
പാലായുടെ സ്വന്തം കെ.എം മാണി ചങ്കില്‍ കൊണ്ടുനടന്ന പാര്‍ട്ടിയുടെ സിറ്റീയറിങ് അദ്ദേഹത്തിന്റെ മകനിലേയ്‌ക്കെത്തിയപ്പോള്‍ തകര്‍ന്നിടിയുന്നതാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇടതു മുന്നണിയില്‍ മനസില്ലാമനസോടെ നിന്ന് 12 സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി സമ്പൂര്‍ണ തോല്‍വി നേരിട്ടതോടെ ഒരു പിളര്‍പ്പ് ആസന്നമായിരിക്കുന്നുവെന്നാണ് വിവരം. പാര്‍ട്ടിയുടെ വളര്‍ച്ച പിളര്‍പ്പിലൂടെയാണെന്ന കെ.എം മാണിയുടെ സിദ്ധാന്തം ഒരിക്കല്‍ക്കൂടി അന്വര്‍ത്ഥമായാല്‍ അതിലൊട്ടും അത്ഭുതപ്പെടേണ്ടതില്ല.വളരുന്തോറും പിളരുന്ന, അല്ലെങ്കില്‍ പിളരുന്തോറും വളരുന്ന ഈ പാര്‍ട്ടി 1962-ല്‍ ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന മൂന്നാം മന്ത്രിസഭയുടെ കാലത്ത് പിറന്നതു തന്നെ കോണ്‍ഗ്രസിനെ പിളര്‍ത്തിക്കൊണ്ടാണല്ലോ.
വിവാദ കാറപകടത്തെ തുടര്‍ന്ന് മന്ത്രി പി.ടി ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നത എത്തിയത് ആ പാര്‍ട്ടിയിലെ പിളര്‍പ്പിലേക്കാണ്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. 1964-ല്‍ ചാക്കോയുടെ ആകസ്മിക മരണത്തോടെ പ്രശ്‌നം രൂക്ഷമായി. ചാക്കോയെ അനുകൂലിച്ചിരുന്ന എം.എല്‍.എമാരില്‍ 15 പേര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. ഉപനേതാവ് ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു. ഇതാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ആയി മാറിയത്. 62 കൊല്ലം മുമ്പുണ്ടായ പിറവി മുതല്‍ ഇന്നുവരെ പാര്‍ട്ടി എത്രവട്ടം പിളര്‍ന്നു, എത്ര കേരളാ കോണ്‍ഗ്രസ് ബ്രാക്കറ്റ് പാര്‍ട്ടികള്‍ ഉണ്ടായി എന്ന് ചേദിച്ചാല്‍ അത്ര എളുപ്പത്തില്‍ മറുപടി പറയാനാവില്ല.
2025 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞടുപ്പില്‍ ഇടതു മുന്നണിക്ക് അടിപതറിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനും കനത്ത ആഘാതമുണ്ടായി. അതോടെ യു.ഡി.എഫിലേയ്ക്ക് തിരിച്ചുപോകാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തീരുമാനിച്ചതായിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തിന്റെ അധികാര സുഖം നുണഞ്ഞിരുന്ന റോഷി അഗസ്റ്റിന്‍ ജോസ് കെ മാണിയെ ബ്രെയിന്‍വാഷ് ചെയ്ത് പിന്തിരിപ്പിക്കുകയായിരുന്നു. യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ മനസുകൊണ്ട് സ്വാഗതം ചെയ്തിരുന്നു. മന്ത്രി സ്ഥാനം വേണ്ടെന്ന് വച്ച് അന്ന് യു.ഡി.എഫിലേയ്ക്ക് പോയിരുന്നെങ്കില്‍ ഈ വമ്പന്‍ തോല്‍വി ഒഴിവാക്കാമായിരുന്നുവെന്നാണ് ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളും ചിന്തിക്കുന്നത്. വിസ്മയ വിജയം നേടിയ യു.ഡി.എഫിന് ഇനി ജോസിന്റെ കൂട്ട് ആവശ്യമില്ലതാനും.
അതി ദയനീയമായ തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. തോല്‍വിക്ക് കാരണം റോഷി അഗസ്റ്റിനാണെന്ന് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണന്‍ പുതിയേടത്ത് കുറ്റപ്പെടുത്തുന്നു. മുന്നണി മാറ്റത്തിനുള്ള അവസരം ലഭിച്ചപ്പോള്‍ ഉപയോഗിച്ചില്ലെന്നും റോഷി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തുവെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മുന്നണിമാറ്റം സംഭവിച്ചിരുന്നെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തവിധമുള്ള പരാജയം നേരിടേണ്ടിവരില്ലായിരുന്നു എന്നുള്ളതാണ് ഉയരുന്ന വിമര്‍ശനം. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാണ് റോഷിയെ മുന്നണിയില്‍ നിര്‍ത്തിയത് എന്നതടക്കമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. യു.ഡി.എഫുമായി ഒരു ചര്‍ച്ച നടക്കുന്ന ഘട്ടത്തില്‍ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത റാന്നി എം.എല്‍.എ ആയിരുന്ന പ്രമോദ് നാരായണനെതിരേയും ആരോപണമുണ്ട്.
അങ്ങനെ മുഖ്യമന്ത്രി വിവരമറിഞ്ഞെന്നും റോഷിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കപ്പെടുന്നു. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തോറ്റപ്പോള്‍ ഇടുക്കിയില്‍ കനത്ത തോല്‍വിയാണ് റോഷി അഗസ്റ്റിന് നേരിടേണ്ടിവന്നത്. ഭരണവിരുദ്ധ വികാരം ശക്തമാകുകയും യു.ഡി.എഫ് തരംഗം ആഞ്ഞുവീശുകയും ചെയ്തപ്പോള്‍ അതിന്റെ ഏറ്റവും വലിയ ഇരയായി മാറുകയായിരുന്നു കേരള കോണ്‍ഗ്രസ് (എം). ജോസ് കെ മാണിയുടെ തോല്‍വിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് രാജിവെയ്ക്കുകയും ചെയ്തു. മുന്നണി മാറാത്തതില്‍ നേതാക്കളിലും അണികളിലും ഭിന്നതയുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയില്‍ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ല്‍ 12 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്. 2016-ല്‍ യു.ഡി.എഫിന്റെ ഭാഗമായും അഞ്ച് സീറ്റിലാണ് പാര്‍ട്ടി വിജയിച്ചത്.
പാര്‍ട്ടിയിലെ രണ്ടാമനായ റോഷി അഗസ്റ്റിന്റെ 23,822 വോട്ടുകളുടെ പരാജയം ഏവരെയും ഞെട്ടിച്ചപ്പോള്‍ 2021-ല്‍ സംഭവിച്ചതിന് സമാനമായ തോല്‍വി ജോസ് കെ മാണിക്കും സംഭവിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ എം.ജെയോട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മറ്റ് മണ്ഡലങ്ങളിലും സമാനമായ തിരിച്ചടിയുണ്ടായി. മുതിര്‍ന്ന നേതാവ് എന്‍ ജയരാജിന്റെ കാഞ്ഞിരപ്പള്ളിയിലെ തോല്‍വിയും പാര്‍ട്ടിയെ ഞെട്ടിച്ചു. നിര്‍മല ജിമ്മി കടുത്തുരുത്തിയില്‍ പരാജയപ്പെട്ടപ്പോള്‍ മാത്യൂ കുന്നപ്പള്ളി ഇരിക്കൂര്‍ പരാജയപ്പെട്ടു. ബിജു ചിറയത്ത് ചാലക്കുടിയില്‍ തോല്‍വി ഏറ്റുവാങ്ങി. അഡ്വ. ജോബ് മൈക്കിള്‍ ചങ്ങനാശേരിയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ പ്രമോദ് നാരായണന്‍ റാന്നിയില്‍ പരാജയപ്പെട്ടു. സിറിയക് ചാഴിക്കാടന്‍ തൊടുപുഴയിലും സാബു കെ ജേക്കബ് പിറവത്തും ബേസില്‍ പോള്‍ പെരുമ്പാവൂരും പരാജയപ്പെട്ടതോടെ കേരളാ കോണ്‍ഗ്രസ് എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 54,426 വോട്ടുകളാണ് ജോസ് കെ മാണിക്ക് ലഭിച്ചത്. 69,804 വോട്ടുകള്‍ നേടി മാണി സി കാപ്പന്‍ നിയമസഭയില്‍ എത്തുകയും ചെയ്തു. ഇത്തവണ 47,808 വോട്ടുകളാണ് ജോസ് കെ മാണിക്ക് നേടാനായത്. 50,799 വോട്ടുകള്‍ നേടി മാണി സി കാപ്പന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് 35,304 വോട്ടുകള്‍ നേടിയെന്നത് ശ്രദ്ധേയമാണ്. ഷോണ്‍ ജോര്‍ജ് പിടിച്ച വോട്ടുകളും ജോസിന് തിരിച്ചടിയായി.അങ്ങനെ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതല്‍ ബാധിച്ച പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം). ഈ തോല്‍വി പാര്‍ട്ടിയുടെ ഭാവിയെ കുറിച്ചുള്ള ഗൗവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.