Image

‘സോമരാഗപ്പൂക്കളുറങ്ങിയ നിർമ്മാല്യഹാരം ചൂടിയ ഇന്നലെ’ (ലേഖനം: സിസിൽ കുടിലിൽ)

Published on 06 May, 2026
‘സോമരാഗപ്പൂക്കളുറങ്ങിയ നിർമ്മാല്യഹാരം ചൂടിയ ഇന്നലെ’ (ലേഖനം: സിസിൽ കുടിലിൽ)

‘കാറ്റെടുത്തുപോയ മേഘക്കീറ് 
കടൽ വിഴുങ്ങിയ കരത്തരി
ഒരാഘാതം അടർത്തിയെടുത്ത 
അവളുടെ ഇന്നലെകൾ’

ഒരു സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകത്തിന് ഇത്രയേറെ സാഹിത്യഭംഗി നൽകണമെങ്കിൽ പത്മരാജനെന്ന അതുല്യ സാഹിത്യകാരനു മാത്രമേ സാധിക്കുമായിരുന്നുള്ളു. തമിഴ് നോവലിനെ ആസ്പദമാക്കി പി. പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും 1990-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഇന്നലെ’. കഥ തുടങ്ങുന്നത് തന്നെ ഒരു വലിയ ദുരന്തത്തോടെയാണ്. അർദ്ധരാത്രിയിൽ അലറിപ്പെയ്ത മഴയിൽ എപ്പോഴോ നടന്ന ഒരു ബസ് അപകടം. കാറ്റും മഴയും വകവയ്ക്കാതെ നടന്ന രക്ഷാപ്രവർത്തനമായിരുന്നു പിന്നീട് കണ്ടത്.

വിജയവാഡയിൽ നിന്ന് വന്ന തീർത്ഥാടകരായ ഒരു സംഘം ടൂറിസ്റ്റുകളായിരുന്നു ആ ബസ്സിലുണ്ടായിരുന്നത്. കുറെ ദൂരം ട്രെയിനിൽ സഞ്ചരിച്ച ശേഷമായിരുന്നു അവർ ബസ്സിൽ യാത്ര തുടർന്നത്. നാടിനെ നടുക്കിയ ആ ബസ് അപകടത്തിൽ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട പെൺകുട്ടിയോട് ഹോസ്പിറ്റലിൽ വെച്ച് ഡോ. സന്ധ്യ ചോദിക്കുന്നു.

“ഇന്നലെ നമ്മൾ കണ്ടതല്ലേ...” എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ച് പരാജിതയായ അവൾ പറഞ്ഞു.

“അതെ… ഇന്നലെ...”

ഓർമ്മകളിൽ മഞ്ഞുമൂടിക്കിടക്കുന്ന അവളുടെ ഇന്നലെകൾ. പുലർക്കാലങ്ങളിൽ കാണുന്ന സ്വപ്നം പോലെ ഇന്നലെകൾ മറവിയിലേക്ക് ആണ്ടു പോയ മായ. ശരിക്കും അവൾ ഗൗരിയായിരുന്നു; ഒരു രാത്രിയിലെപ്പോഴോ നടന്ന ദുരന്തത്തിൽ ഭൂതകാലത്തിന്റെ ഓർമ്മകൾ നഷ്ടമായ ഗൗരി. ഹോസ്പിറ്റലിൽ മായ തന്റെ പൂർവ്വകാലം ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ ശരത്ത് പറയുന്നുണ്ട്.
“നമ്മുടെ ഓർമ്മയിൽ വരാത്ത കാലം നമുക്കുള്ളതല്ല എന്നു വിചാരിച്ചേക്കണം. അറിയാത്ത കാലത്തേക്കുറിച്ച് ഓർത്തു വിഷമിക്കുന്നതിനേക്കാൾ നല്ലതല്ലേ, വരാൻ പോകുന്ന ദിവസങ്ങളിൽ എന്തു ചെയ്യണമെന്ന് ആലോചിക്കുന്ന്...”

ഓർഫനേജിൽ വളർന്ന അനാഥ പെൺകുട്ടിയായതു കൊണ്ടാകാം തിരക്കിവരാൻ സ്വന്തക്കാരോ ബന്ധുക്കളോ ആരും തന്നെ ഉണ്ടായിരുന്നില്ല. മായയുടെ ഓർമ്മയിലെ ചില ഏടുകൾ മാത്രം മറവിയിലാണ്ടുപോയി. ഹോസ്പിറ്റലിന്റെ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായപ്പോഴാണ് മായയോട് ശരത്ത് പറയുന്നു.

