Image

മായാത്ത ചിത്രം (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 06 May, 2026
മായാത്ത ചിത്രം (കവിത: മാര്‍ഗരറ്റ് ജോസഫ്)

അമ്മേ, അവനിയില്‍ കണ്‍കണ്ടദൈവമേ!
കാണാമറയത്തുപോയൊളിച്ചോ?
ആര്‍ത്തിരമ്പീടുമഴലാഴിയില്‍ പ്രിയ-
പുത്രിയെ വിട്ടെങ്ങുപോയ്മറഞ്ഞു?
അസ്ഥിരജീവിതനാടകവേദിയ്ക്കു-
മപ്പുറത്തേതോ നിഗൂഢതയില്‍,
ദിവ്യനിയോഗമരൂപിയായ് മാറ്റിയ,
വിസ്മയമെന്നിനി കണ്ടുമുട്ടും?
മണ്‍മടിത്തട്ടില്‍ ഞാന്‍ കാത്തിരിക്കുന്നിതാ,
വിണ്മയചൈതന്യമേ, നിനക്കായ്;
സ്വപ്‌നത്തിലെങ്കിലുമാ മുഖദര്‍ശനം,
സന്തുഷ്ടിയേകീടുമീ മകള്‍ക്ക്;
ദാഹാര്‍ത്തമായ് മനം കേഴുന്നു രാപ്പകല്‍,
മാരികൊതിക്കുന്ന വേഴാമ്പല്‍ പോല്‍;
ഓര്‍മ്മച്ചിറകുകള്‍ നീര്‍ത്തിപ്പറന്നു ഞാന്‍,
തേടുന്ന രൂപമിതൊന്നുമാത്രം;
മിന്നിത്തിളങ്ങുന്ന താരകമായ് സദാ,
വാഴ് വിന് നേര്‍വഴികാട്ടുകില്ലേ?
ജീവദ്രുമത്തിന് സേചനമാകുന്ന,
ചൈതന്യമെന്നിലെയൂര്‍ജ്ജമല്ലേ?
തെന്നല്‍ക്കുളിരലതല്ലുന്ന മര്‍മ്മരം,
സാരോപദേശങ്ങളല്ലെ കാതില്‍?
ദുഃഖക്കയങ്ങളില്‍നിന്നും കരേറ്റുന്ന
മുക്തിപ്രദായക മന്ത്രമല്ലേ?
സ്‌നേഹാര്‍ദ്രവാത്സല്യ മമ്മിഞ്ഞയാകുന്ന,
താരാട്ട് നെഞ്ചിടിപ്പായിടുന്ന,
ജന്മജന്മാന്തര വീഥിയൊരുക്കുന്ന,
സര്‍വം സഹയ്‌ക്കൊപ്പമായിടുന്ന,
ത്യാഗത്തിന് തൊട്ടിലിലാട്ടി നിരന്തരം,
മാറോടു ചേര്‍ക്കുന്ന മാതൃത്വമേ,
എന്നെ ഞാനാക്കിയ നിഷ്‌കാമകര്‍മ്മമേ!
ഉള്ളത്തില്‍ മായാത്ത ചിത്രമല്ലേ?
 

Join WhatsApp News
Sudhir Panikkaveetil 2026-05-06 19:09:34
അമ്മയെക്കുറിച്ചുള്ള ഓർമ്മ ചിത്രം ടീച്ചറുടെ തൂലികയിൽ നിന്നൂർന്നുവീണ അക്ഷരങ്ങൾ ചായമിട്ടപ്പോൾ എന്ത് ഭംഗി. ടീച്ചർക്ക് മാതൃദിനാശംസകൾ.
Jayan varghese 2026-05-06 23:49:00
ലക്ഷണമൊത്ത കവിതകൾ എഴുതുന്ന അപൂർവം കവയത്രികളിൽ ഒരാളാണ് ശ്രീമതി മാർഗരറ്റ് ജോസഫ് - അഭിനന്ദങ്ങൾ ! ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-07 02:32:31
💥🔥കവയിത്രി....കവയത്രി..., കവിക്കു മൂന്നാം ലോകമാണെങ്കിലും, ദ്യയു ലിംഗം ആണെങ്കിലും കവയത്രി 'അപദം' അല്ലേ?? ഒരേലോകമാണ്, ലിംഗരഹിത ലോകമാണ്, സമ്മതിച്ചു.എന്നാലും "കവയത്രി" ശരിയാകുമോ ......??? 🔆Rejice ജോൺ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക