
ന്യൂയോർക്ക്: ന്യൂയോർക്കിലെ ക്വീൻസിൽ സിനഗോഗുകൾക്കും വീടുകൾക്കും നേരെ നടന്ന വർണ്ണവിവേചനപരമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി പങ്കുവെച്ച പോസ്റ്റിൽ ഹിറ്റ്‌ലറുടെ ചിഹ്നമായ 'ഹേക്കൻക്രൂസിനെ' സ്വസ്തിക എന്ന് വിശേഷിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം.
ന്യൂയോർക്കിലെ ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് വ്യക്തമാക്കിയ ഹിന്ദു വക്താക്കളായ 'കോളിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക' (CoHNA), ഇതിന് സ്വസ്തിക എന്ന പേര് ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി. സ്വസ്തിക എന്ന വാക്കിന് പുരാതന സംസ്കൃത വേരുകളുണ്ടെന്നും അത് ലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കും വിശുദ്ധമായ ചിഹ്നമാണെന്നും ദക്ഷിണേഷ്യൻ പാരമ്പര്യമുള്ള മംദാനിക്ക് അറിവുള്ളതാണെന്നും സംഘടന ഓർമ്മിപ്പിച്ചു. ഹിറ്റ്‌ലറുടെ വെറുപ്പിന്റെ ചിഹ്നത്തെ അദ്ദേഹം തന്നെ ഉപയോഗിച്ചിരുന്ന 'ഹേക്കൻക്രൂസ്' എന്ന പേരിൽത്തന്നെ വിളിക്കണമെന്നും, 2020-2021 കാലഘട്ടത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് ഈ വിഷയം ചർച്ച ചെയ്തപ്പോൾ കൃത്യമായ ഉപയോഗത്തെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും കോഹ്‌ന വ്യക്തമാക്കി. കാനഡയിലും അമേരിക്കയിലും ഇത്തരത്തിൽ ഹേക്കൻക്രൂസിനെ സ്വസ്തിക എന്ന് തെറ്റായി ചിത്രീകരിക്കുന്നതിനെതിരെ കോഹ്‌ന ശക്തമായ ക്യാമ്പയിനുകൾ നടത്തിവരികയാണ്. മുമ്പ് കാനി വെസ്റ്റ് നൽകിയ ഒരു പരസ്യത്തിൽ ഇത്തരത്തിൽ തെറ്റായ പരാമർശം വന്നപ്പോഴും സംഘടന തിരുത്തൽ ആവശ്യപ്പെട്ടിരുന്നു.