“നമുക്കിവിടുന്ന് വേറൊരിടത്തേക്ക് പോകാം, ഇതിനേക്കാൾ ഭംഗിയുള്ള സ്ഥലത്തെ, ഇതിനെക്കാൾ രസമുള്ള വീട്ടിലേക്ക്. വേറൊരു മരവും വേറൊരു കിളിയുടെ ശബ്ദവും ആശുപത്രിയുടെ മണമില്ലാത്ത വേറൊരിടത്തേക്ക്...”
ഇന്നലെയുടെ ഓർമ്മകൾ മാഞ്ഞിടത്തേക്ക് ഇന്നിന്റെ ഓർമ്മകൾ തുടങ്ങുകയാണ് അപ്പു എന്ന് വിളിക്കുന്ന ശരത്തിനൊപ്പം.

“ഇവിടുത്തെ കാറ്റും മരവും...” മായ എന്തോ പറഞ്ഞു തുടങ്ങിയെങ്കിലും പിന്നൊന്നും പറഞ്ഞില്ല. അപ്പു ചോദിച്ചു.

“മായ ഒന്നാമതേ ഒന്നും പറയില്ല, വല്ലപ്പോഴും എന്തേലും പറയാൻ തുടങ്ങിയാ അതു മുഴുമിപ്പിക്കുമില്ല.” മറുപടിയായി മായ, ശരത്തിനെ നോക്കി നോക്കിയൊന്ന് ചിരിക്കുക മാത്രം ചെയ്യുന്നു.

വളരെ സാഹിത്യപരമായാണ് ഈ ചിത്രത്തിലെ ഗാനചിത്രീകരണം. കാവ്യാത്മകമായ വരികളാണ് മറ്റൊരു പ്രത്യേകത. കൈതപ്രത്തിന്റെ വരികൾക്ക് പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീതം.
‘കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ 
ഇന്നാരോ പീലിയുഴിഞ്ഞൂ. “
പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി…’

പ്രഭാതത്തിൽ ഉണരുമ്പോൾ മഞ്ഞുമൂടിയ വഴികളിലൂടെ നടന്നു നീങ്ങുന്ന ശരത്തിനെയും അമ്മയെയും തിരയുന്ന മായ. മൂടൽമഞ്ഞ് മാറുമ്പോൾ ഇരുവരെയും കാണുന്നതും മായയുടെ മുഖത്ത് ഇതൾവിരിയുന്ന സന്തോഷവുമെല്ലാം ഗാനപശ്ചാത്തലത്തിൽ കടന്നുവരുന്നു.

അങ്ങകലെ തടാകത്തിലെ വിജനതയിലേക്ക് പ്രകൃതിയെ നോക്കി നിൽക്കുന്നതും, പ്രഭാതത്തിലെ വെയിൽ നാളങ്ങൾ ജനലരികിലൂടെ തന്നിലേക്ക് വരുന്നതും, ഹോസ്പിറ്റലിലെ ജീവനക്കാരുമായി സംസാരിക്കുന്നതുമെല്ലാം ഗാനപശ്ചാത്തലത്തിൽ കടന്നുവരുന്നുണ്ട്. മൂടൽമഞ്ഞ് കാഴ്ചയെ മറയ്ക്കുന്നതുപോലെ ഓർമ്മകളെ വെളുത്ത പുകമഞ്ഞുകൊണ്ട് മൂടുകയാണ്. ശരത്തുമായുള്ള സംസാരത്തിൽ മായ പറയുന്നുണ്ട്.

“ഹോസ്പ്പിറ്റലിൽ വെച്ച് ഞാൻ ഇടയ്ക്കിടെ ഒരു സ്വപ്നം കാണുമായിരുന്നു. ഒരു തണുത്ത വെളുപ്പാൻകാലം. എന്റെ ചുറ്റിനും മഞ്ഞാണ്. ഒന്നും, ഒരടി ദൂരത്തുള്ളതു പോലും കാണാൻ സമ്മതിക്കാത്ത മഞ്ഞ്. എനിക്ക് നിങ്ങൾ രണ്ടു പേരുമുള്ളുവെന്ന് ഉറക്കത്തിൽ പോലുമെനിക്കറിയാം. ഏതോ ഒരമ്മ, ഏതോ ഒരു അപ്പുയേട്ടന്റെ അമ്മ, എന്നെങ്കിലുമൊരിക്കെ എന്റെ ആളുകൾ വന്നു കൂട്ടിക്കൊണ്ടുപോയാലും, എനിക്കങ്ങനെ പോകാൻ പറ്റുവാണെങ്കിൽ, അപ്പമാത്രം പറയാൻ വച്ചതാണ് ഈ സ്വപ്നത്തിന്റെ കാര്യം.”

പിന്നെപ്പോഴോ ശരത്ത് തന്റെ പ്രണയം തുറന്നു പറയുകയാണ്. മായ തന്റേതായിത്തീരണമെന്ന് ശരത്ത് അതിയായി ആഗ്രഹിക്കുന്നു. മായയുടെ സ്വന്തക്കാരെന്ന് പറഞ്ഞ് മറ്റുപലരും ഇതിനകം വരുന്നുണ്ട്. മായ തന്റേതാകാൻ പോകുന്നു എന്നു തോന്നി തുടങ്ങിയ നിമിഷങ്ങൾ, ഇന്നലെയുടെ ഓർമ്മകൾ മാഞ്ഞ് പുതിയൊരു കാലം വിടരും പോലെ ശരത്തും മായയും പ്രണയാർദ്രമായ രംഗങ്ങളാണ് പിന്നീട് കടന്നുപോകുന്നത്.

‘കൊന്നപ്പൂക്കണിമുറ്റം നിറയും മേടരാവിൽ പാൽകിനാവിൽ
നിഴലായ് നിലാവായ് ചേർന്നു നാം
വെള്ളിമുകിലുകളോടിയൊളിഞ്ഞു ചന്ദനമേട്ടിൽ മേലെ
തമ്മിൽതമ്മിൽ ഇലകളോതിയുള്ളിൽതങ്ങും കിളിനുണകൾ
കഥകളിലാടിക്കാറ്റിൻ കൈയ്യിൽ കൈ മാറും നേരം
കഥകളിലാടിക്കാറ്റിൻ കൈയ്യിൽ കൈ മാറും നേരം
നാണത്തിരയിളകീ.... മേളം തുടിയിളകീ’

‘സോമരാഗപ്പൂക്കളുറങ്ങിയ നിർമ്മാല്യഹാരം ചൂടി നാം
തമ്മിൽതമ്മിൽ അറിവു പകരുമാനന്ദത്തിൻ കടയിളകും
രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോൾ
നാണത്തിരയിളകീ... മേളം മദമിളകീ.’

‘നീ വിൺപൂ പോൽ...
ഇതളായ് തെളിയും വരമായ് നിറമായ്...
ഞാൻ നിൻ തൂവെൺ...
ചിറകിൻ തണലിൽ കുളിരായ് മുഴുകി...’

യു. എസിൽ നിന്ന് സയന്റിസ്റ്റായ ഡോ. നരേന്ദ്രൻ വരുന്നതു മുതലാണ് കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നത്. ഒരുമാസം മുൻപേ താൻ താലി ചാർത്തിയ ഗൗരി ബസ് അപകടത്തിൽപെട്ട കാര്യം നരേന്ദ്രൻ അറിയുന്നുണ്ട്.

സ്കൂളിലെ ജോലിയും കഴിഞ്ഞ് നരേന്ദ്രട്ടനും ഇല്ലാതെ ഒരു മാസം, അതുകൊണ്ടാണ് പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടന യാത്ര ചെയ്യുന്ന ഗ്രൂപ്പിൽ ചേർന്നത്. ആരോരുമില്ലാത്ത ഗൗരിക്ക് നരേന്ദ്രന്റെ അസാന്നിധ്യം ഇങ്ങനെ പോയി കിട്ടും എന്നു വിചാരിച്ചുകാണും.

“ഓർമ്മയായതിൽ പിന്നെ ഞാൻ നാട് കണ്ടിട്ടില്ല. ഇപ്പോപ്പോയാൽ ഒരു പ്രാവശ്യം എനിക്കവിടുത്തെ റോഡുകളിലൂടെ ഒരോട്ട പ്രതിക്ഷണം നടത്താം. തെങ്ങും മാവും പുഴയും അമ്പലങ്ങളും... പിന്നെ എല്ലാ ദൈവങ്ങളെയും ഒരുമിച്ചുകണ്ട് കാര്യം പറയാനുള്ള അവസരം കൂടിയല്ലേയിത്, എനിക്കെല്ലാരേം കണ്ട് നന്ദി പറയേണ്ട, ഇങ്ങനൊരു ജീവിതം തന്നതിന്...”


ഗൗരിയുടെ പൂർവ്വകാലം ഡോ. നരേന്ദ്രൻ പറയുന്നുണ്ട്. ശരിക്കും ഒരു ഓർഫനേജിൽ വളർന്ന കുട്ടിയായിരുന്നു അവൾ. നരേന്ദ്രന്റെ സുഹൃത്തിന്റെ ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപികയായിരുന്നു ഗൗരി. യു. എസിൽ നിന്ന് ഇരുവരും കത്തുകൾ അയക്കുമായിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയപ്പെട്ടത്.

ഗൗരി നരേന്ദ്രന്റെ മടിയിൽ തല ചായ്ച്ച് പറയുന്നു. “പിന്നെ എനിക്ക് എല്ലാ ദൈവങ്ങളെയും കണ്ട് തൊഴുതു നന്ദി പറയേണ്ടേ, എനിക്കിങ്ങനൊരാളേ കൊണ്ടു തന്നതിന്... നരേന്ദേട്ടൻ ഹാപ്പിയായി പോയിട്ടുവാ. ഒരു മാസം കഴിഞ്ഞ് വരുമ്പോ ഞാൻ എല്ലാ ദൈവങ്ങളുടെ അനുഗ്രഹവും വാങ്ങിച്ച് ബാഗും പാക്ക് ചെയ്ത് റെഡിയായിട്ടിരിക്കുന്നുണ്ടാവും.”

ഡോ. നരേന്ദ്രൻ സുഹൃത്തിനോട് പറയുന്നുണ്ട്. “എന്നെ യാത്രയാക്കാൻ എയർപോർട്ടിൽ വരുമ്പോൾ, അവള് ഭയങ്കര ചിയർഫുൾ ആയിരന്നു. ആ ചുറ്റുപാടുകളിൽ നിന്ന് വരുന്ന പെൺകുട്ടികളേക്കാളൊക്കെ ഒരുപാട് ധൈര്യമവൾക്കുണ്ടാരുന്നു. എന്തിനുമുള്ള ഒരു തരം ഉത്സാഹവും ചൊടിയും...”

ഗൗരി കൂടെ ഇല്ലാത്തതിന്റെ ദുഃഖവുമായി പലയിടത്തും തിരയുന്നുണ്ട്. അപ്പോഴെല്ലാം ഇന്നലെയുടെ ഓർമ്മകൾ നരേന്ദ്രനെ വേട്ടയാടുന്നു.

പിന്നീടറിയുന്ന ബസ് അപകടം നടന്ന സ്ഥലം. ബന്ധുക്കളാണെന്ന് പറഞ്ഞ് മുമ്പ് പലരും വരുന്നുണ്ടെങ്കിലും ബോംബെന്നുള്ള ഈ വിളി മുമ്പുള്ള പോലെയല്ല ഡോക്ടർക്കും ശരത്തിനും തോന്നിയത്. ഇരുവരും പറയുന്നുണ്ട്.

“വ്യക്തതമായി തെളിവ് നിരത്തി ക്ലെയിം വെക്കുകാണങ്കിലേ അതൊരു ക്ലെയിം ആകുന്നുള്ളു. എങ്കിലും... അങ്ങനൊരു സിറ്റുവേഷൻ വന്നാൽ...”

“പക്ഷെ അന്നേരം മായേംകൂടെ.”

“അവൾ തിരിച്ചറിയണമെന്നില്ല എങ്കിൽ പോലും...”

“എങ്കിൽ... എങ്കിൽ ഞാൻ തോൽക്കുകയേയുള്ളു”

നഷ്ടബോധത്തെ ഉൾക്കൊള്ളാൻ തയ്യാറായി നിൽക്കു പോലെയാണ് ശരത്ത്. യാത്രക്കിടയിലൊക്കെ ഡോ. നരേന്ദ്രൻ ഇരവരുടെയും പഴയ ഫോട്ടോകൾ കാണുന്നുണ്ട്. ശരത്തുമായി കണ്ടുമുട്ടുമ്പോഴ് നരേന്ദ്രൻ അവരുടെ മാരേജ് സർറ്റിഫിക്കറ്റ് കാണിക്കുന്നുണ്ട്.

“ഫോട്ടോ കൂടി എടുക്കാമായിരുന്നു.”

“ബോംബെയിൽ കുറെയുണ്ട് ആളിതാന്ന് അറിഞ്ഞാലല്ല അതിന്റെയൊക്കെ ആവശ്യമുള്ളു.”


ബസ് അപകടത്തിന് ശേഷം ഇന്നലെയിലെ ചില ഓർമ്മകൾ മറവിലേക്ക് പോയന്ന് നരേന്ദ്രൻ അറിയുന്നുണ്ട്. എന്തു സംഭവിച്ചാലും തന്നെ ഒരിക്കലും ഗൗരിക്ക് തന്നെ മറക്കാൻ സാധിക്കില്ല തിരിച്ചറിയും എന്നാണ് നരേന്ദ്രൻ ഉറച്ചു വിശ്വസിച്ചത്. പക്ഷെ നേരിൽ കണ്ടപ്പോൾ മുമ്പൊരിക്കലും കാണാത്ത പോലെ നരേന്ദ്രന് അതൊരിക്കലും ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല. ഏറെ നേരം ചിന്തിച്ചിരുന്നു.  മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് മൗനമായി... തന്നെ മനസ്സിലാക്കാത്ത ഒരാൾ ഇനി ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല എന്ന ബോധ്യമാകാം, താൻ ഉദ്ദേശിച്ച ആൾ അല്ല എന്നു പറയാൻ കാരണം. ചായയുമായി മായ വരുമ്പോൾ നരേന്ദ്രൻ പോയി കഴിഞ്ഞിരുന്നു. പൊടി പറത്തി കൊണ്ട് കാർ അകലങ്ങളിലേക്ക് പോകുന്നതോടുകൂടി സിനിമ അവസാനിക്കുന്നു.

-------------------------------------------------------------------------------

സിനിമ ഇവിടെ അവസാനിക്കുമെങ്കിലും ചിലതൊക്കെ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. മായ ഒരിക്കൽ വിവാഹിതയായിരുന്ന കാര്യം ശരത്തിന് മനസ്സിലാകുന്നില്ല. അവളോടുള്ള പ്രണയം മറ്റെല്ലാ വികാരങ്ങളെയും ചിന്താസരണികളെയും ഇല്ലാതാക്കുന്നു. വരും വരായ്കകളെപ്പറ്റി ശരത്തിന്റെ യുവത്വം ആലോചിക്കുന്നുണ്ടോ...? എല്ലാം അവളോടുള്ള പ്രണയത്തിന് വഴിമാറുകയല്ലേ..? താൻ അവസാനം ജയിച്ചു എന്ന സന്തോഷത്തിൽ കെട്ടിപ്പുണർന്ന് ചുംബനങ്ങൾ കൊണ്ട് മായയെ മൂടുകയാണ്. ശരത്തിന്റെ സന്തോഷങ്ങൾക്കെല്ലാം ഡോ. സന്ധ്യ ഒപ്പമുണ്ട്.

എന്നെങ്കിലുമൊരിക്കൽ മായയുടെ ഓർമ്മ തിരിച്ചു കിട്ടിയാൽ ഒരു ചീട്ടുകൊട്ടാരം പോലെ എല്ലാം തകരുമെന്ന് ശരത്ത് മനസ്സിലാക്കുന്നില്ല. നരേന്ദ്രനെ അന്വേഷിക്കുകയും താൻ ഇതുവരെ ചതിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമുണ്ടാകുമ്പോൾ ഇപ്പോഴുണ്ടാക്കുന്ന സന്തോഷത്തേക്കാൾ താങ്ങാൻ പറ്റാത്തതായിരിക്കും ആ നേരത്തെ ദുഃഖം.

കഥ ഇങ്ങനെയൊക്കെയായാലും കഥയുടെ ഒരു ബാക്കി ഭാഗം ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

നരേന്ദ്രന് അതൊരിക്കലും ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. ഏറെ നേരം ചിന്തിച്ചിരുന്നു.  മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് മൗനമായി... തന്നെ മനസ്സിലാക്കാത്ത ഒരാൾ ഇനി ഒരിക്കലും തന്റെ ജീവിതത്തിലേക്ക് കടന്നുവരില്ല എന്ന ബോധ്യമാകാം, താൻ ഉദ്ദേശിച്ച ആൾ അല്ല എന്നു പറയാൻ കാരണം. ചായയുമായി ഗൗരി വരുമ്പോൾ നരേന്ദ്രൻ പോയിക്കഴിഞ്ഞിരുന്നു. പൊടി പറത്തിക്കൊണ്ട് കാർ അകലങ്ങളിലേക്ക് മറയുന്നു.

കാറിൽ ഇരുന്നുകൊണ്ട് തന്നെ നരേന്ദ്രൻ ഇരുവരുടെയും ഫോട്ടോ കാണുകയാണ്. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് കൂടെയുണ്ടായിരുന്നെങ്കിലും ആ ചുരുങ്ങിയ ദിനങ്ങൾ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളായിരുന്നു. വിഷാദാവസ്ഥ മാറി ദൃഢനിശ്ചയഭാവം മനസ്സിൽ ഉടലെടുക്കുകയാണ്. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെ.

ഒരു അനാഥ പെൺകുട്ടിയാണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഗൗരിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അവളെ ഇവിടെ തനിച്ചാക്കി എനിക്ക് എങ്ങനെ ഉപേക്ഷിച്ചിട്ട് പോകാൻ കഴിയും.

ഗൗരി മടിയിൽ തലചായ്ച്ച് തന്നോട് പറയുന്നത് ഓർമ്മയിൽ വന്നു.

“പിന്നെ എനിക്ക് എല്ലാ ദൈവങ്ങളെയും കണ്ട് തൊഴുതു നന്ദി പറയേണ്ടേ, എനിക്കിങ്ങനൊരാളേ കൊണ്ടു തന്നതിന്... നരേന്ദേട്ടൻ ഹാപ്പിയായി പോയിട്ടുവാ. ഒരു മാസം കഴിഞ്ഞ് വരുമ്പോ ഞാൻ എല്ലാ ദൈവങ്ങളുടെ അനുഗ്രഹവും വാങ്ങിച്ച് ബാഗും പാക്ക് ചെയ്ത് റെഡിയായിട്ടിരിക്കുന്നുണ്ടാവും.”

നരേന്ദ്രൻ പിന്നെ ഒട്ടും ചിന്തിച്ചില്ല.

“ഡ്രൈവർ കാർ ഒന്ന് നിർത്ത്”

അല്പ ദൂരം മുന്നോട്ട് പോയി പൂഴി പറത്തി കാർ നിന്നു.

“എന്താ... സർ... “

“കാർ തിരിച്ചു വിട്...”

കാർ റിവേഴ്സ് എടുത്ത് വീണ്ടും ഗൗരിയുടെ അടുത്തേക്ക് യാത്ര തിരിച്ചു. ലോകത്തെവിടെ കൊണ്ട് പോയി ചികിത്സിച്ചാണെങ്കിലും ഇന്നലെയുടെ ഓർമ്മകൾ വീണ്ടെടുക്കും എന്ന് നിശ്ചയം നരേന്ദ്രന് ഉണ്ടായിരുന്നു. തിരികെയുള്ള യാത്രയിൽ ഗൗരിയുമൊത്തുള്ള ഫോട്ടോ കണ്ടുകൊണ്ടിരുന്നു. ഈ ഫോട്ടോകൾ കാണുമ്പോൾ ഒരു പക്ഷെ ഗൗരി ഇന്നലെകളിലെ ഓർമ്മകളിലേക്ക് മടങ്ങിവരും. ഗൗരിയുമൊത്തുള്ള ഓർമ്മകളിൽ ഡോ. നരേന്ദ്രൻ യാത്ര തുടർന്നു.

അതേസമയം ശരത്ത് ഗൗരി താമസിക്കുന്ന വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്നു. ഗൗരിയെ തേടി ഇനിയൊരിക്കലും ആരും വരില്ലെന്ന വിശ്വാസത്തിൽ ശരത്ത് യാത്ര പറഞ്ഞ് കാറിൽ കയറാൻ തുടങ്ങുമ്പോഴാണ് നരേന്ദ്രന്റെ കാർ തിരികെ വരുന്നതു കാണുന്നത്. വീണ്ടും കാർ തിരികെ വരുന്നതുകണ്ടപ്പോൾ ശരത്തിന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ബലപ്പെട്ടു.

കാറിൽ നിന്നിറങ്ങിയ നരേന്ദ്രൻ, ശരത്തിനടുത്തു വന്നു പറഞ്ഞു.

“ശരത്ത്, കുറച്ചു സംസാരിക്കാനുണ്ട്”

“വാ... അകത്തേക്കിരിക്കാം”

ഇരുവരും വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു. സിറ്റൗട്ടിലെത്തിയ ഗൗരി ഇരുവരെയും കാണുമ്പോൾ നരേന്ദ്രനോട് ചോദിക്കുന്നു.

“ചായ എടുത്തപ്പോഴക്കും പോയായിരുന്നു.”

നരേന്ദ്രൻ ഗൗരിയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

ഗൗരി അകത്തേക്ക് കയറി പോയപ്പോൾ ഇരുവരും മാത്രമായി. നരേന്ദ്രൻ പറഞ്ഞു തുടങ്ങി.

“ഇവിടുന്ന് കുറച്ചു ദൂരം മാത്രമേ എനിക്ക് പോകാൻ സാധിച്ചുള്ളു. ഗൗരിയെ ഇവിടെ തനിച്ചാക്കി എനിക്ക് പോകാൻ കഴിയില്ല. ഫോട്ടോ കൂടി എടുക്കാമായിരുന്നില്ലേ എന്ന് ശരത്ത് ചോദിച്ചില്ലേ.”

നരേന്ദ്രൻ തന്റെ ബാഗ് തുറന്ന് ഗൗരിയുമൊത്തുള്ള കുറെ ഫോട്ടോകൾ എടുത്ത് ടേബിളിലേക്ക് വെച്ചു. ഒരു വാക്കു പോലും തിരിച്ചു പറയനാകാതെ ശരത്ത് എല്ലാം കണ്ടു. ഓരോ ഫോട്ടോയും നോക്കി വിറയാർന്ന കൈകളുമായി ശരത്ത് ആ ടേബിൽ വച്ചു. ഇവിടെ ഞാൻ തോറ്റുപോയിരിക്കുന്നു എന്ന ശരത്ത് മനസ്സിൽ പറയുന്നുണ്ടായിരുന്നു.

ചായയുമായി ഗൗരി വന്നപ്പോൾ ഇരുവരും ഒന്നും സംസാരിക്കാതെ ഇരിക്കുന്നു. പെട്ടെന്നാണ് ഗൗരിയുടെ ശ്രദ്ധ ടേബിളിലുള്ള ഫോട്ടോ ശ്രദ്ധിച്ചത്. ശരത്ത് തന്നെ അതെല്ലാം എടുത്ത് ഗൗരിയെ കാണിക്കുന്നു. ഗൗരി എന്തെക്കെയോ ഓർത്തെടുത്താൻ ശ്രമിക്കുന്നു.

മൂന്നു പേരുടെയും മുന്നിൽ വെച്ച് നരേന്ദ്രൻ, ഗൗരിയുടെ പഴയ കാലങ്ങൾ ഒക്കെ വിവരിച്ചു പറയുന്നു. പുണ്യസ്ഥലങ്ങളിൽ പോകാനിടയായ സന്ദർഭങ്ങളുമെല്ലാം നരേന്ദ്രൻ വിവരിക്കുന്നു.

മുമ്പൊരിക്ക ഡോ. സന്ധ്യയും ശരത്തും പറയുന്നുണ്ട്.

“വ്യക്തതമായി തെളിവ് നിരത്തി ക്ലെയിം വെക്കുകാണങ്കിലേ അതൊരു ക്ലെയിം ആകുന്നുള്ളു. എങ്കിലും... അങ്ങനൊരു സിറ്റുവേഷൻ വന്നാൽ…”

“പക്ഷെ അന്നേരം മായേംകൂടെ.”

“അവൾ തിരിച്ചറിയണമെന്നില്ല, എങ്കിൽ പോലും...”

“എങ്കിൽ... എങ്കിൽ ഞാൻ തോൽക്കുകയേയുള്ളു” നഷ്ടബോധത്തെ ഉൾക്കൊള്ളാൻ തയ്യാറായി നിൽക്കു പോലെയാണ് ശരത്ത്.


വർത്തമാനകാല ഓർമ്മകൾ ഉള്ള ഗൗരിക്ക് നരേന്ദ്രൻ പറഞ്ഞ കാര്യങ്ങൾ വിശ്വാസമാകുന്നു. ഓർമ്മകൾ മായുന്നതിന് മുമ്പ് തന്നെ അത്രമേൽ സ്നേഹിച്ച ഒരാൾ, തന്റെ ഭർത്താവായ ഇദ്ദേഹത്തിന്റെ വാക്കുകൾ സത്യമായിരിക്കും എന്ന് വിശ്വസിക്കുന്നു. തന്റെ ഇന്നലെകൾ നരേന്ദ്രനിലൂടെ അറിയുമ്പോൾ, ഇപ്പോൾ ശരത്ത് സ്നേഹിക്കുന്ന ഗൗരിക്ക് ഉൾക്കൊള്ളാൻ കഴിയുന്നു, നരേന്ദ്രൻ തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്. ഈ നേരമെല്ലാം ഒരു വാക്കുപോലും പറയാനാകാതെ സ്തബ്ധനായി നിൽക്കുകയായിരുന്നു ശരത്ത്. നിറകണ്ണുകളോടെ ഗൗരിയെ നോക്കി. ഇന്നവൾ തന്റെ മായയല്ലെന്നും നരേന്ദ്രന്റെ ഗൗരിയാണെന്നുമുള്ള സത്യം മനസ്സുകൊണ്ട് ഉൾക്കൊള്ളുന്നു.

തന്നെ അത്രമേൽ സ്നേഹിച്ച ശരത്തിനോട് സങ്കടം തോന്നി. എല്ലാം തീരുമാനിച്ച ശേഷം ശരത്തിനെ വിട്ടു പോകേണ്ടിവരുമെന്ന് ദുഃഖവും ഗൗരിയുടെ മുഖത്ത് നിറയുന്നു.

നരേന്ദ്രൻ, ഗൗരിയുമായി യാത്ര പറഞ്ഞ് പോകുന്നതാണ് അടുത്ത രംഗം.

“നിങ്ങളോടൊക്കെ എത്രമാത്രം നന്ദി പറഞ്ഞാൽ തീരുമെന്ന് എനിക്കറിയില്ല. എന്റെ ഗൗരിയെ സ്വന്തം മകളെ പോലെ നോക്കിയില്ലേ”

ഡോ. സന്ധ്യയോട് പറയുമ്പോൾ തൊട്ടരികിൽ ശരത്ത് ഏറെ ദുഃഖത്തോടെ നിൽക്കുന്നു.
ശരത്തിന്റെ അടുത്തേക്ക് ഗൗരി വന്നു.

“അപ്പുയേട്ടാ...” നിറകണ്ണുകളോടെ ശരത്ത് തലയാട്ടി നിന്നതേയുള്ളു.

“ഗൗരി, ഇപ്പോ തന്നെ ഒരുപാട് ലേറ്റ് ആയി...”


ശരത്തിനോടും അമ്മയോടും എല്ലാവരോടും യാത്ര പറഞ്ഞു നരേന്ദ്രനൊപ്പം കാറിൽ കയറി. പൊടി പറത്തി കാർ പോകുന്നതു ഇരുവരും നോക്കി നിന്നു. ഗൗരിയുടെ ഇന്നലെ ഇവിടെ അവസാനിക്കുകയാണ്. അതോടൊപ്പം ശരത്ത്, ഇന്നലെയുടെ ഓർമ്മയിൽ ജീവിതം തുടരുകയാണ്. ദൈവത്താൻകുന്നിൽ അമ്മയോടൊപ്പം ഹോസ്പിറ്റലിലെയും വീടിന്റെയും പശ്ചാത്തലത്തിൽ ഇന്നലെയുടെ നഷ്ടപ്രണയത്തിന്റെ ഓർമ്മകളിൽ മഞ്ഞുമൂടുന്നത് വരെ.
---------------------------------------

ഗൗരിയായി ശോഭനയും, ശരത്തായി ജയറാമും, നരേന്ദ്രനായി സുരേഷ് ഗോപിയും ഡോ. സന്ധ്യയായി ശ്രീവിദ്യയും കൂടാതെ ഇന്നസെന്റും ജഗതിയും, ഫിലോമിനയും, KPAC ലളിതയുമെല്ലാം അഭിനയച്ച പി. പത്മരാജന്റെ മലയാളത്തിന്റെ ക്ലാസിക് സിനിമ ‘ഇന്നലെ’.
---------------------------------------
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക