Image

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ വ്യക്തമാക്കുന്ന ഫലങ്ങൾ (അശോകൻ വേങ്ങശ്ശേരി)

Published on 06 May, 2026
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ വ്യക്തമാക്കുന്ന ഫലങ്ങൾ (അശോകൻ വേങ്ങശ്ശേരി)

ബംഗാൾ, ആസ്സാം, തമിഴ്നാട്, കേരളം എന്നീ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി എങ്ങനെയായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. പ്രധാനമായും ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഏറിവരുന്നു എന്നത് തന്നെയാണ് അവ പൊതുവെ നൽകുന്ന സന്ദേശം.  അതായതു ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയുടെ എതിരാളികൾ ഒന്നൊന്നായി അടിപതറുന്നു എന്ന വാസ്തവം അത് ഉറക്കെ വിളിച്ചു പറയുന്നു.

കേരളത്തിൽ ഇടതു ഭരണം മാറി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വലതു മുന്നണിയും തമിഴ് നാട്ടിൽ ദ്രാവിഡ പാർട്ടിയായ ഡി എം കെ യെ പിന്തള്ളി സിനിമ നടനായ വിജയിയുടെ പാർട്ടിയും ഭരണത്തിലേറുന്നു എന്നത് ശരിയാണ്. അഞ്ചുവർഷം ഭരിച്ച സ്റ്റാലിനെയും പത്തുവർഷം ഭരിച്ച പിണറായി വിജയനെയും തെരഞ്ഞെടുപ്പിൽ ജനങ്ങൾ പരാജയപ്പെടുത്തി. മോദിയുടെ പാർട്ടിക്ക് ഇരു സംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച വിജയം നേടാനായതുമില്ല.

എന്നാൽ ജനവികാരം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത് മിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരം നടന്നതുകൊണ്ടു മാത്രമാണ് ഇത്തരമൊരു വിജയം കോൺഗ്രസ്സിനും കൂട്ടാളികൾക്കും കേരളത്തിലും തമിഴ് നാട്ടിൽ വിജയിയുടെ തമിഴ് വെട്രി കഴകത്തിനും നേടാൻ കഴിഞ്ഞത് എന്നതാണ്.   ഇവരുടെ ഇപ്പോഴത്തെ വിജയത്തിന്റെ ശോഭ കുറച്ചു കാണാനല്ല ഇത് പറയുന്നത്. മറിച്ചു്, അടുത്ത തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇങ്ങനെയാവണമെന്നില്ല എന്ന് സൂചിപ്പിക്കാനാണ്.   ഇരു സംസ്ഥാനങ്ങളിലെയും മൂന്നു മുന്നണികളിലും സംഭവിക്കാവുന്ന പുനർവിചിന്തനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ആത്യന്തികമായ വിധിനിർണയത്തെ സ്വാധീനിക്കാം.    അതുകൊണ്ടുതന്നെ അടുത്ത തവണയും കോൺഗ്രസ്സ് ഭരണം കേരളത്തിൽ അവർത്തിക്കുമെന്നോ തമിഴ് വെട്രി കഴകം തമിഴ് നാട്ടിൽ തുടരുമെന്നോ തീർച്ചയില്ല. സാധ്യത പരിമിതം എന്നതാണ് യാഥാർഥ്യം.  ചുരുക്കത്തിൽ, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള പ്രയാണത്തിൽ കേരളത്തിലും തമിഴകത്തും ഇപ്പോൾ സംഭവിച്ചിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ അപ്രസക്തം തന്നെ.  കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയ ഭാവിക്കു ഗുണപരമായ ഒരു സംഭാവനയും നല്കാൻ കേരളത്തിലെ അവരുടെ വിജയം പര്യാപ്തമല്ല.

രാജ്യവും ലോകവും ഉറ്റുനോക്കിയ രണ്ടു തെരഞ്ഞെടുപ്പുകൾ നടന്നത് പശ്ചിമ ബംഗാളിലും ആസ്സാമിലുമാണ്.  ഇന്ത്യൻ രാഷ്ട്രീയത്തെ ഇന്നു നിയന്ത്രിക്കുന്ന മോദിയുടെ സ്വീകാര്യതയെ അളക്കുന്നതിനു ഏറ്റവും നിർണ്ണായകമായ രണ്ടു സംസ്ഥാനങ്ങൾ. ബി. ജെ. പി ഭരണം നിലവിലിരുന്ന ആസ്സാമിൽ കൂടുതൽ ശക്തമായി അവർ തിരിച്ചുവരികയും എതിരാളികളായ കോൺഗ്രസ്സിനെ കൂടുതൽ ദയനീയമായി തറപറ്റിക്കുകയും ചെയ്തിരിക്കുന്നു.   പശ്ചിമ ബംഗാളിലാവട്ടെ മോദിയെ ഏറ്റവും ശക്തമായി എതിർത്തുകൊണ്ടിരുന്ന മമത ബാനർജി ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഇനി ഒരു തിരിച്ചുവരവ് അവർക്കുണ്ടാവുമെന്നു അവരോ അടുത്ത അനുയായികളോ പ്രതീക്ഷിക്കുന്നുമുണ്ടാവുകയില്ല.  കാൽ നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനുശേഷം ദൽഹി പിടിച്ചെടുത്ത ബി. ജെ. പി,  മോദിയുടെ ശക്തനായ മറ്റൊരു എതിരാളിയെ നിലം പരിശാക്കിയത് കഴിഞ്ഞ വര്ഷം തുടക്കത്തിലായിരിന്നു.

കോൺഗ്രസ്സിന്റെ സാന്നിധ്യം ആസ്സാമിലെപ്പോലെതന്നെ ബംഗാളിലും പരിതാപകരം എന്നതും കാണാതിരുന്നുകൂടാ. പാവങ്ങൾക്കും ദുർബലർക്കും സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്തു ഭരണത്തിലെത്തി ഏതാണ്ട് മൂന്നര പതിറ്റാണ്ടു ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റു പാർട്ടിയെ പുറത്താക്കിയ മമത കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി ബംഗാളിനെ അടക്കി ഭരിച്ചു വരികയായിരുന്നു. ലാളിത്യത്തിന്റെ പ്രതിരൂപമായി ജനമനസ്സിൽ കുടിയേറിയ അവർക്കു വ്യാപകമായ അഴിമതിയെ നിയന്ത്രിക്കാനോ വര്ഷങ്ങളായി തുടർന്നുവന്നിരുന്ന ഗുണ്ടാരാജിനു അറുതിവരുത്താനോ വികസനം കൊണ്ടുവരാനോ ജനജീവിത നിലവാരം ഏതെങ്കിലും തരത്തിൽ ഉയർത്താനോ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവുകൾ കേരളത്തിലെവിടെയും അടിമകളെപ്പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട പാവങ്ങളെ കാണുമ്പോൾ മനസ്സിലാവും.  

ഏതാനും ആഴ്ചകൾക്കു മുൻപ് ബംഗാളിൽ യാത്ര ചെയ്തപ്പോൾ അവിടുത്തെ അവസ്ഥ ഒരിക്കൽക്കൂടി ബോധ്യപ്പെട്ടിരുന്നു.  തെരഞ്ഞെടുപ്പു കത്തിനിൽക്കുന്ന വേളയിലായിരുന്നു ബംഗാൾ സന്ദർശിച്ചതെങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ വഴിയോരങ്ങളിൽ മരുന്നിനുപോലും കാണാതിരുന്ന കമ്മ്യൂണിസ്റ്റു പാർട്ടി പതാകകളും കോൺഗ്രസ്സ് പതാകകളും ആയിരുന്നു. കൽക്കട്ട നഗരമുൾപ്പെടെ ബി. ജെ. പി പതാകകളും മോദിയുടെ പോസ്റ്ററുകളും നിറഞ്ഞിരുന്നുതാനും.

ഒരു കാലത്തു സാംസ്കാരിക, ബൗദ്ധിക, സാഹിത്യ രംഗങ്ങളിൽ മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും വ്യവസായിക തൊഴിൽരംഗങ്ങളിലും ഏറെ മുന്നിലായിരുന്ന ബംഗാളിനു കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നു വേദനയോടെ പറയുന്ന പ്രവാസികളായ പല മലയാളി കുടുംബങ്ങളെയും കാണുവാൻ കഴിഞ്ഞിരുന്നു. പലരും ബംഗാൾ ഉപേക്ഷിച്ചു കേരളത്തിൽ തിരിച്ചെത്തി. മിക്കവരുടെയും മക്കൾ ബംഗാൾ വിട്ടു മുൻപുതന്നെ എവിടെയൊക്കെയോ കുടിയേറിക്കഴിഞ്ഞു.  ആകെ വിഷാദാത്മകമായ പരിസ്ഥിതി; അതാണ് ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥ.  തൊഴിൽ ശാലകൾ മിക്കതും കമ്മ്യൂണിസ്റ്റു ഭരണകാലത്തുതന്നെ അടച്ചുപൂട്ടിയിരുന്നു. അവയൊന്നും തുറക്കുവാനോ പുതിയ വ്യവസായങ്ങളോ തൊഴിലവസരങ്ങളോ കൊണ്ടുവരാനോ മമത ശ്രമിച്ചതുമില്ല. ചെറുപ്പക്കാർ വഴിയാധാരമായ അവസ്ഥ. അവരുടെ അരക്ഷിതാവസ്ഥ മുതലെടുക്കുവാൻ ആവർത്തിക്കപ്പെടുന്ന തെരഞ്ഞെടുപ്പു സ്റ്റണ്ടുകൾ.

ബംഗാളിൽ ഒരു മാറ്റം അത്യന്താപേക്ഷിതമായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.  എന്നാൽ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിനൊക്കെ അപ്പുറം വലിയ സൂചനകളാണ് ഒരിക്കൽ കമ്മ്യൂണിസം കൊണ്ടു ചുവന്ന ബംഗാൾ നൽകുന്നത്. അത് 2014-ൽ മോദിയുടെ കടന്നുവരവോടെ അടിപതറിയ കോൺഗ്രസ്സിന് സമീപ ഭാവിയിലെങ്ങും ഇന്ത്യയിൽ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന നഗ്നയാഥാർഥ്യമാണ്. ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു കഴിയുമ്പോൾ മോദി കൂടുതൽ ശക്തനാവുകയും മുഖ്യ എതിരാളികൾ നിലംപരിശാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

2024-ലെ പൊതുതെരഞ്ഞെടുപ്പിലേറ്റ പരിക്കുകളെ മറികടന്നു പൂർവാധികം ശക്തനായി മാറുവാൻ മോദിക്കു കഴിഞ്ഞിരിക്കുന്നു. വോട്ടെടുപ്പിൽ തോറ്റതിനു വോട്ടിംഗ് മെഷീനെ പഴിചാരുന്ന പതിവു രീതി ഇത്തവണയും പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ആവർത്തിച്ചിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പു നടക്കുന്ന 2029-ലും അതിനുശേഷവും പലതവണ ഇനിയും അദ്ദേഹത്തിന് അതാവർത്തിക്കേണ്ടിവരും  എന്നാണ് സൂചനകൾ കൊണ്ടു മനസ്സിലാക്കേണ്ടത്. അന്യം നിൽക്കാറായ തറവാട്ടിലെ അവസാനത്തെ കാരണവരായി അദ്ദേഹം വിരാജിക്കുന്നു. ജനങ്ങൾ എതിരായി വിധി എഴുമ്പോഴൊക്കെ ഇംഗ്ളണ്ടിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും എത്തി ഇന്ത്യൻ ജനാധിപത്യം മരിക്കുന്നു എന്നു വിലപിക്കാനാണ് അയാളുടെ യോഗം.

ഏതു ജനാധിപത്യത്തിന്റെയും ആരോഗ്യകരമായ നിലനിൽപിനു ഉത്തരവാദിത്വബോധമുള്ള ഒരു പ്രതിപക്ഷം ആവശ്യമാണ്. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയിൽ അതിനുള്ള ബാധ്യത കോൺഗ്രസ്സിന്റേതാണ്. അതിനു അവർക്കു കഴിയുന്നില്ലായെങ്കിൽ അതിനു മോദിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.  കേരളത്തിലെങ്കിലും അതിനുള്ള സാധ്യതയുണ്ട്. പല ഘടകങ്ങളും വിശകലനം ചെയ്യുമ്പോൾ കേരളത്തിൽ മാത്രമാണ് അതിനുള്ള സാധ്യത. അതുകൊണ്ടു ലഭിച്ചിരിക്കുന്ന സുവർണ്ണാവസരം നഷ്ടപ്പെടുത്താതിരുന്നാൽ നല്ലത്.

ലോകാരാധ്യനായ ഇംഗ്ളീഷ് ചരിത്രകാരനായ അർണോൾഡ് ടോയൻബി ഇന്ത്യയെക്കുറിച്ചു നടത്തിയ വിഖ്യാതമായ ഒരു പ്രവചനം ഓർമ്മവരുന്നു. അദ്ദേഹം പറഞ്ഞു: ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ലോകത്തെ നയിക്കുന്നത് പടിഞ്ഞാറുനിന്നാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തങ്ങളെ കീഴ്‌പ്പെടുത്തിയ എല്ലാവരെയും ഇന്ത്യ കീഴ്പ്പെടുത്തും  (“In the twenty-first century….. India will conquer her conquerors”).  നരേന്ദ്ര മോദി എന്ന ഇന്ത്യൻ നേതാവിലൂടെ ലോകം ഇന്നു സാക്ഷ്യം വഹിക്കുന്നത് ആ യുഗപ്പകർച്ചയുടെ ആരംഭമാണ്.
 

Join WhatsApp News
P R Sreekumar 2026-05-06 16:11:45
Fine analysis and presentation.
പ്രിൻസ് തോപ്രാംകുടി 2026-05-06 17:15:16
ക്ഷമിക്കണം, ഇതൊരു ഏകപക്ഷീയമായ ലേഖനമാണ് . പലതിനോടും യോജിക്കാൻ കഷിയുന്നില്ല .ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിയുടെ എതിരാളികളെ ഒന്നൊന്നായി അടിപതറിക്കുന്നു എന്ന് പറയുന്നതല്ലേ സത്യം ? റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ കണക്കനുസരിച്ച്, 2014 ൽ മോദി അധികാരമേറ്റതിനുശേഷം ഏകദേശം 150 പ്രതിപക്ഷ രാഷ്ട്രീയക്കാരെ ഇഡി വിളിച്ചുവരുത്തുകയോ ചോദ്യം ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. സിബിഐയുടെ മദ്യനയ കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ ഡൽഹി കോടതി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോഡിയയെയും കുറ്റവിമുക്തരാക്കി. കൂടാതെ, 2026 ജനുവരിയിൽ, ഇഡി സമൻസ് ലംഘിച്ചതിന് കേസുകളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ശരിയാണ് , കോൺഗ്രസ് ഒരു നല്ല പ്രതിപക്ഷ പാർട്ടിയായി ഉയർന്നില്ല എന്നത് . ഒരു കാര്യം വ്യക്തമാണ് ഹിന്ദി ബെൽറ്റിന് വെളിയിൽ മോദിജി ഒരു പരാജയമാണ് . ഇന്ത്യ വിശ്വഗുരുവാണെന്ന് മോദിജി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ലോകമാകെ സഞ്ചരിച്ച് വിവിധ രാഷ്ട്രനേതാക്കളെ ആമോദത്തോടെയും ആഹ്ളാദത്തോടെയും കെട്ടിപ്പിടിച്ചിരുന്ന കാലം. മാതാ അമൃതാനന്ദമയിയെ മാറ്റിനിർത്തിയാൽ ഒരു പക്ഷേ, ഇത്രയധികം ആലിംഗനങ്ങൾ മറ്റൊരാളും നടത്തിയിട്ടുണ്ടാവില്ല. അമേരിക്കയെ വരെ മുട്ടിന്മേൽ നിർത്താൻ കെൽപുള്ള നേതാവാണ് മോദിജി എന്നായിരുന്നു ആരാധകരുടെ വായ്ത്താരി. കഴുത്തിന് ചവിട്ട് കിട്ടുമ്പോൾ അത് നന്നായി, പിടലിക്കൊരു ഉളുക്കുണ്ടായിരുന്നത് മാറിക്കിട്ടി എന്ന് പറയുന്നതപോലെയാണ് വിനീത വിധേയയായി ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയുടെ പ്രതിച്ഛായ ഇതിനു മുമ്പൊരിക്കലും ഇതുപോലെ അന്താരാഷ്്രടതലത്തിൽ തകർന്നു തരിപ്പണമായ കാലമുണ്ടായിട്ടില്ല. ഇപ്പോൾ അടുപ്പിൽ തീ പുകയണമെങ്കിൽ അമേരിക്കയോട് കെഞ്ചേണ്ട സ്ഥിതിയായി . പ്രിൻസ് തോപ്രാംകുടി .
വർഗീസ് മേട്ടൂരാൻ 2026-05-06 18:58:59
അശോകൻ വേങ്ങശ്ശേരിയോട് പൂർണ്ണമായി വിയോജിക്കുന്നു. അദ്ദേഹത്തിൻറെ വാദമുഖങ്ങൾ തള്ളിക്കളയുന്നു. Prince Thoprankudi എഴുതിയതാണ് ശരി.
ചെല്ലപ്പനാശാരി 2026-05-06 21:29:46
നരേന്ദ്ര മോദി എന്ന ഇന്ത്യൻ നേതാവ് വാഗ്ദാനം ചെയ്ത തേനും പാലും ഒഴുകുന്ന ഭാരത്തിൽ നിന്നും കഷിഞ്ഞ വർഷങ്ങളിൽ അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയത് ലക്ഷകണക്കിന് ഭാരതീയരാണ് . അതിൽ കൂടുതലും മോദിയുടെ ഗുജറാത്തിൽ നിന്നും , പഞ്ചാബിൽ നിന്നും. ബംഗാളിനു കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ ഗുണപരമായ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നു കുറ്റം പറയുമ്പോൾ , ഈ ഗുജറാത്തികളും പഞ്ചാബികളും എന്ത് കൊണ്ട് ഭാരതം വിടുന്നു എന്ന് സ്വയം ഒരു അവലോകനം ചെയുന്നത് നല്ലതായിരിക്കും (2025 ൽ 3,800 ൽ അധികം ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തി അതും ചങ്ങലയിട്ട്) ചെല്ലപ്പനാശാരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക