
സന്ധ്യയ്ക്ക് അമ്പലത്തിലേയ്ക്കെന്നും പറഞ്ഞിറങ്ങിയ സീത ചെന്നുനിന്നത് കൊട്ടാരത്തിന്‍റെ അതിര്‍വേലിയില്ലാതെ ചുറ്റുംതുറന്നുകിടക്കുന്ന കാടിന്‍റെ ഓരംചേര്‍ന്നുള്ള അരത്തിണ്ണയില്‍. ഉണ്ണ്യേട്ടന്‍ കാത്തുനില്‍ക്കാറുള്ള ഇടം. അവിടെ മനസ്സിനും ശരീരത്തിനും കുളിരേകുന്ന മരച്ചില്ലകളുടെ മറയുണ്ട്. ഏതോ കാന്തിക ശക്തി അവളെ എപ്പോഴും അവിടേയ്ക്കാകര്ഷിക്കുകയാണ്. ആരുടേയും കണ്ണില്‍ പെടേണ്ട എന്ന്കരുതിയാണ് അവിടേയ്ക്കുതന്നെ നടന്നത്. കുറെയധികം ബന്ധുമിത്രാദികളെക്കൊണ്ട് നിറഞ്ഞ, പ്രധാന കൊട്ടാരത്തിനു ചുറ്റോടുചുറ്റും വ്യാപരിച്ചു കിടക്കുന്ന അതിന്‍റെ മറ്റുശാഖകള്‍ അവിടെയിരുന്നാല്‍ കാണാം. അടുത്ത നാലുകെട്ടിലാണ് സുഭദ്രത്തമ്പുരാട്ടിയുടെ ജ്യേഷ്ഠത്തി, സുനന്ദത്തമ്പുരാട്ടിയും ഭര്‍ത്താവ് ആദിത്യവര്‍മ്മയും താമസം. അതിനോട് ചേര്‍ന്ന് എട്ടുകെട്ട്. അവിടെ വടക്കിനിയില്‍ സട കൊഴിഞ്ഞ സിഹത്തെപ്പോലെ വാര്‍ധക്യത്തിലും പ്രൌഢഗാംഭീര്യത്തോടെ അധികാരപ്രമത്തത വിട്ടുകളയാന്‍ മനസ്സില്ലാത്ത വയസ്സായ ഒരു കാരണവരാണ് താമസം. പേര് അശോകവര്‍മ്മ. സുഭദ്രയ്ക്കും സുനന്ദയ്ക്കും ഒരേയൊരു സഹോദരനേ ഉണ്ടായിരുന്നുള്ളൂ. ഉദയവര്‍മ്മ. ഉദയപുരം കൊട്ടാരത്തിന്‍റെ യഥാര്‍ത്ഥ അവകാശി. അദ്ദേഹത്തിന്‍റെ സ്വത്തുവിഹിതമാണ് ഓരോരുത്തര്‍ക്കായി പങ്കിട്ടുപോയ ആ എട്ടുകെട്ട്. ഏതോ കടുത്ത അസുഖം പിടിപെട്ട് അകാലത്തില്‍ത്തന്നെ വിഷ്ണുപാദം പൂകിയ അദ്ദേഹം അവിവാഹിതനായിരുന്നു എന്നാണ് കേഴ്വി. സ്നേഹധനനായ ആങ്ങളയെപ്പറ്റി പറഞ്ഞ് കണ്ണീരൊഴുക്കുന്ന തമ്പ്രാട്ടിയെ ചിലപ്പോഴെല്ലാം സീത കാണാറുണ്ട്, ആശ്വസിപ്പിക്കാറുണ്ട്.
സീത തിരികെപ്പോരാന്‍ തുടങ്ങുമ്പോഴാണ് ശൗരി പുറകിലൂടെ വന്നവളുടെ കണ്ണുപോത്തിയത്. ഒരു കോരിത്തരിപ്പോടെ രോമാവൃതമായ ആ കൈത്തണ്ടയില്‍ ഉഴിഞ്ഞുകൊണ്ട് സീത വിളിച്ചു .
ശൗരിത്തമ്പുരാനേ...
എന്താടീ? ഉണ്ണ്യേട്ടാന്നു വിളി. ശൗരി മുന്നിലേയ്ക്ക് വന്നു.
“ആഹാ! കൊള്ളാല്ലോ വേഷം? തമ്പുരാട്ടി അമ്പലത്തിലേയ്ക്കാണോ? എങ്കില്‍ ഞാനും വരുന്നു.” അവന്‍ പറഞ്ഞു.
‘അയ്യോ വേണ്ട! വല്ലവരും കാണും.’
“നമുക്കവരുടെ കണ്ണ്കെട്ടാമെന്നേയ്..” ശൗരി നല്ല ഉത്സാഹത്തിലായിരുന്നു.
അവര്‍ ഒന്നിച്ചുതന്നെ പുറപ്പെട്ടു.. സീത, ശൗരിയുടെ അല്പം പിന്നിലായി തലയും കുമ്പിട്ടു നടന്നു. അവള്‍ നടന്നൊപ്പമെത്താന്‍ വേണ്ടി ഇടയ്ക്കിടെ അവന്‍ കാത്തു നിന്നു.
“നിന്‍റെ റിസള്‍ട്ട് അറിഞ്ഞുവെന്ന് അമ്മ പറഞ്ഞു. എന്താ അടുത്ത പരിപാടി”?
‘അറിയില്ല! ഉണ്ണ്യേട്ടന്‍ ഇപ്പോള്‍ പാടാറില്ലേ?’ സീത വിഷയം മാറ്റി.
പാടിക്കൊണ്ടിരുന്നാല്‍ പരീക്ഷയ്ക്കു തോല്‍ക്കും പെണ്ണേ! പിന്നെ, വേണേല്‍ നിനക്കുവേണ്ടി ഒരു പാട്ടൊക്കെ പാടാം. നീ കൂടെ പാടണം, ഏറ്റോ? ഇന്ന് രാത്രി നമുക്കൊന്നു പാടിയാലോ? ശൗരി തമാശയായി ചോദിച്ചു.
പാടിയ്ക്കോ പാടിയ്ക്കോ! എന്നെക്കിട്ടില്ല” അവള്‍ അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി ചിരിച്ചു.
നടയില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഭക്തജനങ്ങള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആങ്ങളയും പെങ്ങളും എന്നേ അവരെ ഒന്നിച്ചു കണ്ടാല്‍ നല്ല പരിചയമില്ലാത്ത ആരും പറയൂ..
അമ്പലത്തില്‍ അപ്പോള്‍ അലങ്കാരപ്പണികള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അലങ്കാരപ്പന്തലില്‍ റിബ്ബണുകള്‍ കൊണ്ട് തോരണം തൂക്കുകയാണ് കുറേ ചെറുപ്പക്കാര്‍. കച്ചവടത്തിനെത്തിയവര്‍ അവരുടെ സ്ഥാനമുറപ്പിക്കാന്‍ മുളംകമ്പുകള്‍ കുഴിച്ചിട്ട് അടയാളങ്ങള്‍ നാട്ടുന്നു. സീതയുടെ വിടര്‍ന്ന കണ്ണുകള്‍ ആ പരിസരമാകെ കൗതുകത്തോടെ ഓടിനടന്നു. ആഗതമായിക്കൊണ്ടിരിക്കുന്ന മഹാമഹത്തിന്‍റെ ആവേശം തുളുമ്പുന്ന ലഹരി അവളുടെ ചുവന്നുതുടുത്ത മുഖത്തുനിന്ന് ശൌരി വായിച്ചെടുത്തു.
എന്താ പെണ്ണിന്‍റെ ഒരാവേശം? അവന്‍ മനസ്സില്‍ പറഞ്ഞു.
മടങ്ങുമ്പോള്‍ നടവഴിയില്‍ നേര്‍ത്ത ഇരുള്‍ വീണു തുടങ്ങിയിരുന്നു. അവിടെവച്ചു ശൗരി ഒരുകൈകൊണ്ട് സീതയെ വാരിപ്പിടിച്ചു. വീട്ടിലേയ്ക്ക് തിരിയുമ്പോള്‍ അവനവളുടെ ചുണ്ടില്‍ ആര്‍ത്തിയോടെ അമര്‍ത്തിച്ചുംബിച്ചു. ചുംബനമേറ്റ് തളര്‍ന്ന സീത കുഴഞ്ഞു വീഴുമെന്ന മട്ടായി. ശൌരിയവളെ താങ്ങിപ്പിടിച്ചു.
“വാ.. നടക്ക്. നീയൊരു പാവം തൊട്ടാവാടിയാണ് സീതേ.”
സീതയത് കേട്ടില്ല. അവളുടെ കാതുകള്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. ഹൃദയം നിലച്ചിരിക്കുന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുന്നു. അവളപ്പോള്‍ വര്‍ണ്ണപ്പൂക്കളാല്‍ അലംകൃതമായ സ്വര്‍ഗ്ഗ ലോകത്തായിരുന്നു. അതിന്‍റെ പരിസരം സുഗന്ധപൂരിതമായിരുന്നു. അവിടെ നറുംപാലോഴുകുന്ന അരുവികള്‍ കണ്ടു. പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ടു. നിലാവ് പെയ്തിറങ്ങുന്ന പര്‍ണ്ണകുടീരങ്ങളും അതിനുള്ളില്‍ ഇണചേരുന്ന സ്വര്‍ണ്ണ നാഗങ്ങളും അവളെ മോഹിപ്പിച്ചു. പൂക്കളുടെ നികുഞ്ജവും. കാറ്റില്‍ പൂവിതളുകള്‍ കൊഴിഞ്ഞുവീണ് അവയുടെ നഗ്നത മറയ്ക്കുന്നതും കണ്ടു.
ഏതാനും നിമിഷത്തെ വിഭ്രാന്തിയില്‍ സ്വയം നഷ്ടപ്പെട്ട സീത, വീടെത്തിയതുപോലും അറിഞ്ഞില്ല. കുറച്ചു നേരത്തിനുള്ളില്‍ എന്തൊക്കെയാണ് തന്നില്‍ സംഭവിച്ചതെന്ന് അവള്‍ക്കൊരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു. ദൈവമേ! എന്തൊരു ധൈര്യമാണ് ഈ കൊച്ചമ്പ്രാന്? തീവ്രമായൊരു ആദ്യചുംബനത്തിന്‍റെ മാസ്മരലഹരിയില്‍ താന്‍ ഈരേഴുപതിന്നാലു ലോകവും കണ്ടു മടങ്ങിയിരിക്കുന്നു. ഇത്രമേല്‍ ഊഷ്മളമായ ഒരനുഭവം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല
അന്ന് താലപ്പൊലിക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഓടിനടക്കുന്ന സീതയെ ശൗരി ഇമവെട്ടാതെ നോക്കി. താന്‍ കൊടുത്ത പട്ടുപാവാടയും ബ്ലൗസുമാണ് അവള്‍ ധരിച്ചിരിക്കുന്നതെന്നവന്‍ കണ്ടു. താലത്തില്‍ തെളിയുന്ന ഇത്തിരിവെട്ടത്തില്‍ മിന്നിത്തെളിയുന്ന മുഖദീപ്തിയില്‍ ദേവീരൂപം തെളിയുന്നു. ശൌരിയുടെ ഉള്ളില്‍ നിര്‍വ്വചിക്കാനാവാത്തൊരു മധുരവികാരം ഉറവെടുത്തു. ഹൃദയാന്തരാളത്തില്‍ അത് ആര്‍ത്തിരമ്പിയൊഴുകി.
താലത്തില്‍ എണ്ണ പകര്‍ന്നുകൊണ്ട് അമ്മത്തമ്പുരാട്ടിയും അവരോടൊപ്പമുണ്ട്. എങ്കിലും ശൗരിയുടെ കണ്ണുകള്‍ സീതയെ മാത്രമേ അവിടെ കാണുന്നുണ്ടായിരുന്നുള്ളൂ. അഴകിനു പെണ്ണെന്നു പേരിടാമെങ്കില്‍ അത് തന്‍റെ സീതയാണ്. കുപ്പയിലെ ഈ മാണിക്യമാണ്!
രാത്രിയുടെ രണ്ടാം യാമമടുക്കുന്നു. ശൗരിയ്ക്കന്നുറക്കം ഒരുവിളിപ്പാടകലെയായിരുന്നു. അവന്‍റെ മനസ്സ് നിറയെ സീതമ്മയായിരുന്നു. അവള്‍ താഴ്ന്നസമുദായത്തില്‍ വന്നു പിറക്കരുതായിരുന്നു എന്നവന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുപോയി. അവള്‍ക്കെവിടന്നു കിട്ടി ഇത്രയും മുഖശ്രീ? കണ്ടുകൊണ്ടേയിരിക്കാന്‍ കൊതി തോന്നുകയാണിപ്പോള്‍. ഓര്‍ക്കെയോര്‍ക്കെ സീതയെന്ന പെണ്ണ്‍ ശൌരിയില്‍ ഉന്മാദമായി, ആവേശമായി ആപാദചൂഡം നിറയുകയായിരുന്നു.
രണ്ടുദിവസം മുന്‍പായിരുന്നു ധ്വജപ്രതിഷ്ഠ. സര്‍വ്വ സന്നാഹങ്ങളോടും കൂടി കൊട്ടും കുരവയും മേളവും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ കരകവും കാവടിയും അകമ്പടിയായി ദേവിയെ എഴുന്നള്ളിച്ചുകൊണ്ട് പോകുന്നത് കാണാന്‍ വേലിയ്ക്കരികില്‍ പോയി നിന്നതാണ് ശൗരി. അപ്പോഴൊക്കെ ആ കണ്ണുകള്‍ അവന്‍റെ ദേവിയെ തിരയുകയായിരുന്നു. ഒടുവില്‍ കണ്ടു, ഉണ്ണ്യേട്ടന്‍ പോരുന്നില്ലേയെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നവള്‍ കണ്ണും കയ്യുമിളക്കി ചോദിക്കുന്നു. വെറുതെയവളെ പ്രകോപിപ്പിക്കാനായി ഇല്ലെന്നു തലയാട്ടുമ്പോള്‍ ആ മുഖത്തു കാര്‍മേഘപടലികള്‍ ഊറിക്കൂടുന്നതവന്‍ കണ്ടു.. ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍ വീണ്ടുമവളെ ഒരുനോക്കുകാണാനായി കണ്ണുകള്‍ അവിടെയൊക്കെ ഓടിനടന്നു സോപാനപ്പടിയ്ക്കരികെ തോരണം തൂക്കിയ ജമന്തിപ്പൂക്കള്‍ക്കിടയില്‍ വേറിട്ടൊരു പനിനീര്‍പ്പൂപോലെ മുകുളിതപാണികളോടെ നില്‍ക്കുന്ന സീതയുടെ അഴകാര്‍ന്ന രൂപം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നതേയില്ല.
പിന്നെയും നിദ്രാദേവിയുടെ അനുഗ്രഹവും കാത്ത് ശൗരി തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. ഉറങ്ങും വരെ ചിന്തകള്‍ സന്ധ്യക്ക് താലപ്പൊലിയുമേന്തി ആരെയും ആകര്‍ഷിക്കും വിധം അടിവച്ചുനീങ്ങിയ സീതയുടെ മുഖദീപ്തിയില്‍ ഉടക്കി നിന്നു.
മിക്കവാറും കൊട്ടാരത്തില്‍ തന്നെയാണവള്‍. അമ്മയ്ക്കവളെ വലിയ ഇഷ്ടമാണെന്നറിയാം. അമ്മയവള്‍ക്ക് മുറുക്കാന്‍ ചുരുട്ടി കൊടുക്കുന്നതും പൊട്ടുതൊടീക്കുന്നതും മുടി പിന്നിക്കെട്ടി പൂവ് ചൂടിയ്ക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്. വിശേഷപ്പെട്ടതെന്തെങ്കിലും അടുക്കളയില്‍ ഉണ്ടാക്കിയാല്‍ അവള്‍ക്കായി മാറ്റിവയ്ക്കുന്നതും കാണാം. പെണ്മക്കള്‍ ഇല്ലെന്നു കരുതി ഇങ്ങനെയുമുണ്ടോ ഒരു സ്നേഹം? സ്വന്തം മക്കളോടുപോലും തോന്നാത്ത സ്നേഹവും കരുതലുമാണമ്മയ്ക്കവളോട്. എന്താണ് ഇത്രയേറെ വാത്സല്യത്തിന് കാരണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ചോദിക്കാന്‍ പലതവണ തുനിഞ്ഞതുമാണ്. വെറുതേ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് അമ്മയെ വിഷമിപ്പിക്കണ്ട എന്നു കരുതി വേണ്ടെന്നു വച്ചതാണ്.
പിറ്റേന്ന് കാലത്ത് ഇളംതിണ്ണയിലിരുന്നു മുല്ലപ്പൂ കോര്‍ത്തുകെട്ടുന്ന അമ്മയ്ക്കരികിലേക്ക് ശൗരി നടന്നടുത്തു..
ആര്‍ക്കാമ്മേ മുല്ലപ്പൂ? അവന്‍ ചോദിച്ചു.
ആര്‍ക്കുമല്ല ഉണ്ണീ.. എന്തേയ്?
ചുമ്മാ! അമ്മ, പൂവങ്ങനെ ചൂടാറില്ലാത്തതുകൊണ്ട് വെറുതെ ചോദിച്ചതാ..
‘ചൂടുമല്ലോ?’ അവര്‍ അതിനെ ഖണ്ഡിച്ചു.
അതച്ഛന്‍ ഇവിടെ ഉള്ളപ്പോള്‍ മാത്രമല്ലേ? അച്ഛനിന്നു വരുമോ അമ്മേ? അവന്‍ കൊഞ്ചിക്കൊണ്ട് അമ്മയോട് ചേര്‍ന്നിരുന്ന് അതിലൊരു പൂവെടുത്തു വാസനിച്ചു.
എന്താടാ ഒരു ചിണുക്കം? അച്ഛന്‍ വരുന്നൊന്നുമില്ല. പറ.! ന്താ കാര്യം, എന്താ പ്പോ ഉണ്ണിക്കുട്ടന് വേണ്ടേ?
‘ഒന്നുമില്ല. ഈ പൂമാലയിങ്ങുതാ, മുത്തച്ഛന്‍റെ ഫോട്ടോയിലിടാം.’
ഇത് മുത്തിനുള്ളതാ.. അവര്‍ പറഞ്ഞു. ശൌരി ചിരിച്ചു. അവന് കേള്‍ക്കേണ്ടതും അതുതന്നെയായിരുന്നു.
“അമ്മയ്ക്കെന്നെക്കാള്‍ ഇഷ്ടം അവളോടാ. അമ്മയ്ക്കെന്താ അവളോടിത്രയ്ക്ക് സ്നേഹം?” ഇതുതന്നെ അവസരമെന്ന് കണ്ട് മുന്‍പ് ചോദിക്കാനാഞ്ഞ ചോദ്യവുമായി ചിണുങ്ങിക്കൊണ്ടവന്‍ അമ്മയോട് ചേര്‍ന്നിരുന്നു... ശൗരിയുടെ മുഖത്തെയക്കവര്‍ സൂക്ഷിച്ചു നോക്കി.
“എനിക്ക് പെണ്മക്കള്‍ ഇല്ലാത്തതുകൊണ്ട്.”
“അതുകള. അമ്മ പറയുന്നതെല്ലാമങ്ങു വെള്ളം തൊടാതെ വിഴുങ്ങാന്‍ എനിക്ക് പറ്റില്ല.” തന്‍റെ മറുപടി മകന് തൃപ്തികരമായില്ല എന്നമ്മയ്ക്കും മനസ്സിലായി.
ഒന്ന് പോന്നുണ്ടോ ശൗരീ! അവര്‍ കള്ളപ്പരിഭവം കാട്ടി മകന്‍റെ നേര്‍ക്ക് കയ്യോങ്ങി. അവന്‍ പിന്നീടൊന്നും ചോദിച്ചുമില്ല, അവര്‍ പറഞ്ഞുമില്ല.
തുടരും.....
Read More: https://www.emalayalee.com/writer/318