
''മറ്റാരുണ്ട് എല്‍.ഡി.എഫ് അല്ലാതെ...'' എന്ന ഇടതു മുന്നണിയുടെ പ്രചാരണ വാചകത്തിന് വോട്ടര്‍മാര്‍ വലിയ വിലകൊടുത്താണ് അര്‍ത്ഥം കല്‍പ്പിച്ചത്. എല്‍.ഡി.എഫ് അല്ലാതെ മറ്റാരെന്ന ചോദ്യത്തിന് ''യു.ഡി.എഫ് ഉണ്ട്...'' എന്ന മറുപടിയാണ് ജനം നല്‍കിയത്. മൃഗീയ ഭൂരിപക്ഷം ലഭിച്ച ഐക്യ മുന്നണി ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി വിജയന്റെ 10 വര്‍ഷത്തെ ഭരണത്തിന് ഫുള്‍സ്റ്റോപ്പിട്ടത്. 13 മന്ത്രിമാരുടെ കൂട്ടത്തോല്‍വിയുടെ അടിസ്ഥാനം ഭരണ വിരുദ്ധ വികാരമല്ലാതെ മറ്റൊന്നുമല്ല. എന്നാല്‍ ഇത് സി.പി.എമ്മിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ വലിയ പ്രയാസം തന്നെ. ''അരിയെത്ര...'' എന്ന് ചോദിച്ചാല്‍ ''പയറഞ്ഞാഴി...'' എന്നാണ് അവരുടെ പ്രത്യയശാസ്ത്ര നിബദ്ധമായ മറുപടി.
എല്‍.ഡി.എഫ് ഘടകകക്ഷികളായ കോരളാ കോണ്‍ഗ്രസ് (എം), കോരളാ കോണ്‍ഗ്രസ് (ബി), എന്‍.സി.പി (ശരത് പവാര്‍), ഐ.എസ്.ജെ.ഡി, കോണ്‍ഗ്രസ് (എസ്), ഐ.എന്‍.എല്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്, ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്നിവര്‍ ഒരാളെപ്പോലും വിജയിപ്പിക്കാനാവാതെ സംപൂജ്യരായി. എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ മുഴുവന്‍ സീറ്റും നേടി യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു.വോട്ടെണ്ണല്‍ ദിനത്തില്‍ കണ്ണൂരിലായിരുന്ന പിണറായി വിജയന്‍ ഭാര്യയും മകളും പേരക്കുട്ടിയുമടങ്ങുന്ന കുടുംബത്തോടൊപ്പം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ വന്‍ പരാജയത്തിന്റെ സങ്കടം ആ കണ്ണുകളില്‍ നിഴലിച്ചു. ഗണ്‍മാന്‍ സഹിതമുള്ള സ്റ്റേറ്റ് വാഹനം ഉപേക്ഷിച്ച് കറുത്ത ഇന്നോവാ കാറുകളുടെ ആഘോഷ അകമ്പടിയില്ലാതെ ഒരു പാര്‍ട്ടി വണ്ടിയില്‍ പിണറായി ക്ലിഫ് ഹൗസിലേയ്ക്ക് പോകുന്ന ദൃശ്യം മാധ്യമങ്ങള്‍ ആവേശത്തോടെ പകര്‍ത്തി. നാളെ അദ്ദേഹം ആര്‍ഭാടത്തിന്റെ പഞ്ചനക്ഷത്ര സൗധമായ ക്ലിഫ് ഹൗസ് ഒഴിയും.
പ്രതിപക്ഷ നേതൃസ്ഥാനം കെ.എന്‍ ബാലഗോപാലിനെ ഏല്‍പ്പിക്കുന്നതോടെ സംഭവബഹുലമായ പിണറായി യുഗം അവസാനിക്കുകയാണ്. അടുത്ത തവണ പാര്‍ട്ടി മടങ്ങി വന്നേക്കാം. എന്നാല്‍ 81 വയസുള്ള പിണറായി വിജയന് ഇനിയൊരു മടക്കമില്ല. വെറുമൊരു എം.എല്‍.എ ആയി പാര്‍ലമെന്ററി രാഷ്ട്രീയത്തിലുണ്ടാവുമെന്ന് മാത്രം. ഇത് പിണറായി എന്ന അപ്രമാദിയുടെ വല്ലാത്തൊരു പതനമാണ്. ഒപ്പം തന്നെ വാനോളം വളര്‍ത്തിയ പാര്‍ട്ടിയും ഭരണത്തിന് കരുത്തായിരുന്ന മുന്നണിയും ബലിയാടായിക്കപ്പെട്ടു. സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലയിയ തോല്‍വിയിലൂടെ ഇന്ത്യയില്‍ ഒരിടത്തും ഭരണമില്ലാത്തവരായി അവര്‍. വര്‍ഗ വഞ്ചകനല്ല, കുലംകുത്തിയുമല്ല പക്ഷേ, കാലം പിണറായിക്കൊരു പേര് ചാര്‍ത്തിക്കൊടുക്കും...
മറുവശത്ത് വന്‍ വിജയത്തില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഇന്നത്തെ ഈ സന്തോഷം നാളെ ഭരണത്തിലേറുമ്പോള്‍... യാഥാര്‍ത്ഥ്യത്തെ അഭിമുഖികരിക്കുമ്പോള്‍ ഉണ്ടാവണമെന്നില്ല. സത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര ഉള്‍പ്പെടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള 'ഇന്ദിരാ ശ്യാരന്റി' എല്ലാം ഉടന്‍ തന്നെ നടപ്പാക്കണം. എന്നാല്‍ പതിനായിരക്കണക്കിന് കോടി കടമുള്ള കേരളത്തിന്റെ അതിദുര്‍ബലമായ സാമ്പത്തിക സ്ഥിതിയില്‍ വാക്കുപാലിക്കാന്‍ പുതിയ സര്‍ക്കാര്‍ എന്ത് വഴി തേടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെയാണ് ഭാവനാ സമ്പന്നനും ഭരണ നിപുണനുമായ ഒരു കരുത്തുറ്റ മുഖ്യമന്ത്രിയുടെ ക്രിയാത്മകമായ ബഹുമുഖ നേതൃത്വം അനിവാര്യമാകുന്നത്.
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രബലനായി വളര്‍ന്ന കെ.സി വേണുഗോപാലും ഘടകകക്ഷികളുടെ മനസമ്മതമുള്ള വി.ഡി സതീശനും ഭരണ പരിചയമുള്ള മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുമാണ് മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടി ചരടുവലിക്കുന്നത്. മൂവരുടെ മനസില്‍ മുഖ്യമന്ത്രി മോഹം കലശലായി ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ ''എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും...'' എന്ന് ഒരേ സ്വരത്തില്‍ അവര്‍ വിനയാന്വിതരായി പറയുന്നു. ആര് ആരെ ചവുട്ടിയായിരിക്കും ഹൈക്കമാന്‍ഡിന്റെ പ്രിയപ്പെട്ടവനായി മാറുകയെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. പക്ഷേ ഇപ്പറഞ്ഞ മൂന്ന് നേതാക്കളും മുഖ്യമന്ത്രി പദത്തിന് സര്‍വഥാ യോഗ്യരുമാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിസന്ധിയിലായ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്ന വി.ഡി സതീശന്‍, പിന്നീട് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ നാലിലും മുന്നണിയെ വിജയത്തിലേക്ക് നയിച്ച കരുത്തനായ നേതാവാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് 20-ല്‍ 18 സീറ്റ് നേടിക്കൊടുത്തു. തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെയും മുന്നണിയുടെയുംശക്തമായ തിരിച്ചുവരവിന് അടിത്തറ പാകി. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മുന്നണിക്ക് ജയിക്കാമെന്ന ആത്മവിശ്വാസം പകര്‍ന്നു.
സാമുദായിക സംഘടനകളോടും രാഷ്ട്രീയ സമ്മര്‍ദ്ദശക്തികളോടും നിലപാടിന്റെ ബലത്തില്‍ കാര്‍ക്കശ്യത്തോടെ നിലകൊണ്ടത് ശക്തനായ നേതാവെന്ന പ്രതിച്ഛായ സമ്മാനിച്ചു. കെ-റെയില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള, കിഫ്ബി വഴിയുള്ള സാമ്പത്തിക ധൂര്‍ത്ത് തുടങ്ങിയവ തുറന്നുകാണിച്ച് സര്‍ക്കാരിനെ കണിശമായി എതിര്‍ത്തു. നിയമസഭയില്‍ നല്ല ഗൃഹപാഠത്തോടെയെത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ അധികാരത്തില്‍ വരാന്‍ പോകുന്ന മുന്നണിയെന്ന നിലയില്‍ വികസന സ്വപ്നങ്ങള്‍ പങ്കുവച്ചതിലൂടെ പൊതുവിശ്വാസം ആര്‍ജിച്ചു. സീറ്റ് നൂറ് കടന്നതോടെ വിജയത്തിന്റെ പ്രധാനശില്പിയെന്ന അവകാശവും ഒരു പരിധിവരെ സതീശന് അവകാശപ്പെട്ടതാണ്.
എന്നാല്‍, കര്‍ക്കശക്കാരനായ നേതാവെന്ന പ്രതീതി ഒരുവശത്ത് ഗുണകരമാകുമ്പോള്‍ മറുഭാഗത്ത് എതിര്‍പ്പും ക്ഷണിച്ചുവരുത്തുന്നു. സാമുദായിക ശക്തികളെ പ്രകോപിപ്പിക്കാതെ ഓരം ചേര്‍ന്നുപോകുന്ന കോണ്‍ഗ്രസിന്റെ പതിവില്‍ നിന്ന് വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഈ വിഭാഗത്തിന്റെ അകല്‍ച്ചയ്ക്ക് കാരണമാകുമെന്ന വിമര്‍ശം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നയാള്‍ക്ക് കൂടുതല്‍ മെയ് വഴക്കം വേണമെന്ന ചിന്ത. എം.എല്‍.എയായി കാല്‍നൂറ്റാണ്ടായിട്ടും ഇതുവരെയും ഒരധികാരസ്ഥാനത്തും ഇരുന്നിട്ടില്ലെന്നതും സതീശന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല, സാക്ഷാല്‍ ലീഡര്‍ കെ കരുണാകരന്റെ അനുഗ്രഹാശിസുകളോടെ 26-ാം വയസ്സില്‍ എം.എല്‍.എയും 30-ാം വയസ്സില്‍ സംസ്ഥാന മന്ത്രിയുമായ വ്യക്തിയാണ്. രമേശിന്റെ സമകാലീനരായ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരോ, കേന്ദ്രമന്ത്രിമാരോ ആയിക്കഴിഞ്ഞു. കെ കരുണാകരന്‍ പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി രൂപവത്ക്കരിച്ച പ്രതിസന്ധിഘട്ടത്തില്‍ കെ.പി.സി.സി പ്രസിഡന്റായി വന്ന് പാര്‍ട്ടിയെ കെട്ടുറപ്പോടെ സംരക്ഷിച്ചു.
ആഭ്യന്തരമന്ത്രിയും ദീര്‍ഘകാലം എം.പിയുമായിരുന്നു. 2016-ല്‍ പ്രതിപക്ഷനേതാവായപ്പോള്‍ അദ്ദേഹം ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിര്‍ത്തി. താഴെത്തട്ടുവരെ പ്രവര്‍ത്തകരുമായി ബന്ധമുള്ള നേതാവാണ് ഇദ്ദേഹം. അതേസമയം, 2021-ലെ തിരഞ്ഞെടുപ്പില്‍ മുന്നണിയെ അധികാരത്തിലേക്കു നയിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഉള്ള സീറ്റ് കുറയ്ക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന സോളാര്‍, ബാര്‍കോഴ കേസ് അന്വേഷണങ്ങള്‍ പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടുപോകുന്നതുവരെയെത്തി.
അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായതിനാല്‍ത്തന്നെ ഹൈക്കമാന്‍ഡിന് തത്പരനാണ് കെ.സി വേണുഗോപാല്‍. ഇക്കുറി ജയിച്ച പലര്‍ക്കും സീറ്റ് നേടിക്കൊടുത്തതില്‍ കെ.സി നിര്‍ണ്ണായക പങ്കുവഹിച്ചു. തിരഞ്ഞെടുപ്പിനു വേണ്ട സന്നാഹമൊരുക്കുന്നതിലും നായക സ്ഥാനത്തുണ്ടായിരുന്നു. സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് റിബലുകളെ കൈകാര്യം ചെയ്യുന്നതിലും പാര്‍ട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നിര്‍ത്തുന്നതിലും വലിയ പങ്കു വഹിച്ചു.
സാമുദായിക നേതൃത്വങ്ങളുമായി മികച്ച ബന്ധം. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യത. പക്ഷേ, കെ.സി നിലവില്‍ എം.പിയാണ്. എം.പിമാര്‍ മത്സരിക്കേണ്ടെന്ന പൊതുതീരുമാനം നടപ്പാക്കിയ ശേഷം എം.പി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രിയാകുന്നതിലെ അനൗചിത്യം ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയായാല്‍ ആലപ്പുഴ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടി നേരിടണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അമരക്കാരന്‍ വി.ഡി സതീശനായിരിക്കെ, അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തെന്ന വിമര്‍ശനവുമുണ്ടാവും. ഏതായാലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മെയ് 10-ന് മുമ്പ് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.