എം എൽ എ യെ രാജി വയ്പ്പിച്ച് അവിടെ നിയമസഭാസീറ്റിലും പുതിയ തെരഞ്ഞെടുപ്പ് നടത്തണം. അനാവശ്യമായി കോടികൾ ചെലവഴിക്കുന്ന ധൂർത്ത്. അങ്ങനെയെങ്കിൽ ഈ ഹൈക്കമാൻഡിന്റെ വാക്കിന് എന്ത് വിലയാനുള്ളത്?   
ഇവിടെ സീനിയോറിറ്റിയോ ഭരണപരിചയമോ ഡൽഹിയിലെ പിടിപാടോ അല്ല കണക്കിലെടുക്കേണ്ടത്. ഭരണപരിചയമാണ് മാനദണ്ഡം എങ്കിൽ രാഹുൽ ഗാന്ധിയുടെ അച്ഛൻ പ്രധാനമന്ത്രിയായപ്പോൾ എത്ര ഭരണപരിചയം ഉണ്ടായിരുന്നു എന്നു ചിന്തിക്കണം. ഇനി നേതൃത്വത്തിന്റെ ചെങ്ങാത്തമാണ് മാനദണ്ഡമെങ്കിൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിൽ ജനങ്ങൾ വിജയിപ്പിച്ച 63 എം എൽ എ മാരെയും അവരെ തെരഞ്ഞെടുത്ത ജനങ്ങളെയും ഹൈക്കമാൻഡ് മുണ്ടു പൊക്കി കാണിക്കുന്നതിന് തുല്യമാണത്. വീണ്ടും 'ഞങ്ങൾക്ക് പിണറായി മതി' എന്ന് ജനങ്ങളെക്കൊണ്ട് പറയിക്കരുത്!

Read More: https://www.emalayalee.com/writer/170

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക