
തിരുവനന്തപുരം: മുഖ്യമന്ത്രിയാര് എന്നതില്‍ ചര്‍ച്ചകളും ഫ്‌ളക്‌സ്, വാട്‌സ്ആപ്പ് പ്രചാരണങ്ങളും മുറുകുന്നതിനിടെ ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിച്ച് വി.ഡി സതീശന്‍. എന്നാല്‍ എന്‍.എസ്.എസ് പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണെന്ന് വ്യക്തമാക്കി സുകുമാരന്‍ നായരും.
മുസ്ലീം ലീഗും മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും വി.ഡി സതീശനെ പിന്തുണയ്ക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നയിച്ചവര്‍ തന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ പരസ്യമായ പ്രതികരണമുണ്ടാകില്ല. മുന്നണി യോഗത്തില്‍ അഭിപ്രായം ചോദിച്ചാല്‍ നിലപാട് വ്യക്തമാക്കാനാണ് തീരുമാനം.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ കൂടുതല്‍ പേര്‍ പിന്തുണച്ചപ്പോള്‍, ജനപിന്തുണയുള്ളവര്‍ മുഖ്യമന്ത്രിയാകട്ടെ എന്ന് മുസ്ലീം ലീഗും പ്രതികരിച്ചിരുന്നു.
അതേസമയം, എന്‍.എസ്.എസ് പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണെന്ന് സൂചനയുണ്ട്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. നാടിന്റെ സാഹചര്യം മനസ്സിലാക്കി മാറ്റത്തിനായി ജനം വോട്ട് ചെയ്തു. കോണ്‍ഗ്രസുകാര്‍ ഇതില്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ പറയുന്നില്ല. അല്ലാതെ കോണ്‍ഗ്രസിന്റെ വിജയമല്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇടപെടില്ല. ജാതിയോ മതമോ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ല. അര്‍ഹതയുള്ള പരിചയസമ്പന്നര്‍ വരട്ടെ.
വി.ഡി സതീശന്‍ വരട്ടെ എന്നൊന്നും തനിക്കഭിപ്രായമില്ല. രമേശ് ചെന്നിത്തലയ്ക്കാണോ പിന്തുണ എന്ന ചോദ്യത്തിന് പരിചയസമ്പന്നര്‍ വരട്ടെ എന്നാണ് തനിക്ക് പറയാനുള്ളത്. വി.ഡി സതീശനുമായി ഇപ്പോഴും ചില അഭിപ്രായ വിത്യാസമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ജനം ഒരു പ്രതിവിധി ആഗ്രഹിച്ചിരുന്നു. അതിന് ജനം കണ്ട ഉപകരണമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ഭരണം മാറേണ്ടതാണ് എന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.