Image

കെ.സി പ്രഗത്ഭന്‍, ചെന്നിത്തല നയചാതുര്യമുള്ളയാള്‍, വി.ഡി നല്ല പ്രതിപക്ഷ നേതാവ്: വെള്ളാപ്പള്ളി

Published on 06 May, 2026
കെ.സി പ്രഗത്ഭന്‍, ചെന്നിത്തല നയചാതുര്യമുള്ളയാള്‍, വി.ഡി നല്ല പ്രതിപക്ഷ നേതാവ്: വെള്ളാപ്പള്ളി

 

ചേര്‍ത്തല: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍ക്കും വേണ്ടി വാദിക്കാതെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.സി വേണുഗോപാലിനെയും വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും പുകഴ്ത്താനും അദ്ദേഹം മടിച്ചില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. ആരെങ്കിലുമൊക്കെ ആകട്ടെ അത് അവരുടെ കാര്യം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ കോണ്‍ഗ്രസിനെയും വി.ഡി സതീശനേയും കടന്നാക്രമിച്ച വെള്ളാപ്പള്ളി പരാജിതന്റെ ശരീരഭാഷയോടെയാണ് ഇന്ന് മാധ്യമങ്ങളെ കണ്ടത്.

കെ.സി വേണുഗോപാല്‍ പ്രഗത്ഭനാണ്. മികച്ച സംഘാടകനാണ്. എന്നാല്‍ കെ.സി വരുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ മൂന്നാം സ്ഥാനത്തുള്ളയാളാണ് കെ.സി. ഡല്‍ഹിയില്‍ ഇരുന്നാലും കെ.സിക്ക് ഭരിക്കാനാവും. രാജ്യത്താകെയുള്ള കരിമ്പന്‍തോട്ടം ഉപേക്ഷിച്ച് ഇവിടെ കറുകപ്പുല്ല് തിന്നാന്‍ അദ്ദേഹം വരുമോ?

രമേശ് ചെന്നിത്തല മികച്ച നേതാവാണ്. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള നയചാതുര്യമുണ്ട്. നേതൃപാഠവമുണ്ട്. ഇതുവരെ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാതെ എല്ലാം സഹിച്ച നേതാവാണ് അദ്ദേഹം.

വി.ഡി സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഒരു രാഷ്ട്രീയ സുനാമി ഇവിടെ നടന്നു. എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത പരാജയവും യുഡിഎഫ് പ്രതീക്ഷിക്കാത്ത ജയവും ഭൂരിപക്ഷവും ലഭിച്ചു. തോറ്റതിന്റെ കാരണം അവര്‍ അപഗ്രഥിക്കട്ടെ. തെറ്റ് തിരുത്തി അവര്‍ മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഒരിക്കലും മുസ്ലീം എതിരാളിയല്ല, വിമര്‍ശിച്ചിട്ടുമില്ല. ലീഗിനേയും അവരിലെ തീവ്രവാദികളെയാണ് താന്‍ വിമര്‍ശിച്ചത്. കുഞ്ഞാലിക്കുട്ടി മിതവാദിയാണ്. എന്നാല്‍ മതമാണ്, മതമാണ് എന്ന് പറയുന്ന കെ.എം ഷാജി തീവ്രവാദിയാണ്. താന്‍ പറഞ്ഞ കാര്യം ശരിയോ തെറ്റോ എന്ന് നോക്കുന്നതിന് പകരം തന്നെ ക്രൂശിക്കുകയാണ്. താന്‍ കാരണമാണ് എല്‍ഡിഎഫ് തോറ്റതെന്ന് ചിലര്‍ പറയുന്നു. താനല്ല ഉത്തരവാദി. അങ്ങനെ പറയുന്നത് സമുദായ വിരുദ്ധരാണ്. അത്തരം ഓലപ്പാമ്പ് കാണിച്ച് ആരും പേടിപ്പിക്കാന്‍ നോക്കേണ്ട. എസ്.എന്‍.ഡി.പി എന്ന സംഘടനയെ തകര്‍ക്കാനോ തളര്‍ത്താനോ ആരും നോക്കേണ്ട. ഈ സംഘടന ഒന്നിച്ചുപോകുന്നത് കാണുന്നതില്‍ ചില വിരോധികളുണ്ട്. അവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സംഘടനയെ തകര്‍ക്കാന്‍ പല പാര്‍ട്ടികളും വ്യക്തികളും നോക്കിയിട്ടുണ്ട്. ഒരു ചുക്കും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നൂറു സീറ്റ് നേടുമെന്ന് വി.ഡി സതീശന്‍ പ്രവചിപ്പപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ ആരൊക്കെ എന്തൊക്കെ പറയുന്നു. അതൊക്കെ നടക്കാന്‍ പോകുന്നതാണോ. രാജിവയ്ക്കാന്‍ താനെന്താ പൊട്ടനാണോ? എന്നായിരുന്നു അദ്ദേഹം എഴുന്നേറ്റ് പോകുന്നതിനിടെ പ്രതികരിച്ചത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക