Image

അണ്ണാ ഡിഎംകെയിൽ പിളർപ്പെന്ന് സൂചന : മൂന്നിലൊന്ന് എംഎൽഎമാരും വിജയ്‌ക്കൊപ്പം

Published on 06 May, 2026
അണ്ണാ ഡിഎംകെയിൽ പിളർപ്പെന്ന് സൂചന : മൂന്നിലൊന്ന് എംഎൽഎമാരും വിജയ്‌ക്കൊപ്പം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കാൻ അണ്ണാ ഡിഎംകെയിലെ മൂന്നിൽ രണ്ട് വിഭാഗം എംഎൽഎമാരും രംഗത്ത് . രാജ്യസഭാ നേതാവ് സി.വി. ഷണ്മുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ ഒത്തുകൂടിയ 35-ഓളം എംഎൽഎമാർ ടിവികെയുമായി സഖ്യമുണ്ടാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

മൈലം സീറ്റിൽ നിന്ന് വിജയിച്ച സി.വി. ഷണ്മുഖത്തിന്റെ നേതൃത്വത്തിലാണ് എംഎൽഎമാരുടെ നീക്കം. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മാത്രം അകലെയുള്ള വിജയ്‌യെ പിന്തുണച്ച് ഭരണത്തിന്റെ ഭാഗമാകണമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ പാർട്ടിയിൽ പിളർപ്പില്ലെന്നും സഖ്യം സംബന്ധിച്ച കാര്യങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അണ്ണാ ഡിഎംകെ വക്താവ് കോവൈ സത്യൻ അറിയിച്ചു. ടിവികെ ഇതുവരെ ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1967-ന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം കണ്ട ഏറ്റവും വലിയ മാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തമാക്കി 108 സീറ്റുകളുമായി വിജയ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണകക്ഷിയായിരുന്ന ഡിഎംകെ 59 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ, എൻഡിഎ സഖ്യത്തിൽ മത്സരിച്ച അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക