
പിണറായി വിജയൻറെ ദുർഭരണത്തിനറുതി വരുത്തിക്കൊണ്ട് കേരളം ഒന്നാകെ വിധിയെഴുതി. എല്ലാ സർവ്വേകളെയും എക്സിറ്റ് പോളുകളെയും കാറ്റിൽ പറത്തി അതുക്കും മേലേയുള്ള ഭൂരിപക്ഷത്തിൽ യു ഡി എഫ് കേരളം തൂത്തുവാരി. എൽ ഡി എഫ് ൻറെ ചരിത്രത്തിൽ ഏറ്റവും നാണം കെട്ട തോൽവിയായി ഈ തെരഞ്ഞെടുപ്പ് പരിണമിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളുമായി തുടർഭരണം നേടി അധികാരത്തിൽ വന്ന എൽ ഡി എഫ് ന് എന്താണ് സംഭവിച്ചത്? ഈ വമ്പൻ തോൽവി എന്ത് പാഠമാണ് നമുക്കു നൽകുന്നത്? ഈ വമ്പൻ വിജയം യു ഡി എഫ് നു ഗുണം ചെയ്യുമോ? കേരളത്തിലെ ഏതു കൊച്ചുകുട്ടിയോടു പോലും ചോദിച്ചാൽ പറയും എൽ ഡി എഫ് ൻറെ തോൽവിയുടെ കാരണം എന്താണെന്ന്. പിണറായിയുടെ ധാർഷ്ട്യതയും അഹങ്കാരവും ഏകാധിപത്യ പ്രവണതയും ആണ്. എന്നാൽ പിണറായിയുടെ ഷൂസിൽ നിന്നു ചിന്തിച്ചാൽ അദ്ദേഹത്തെ അതിൽ കുറ്റപ്പെടുത്താനാകുമോ? കാരണം, അദ്ദേഹം എങ്ങനെയാണ് അധികാരത്തിൽ വന്നത് എന്നോർക്കണം.
ജനപ്രിയനായ, വികസന കാഴ്ചപ്പാടുകളോടെ കേരളത്തെ ഉയർച്ചയിലേക്കു നയിച്ചുകൊണ്ടിരുന്ന, ഒരു ഭരണാധികാരിയെ എവിടെ നിന്നോ ഒരു പെണ്ണിനെ കൊണ്ടുവന്ന് ഇല്ലാത്ത പീഡനകഥകളുണ്ടാക്കി അദ്ദേഹത്തെ തേജോവധം ചെയ്‌ത് ജനങ്ങളിൽ വെറുപ്പുളവാക്കിയാണ് അധികാരം നേടിയെടുത്തത്. അതിൽ യാതൊരു മനഃസ്സാക്ഷിക്കുത്തുമില്ലാതെ സിംഹാസനത്തിൽ ഇരുന്നു കഴിഞ്ഞപ്പോൾ അദ്ദേഹം കേരള ജനതയെ അളന്നു. എന്തു ചെപ്പടിവിദ്യ കാണിച്ചാലും വിശ്വസിക്കുന്നവരാണവർ എന്നദ്ദേഹം മനസ്സിലാക്കി. മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു പോക്കറ്റിൽ കൊണ്ടുനടന്ന മറുപക്ഷത്തെ ചിലരുടെ സഹായവും ഈ മ്ലേച്ച പ്രവർത്തിക്കു സഹായകമായി എന്നതും ഒരു യാഥാർഥ്യമാണ്. പ്രളയവും കൊറോണയും ഉരുൾ പൊട്ടലും പോലെയുള്ള മഹാ ദുരന്തങ്ങൾ അരങ്ങേറിയപ്പോൾ മഹാമനസ്കരായ മലയാളികൾ അകമഴിഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രക്രിയകൾക്കു ഭാഗഭാക്കുകളായി. എന്നാൽ, സർക്കാരിന്റെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. കിറ്റുകൾ പോലെയുള്ള നക്കാപ്പിച്ച നൽകിയപ്പോഴും ജനം ചേർത്തു പിടിച്ചപ്പോൾ ഒരു രാജാവിനെപ്പോലെ സിംഹാസനത്തിലിരുന്നദ്ദേഹം ആർത്തു ചിരിച്ചു.
മന്ത്രിസഭയിൽ, പ്രവർത്തന ശേഷിയും ആത്മാർത്ഥതയുമുള്ള മന്ത്രിമാർ തന്നെക്കാൾ ജനസമ്മതിയുള്ളവരാണെന്നു മനസ്സിലാക്കിയപ്പോൾ അവരെ വെട്ടിയൊതുക്കി, കഴിവുകെട്ട കുറേയെണ്ണത്തിനെ കെട്ടിയിറക്കി ആ സ്ഥാനങ്ങളിലിരുത്തി. ഒരു ഏകാധിപതി പട്ടാളത്തെ നിയന്ത്രിക്കുന്നതുപോലെ പോലീസിനെ സ്വന്തം ചൊൽപ്പടിയിലൊതുക്കി അവരെ പിണറായിസേനയായി മാറ്റിയെടുത്തു. വിമർശിക്കുന്നവരുടെമേൽ കള്ളക്കേസുകളെടുത്തും പീഡനക്കേസുകളിലൊതുക്കിയും ഭീതി വളർത്തി. ഖജനാവിൽ പണമില്ലെങ്കിലും കടമെടുത്ത് എല്ലാ ആഢംബരങ്ങളും അനുഭവിച്ച് അർമ്മാദിച്ചു. എന്തെങ്കിലും നക്കാപ്പിച്ച കിട്ടിയാലാകട്ടെ എന്ന് കരുതി ഈ അധർമ്മത്തിന്റെ ഭാഗഭാക്കുകളായ സ്‌തുതിപാഠകരാൽ രാജാവ് ചുറ്റപ്പെട്ടു. അതുകൊണ്ടുതന്നെ എപ്പോഴും നമ്മളാണ് എല്ലാറ്റിലും ‘നമ്പർ വൺ’ എന്നവർ പറയുന്നത് കേട്ട് അദ്ദേഹം ആത്മനിർവൃതി കൊണ്ടു. പുറംലോകത്തെ യഥാർത്ഥ ചിത്രം അദ്ദേഹം കണ്ടില്ല.
42 സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ ഒഴിഞ്ഞ നിരത്തിൽ കൂടി വെടിയുണ്ടയുടെ വേഗത്തിൽ ചീറിപ്പാഞ്ഞു യാത്ര ചെയ്ത അദ്ദേഹം നിരത്തിലെ സാധാരണക്കാരൻറെ പ്രശ്നങ്ങൾ മനസ്സിലാക്കിയില്ല. പണ്ട് മുഖസ്‌തുതി പാടുന്നവർക്ക് രാജാവ് സ്വർണനാണയങ്ങൾ പാരിതോഷികം നൽകിയിരുന്നതുപോലെ ചുറ്റും കൂടിയിരുന്നവർക്കു പിൻവാതിൽ നിയമനവും അഴിഞ്ഞാടുവാനുള്ള ലൈസൻസും നൽകിയപ്പോൾ അവരുടെ എണ്ണം പെരുകി. വിദേശത്തും ഇങ്ങനെയുള്ള സ്തുതിപാഠകരായ പാണന്മാർ ഉണ്ടായി. അവർക്കൊക്കെയും എന്തെങ്കിലും അപ്പക്കഷണങ്ങളുടെ പങ്ക് കിട്ടുന്നുണ്ടായിരിക്കണം. തൻറെ മകൾക്കും മകനും മരുമകനും കൊച്ചുമക്കൾക്കുമൊക്കെ പലരും പാരിതോഷികം നൽകിയപ്പോൾ അവർ ആവശ്യപ്പെട്ടതൊക്കെ അവർക്കു നൽകി. താൻ ഏതു രാജ്യത്തിന്റെ രാജാവാണെന്നോ ആരാണ് തന്നെ സിംഹാസനത്തിൽ കയറ്റിയിരുത്തിയതെന്നോ താൻ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രം എന്താണെന്നോ ചിന്തിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായില്ല. പറഞ്ഞു മനസ്സിലാക്കേണ്ട രാജഗുരു 39 ട്രെയിൻ ഇങ്ങോട്ടും 39 ട്രെയിൻ അങ്ങോട്ടും പോകുന്നതിൽ കയറി അപ്പം വിൽക്കാൻ പോയിരിക്കുകയായിരുന്നു. ജനാധിപത്യ രീതിയിൽ പഞ്ചവത്സരായുസു മാത്രമാണ് ആ സിംഹാസനത്തിനുള്ളതെന്നുപോലും അദ്ദേഹം ഓർത്തില്ല. അത് മനസ്സിലാക്കിയപ്പോൾ കൂടെനിന്നവർ അദ്ദേഹത്തോടു പറഞ്ഞു, ‘വീണ്ടും നമുക്ക് തുടർഭരണം കിട്ടും എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലുള്ള നമ്മുടെ ഭടന്മാർ അറിയിച്ചിരിക്കുന്നത്.’
ആഡംബരത്തിന്റെയും സുഖലോലുപതയുടെയും അപാരതയിൽ അഭിരമിച്ചു ശീലിച്ചപ്പോൾ, തന്നെ അവിടെവരെ എത്തിച്ച പ്രത്യയശാസ്ത്രത്തെ ഭാവിയിൽ തനിക്കു ഭീഷണിയുണ്ടാക്കിയേക്കാം എന്ന് കരുതി അതിനെ കൊന്നുകുഴിച്ചുമൂടുവാൻ തുനിഞ്ഞപ്പോൾ ആത്മാർത്ഥതയുള്ള ചില പാർട്ടി പ്രവർത്തകർ വിഘടനവാദികളായി അതിനു കൃത്രിമ ശ്വാസോഛ്വാസം നൽകുവാൻ തീരുമാനിച്ചു. അപ്പോഴും ബുദ്ധിഭ്രമം ബാധിച്ച രാജഗുരുവും രാജസദസ്സിലെ മന്ത്രിമാരും അനുചരന്മാരും അദ്ദേഹത്തെ ധൈര്യപ്പെടുത്തി, 'നമുക്ക് തുടർഭരണമാണ്, ധൈര്യമായിരിക്കൂ.'
ഒടുവിൽ അമർഷം പുകഞ്ഞുനിന്ന സാധാരണ ജനങ്ങളുടെ നെഞ്ചിൽ നിന്നുമുതിർന്ന ചുടു നിശ്വാസങ്ങൾ ജനഹിതത്തിന്റെ രൂപത്തിൽ കൊടുങ്കാറ്റായി വീശിയപ്പോൾ കൊട്ടാരവാതിലുകൾ തെറിച്ചു പോയി. സിംഹാസനത്തിന്റെ നാല് കാലുകളും ഒടിഞ്ഞു രാജാവ് നടുവും തല്ലി വീണു. സഹായത്തിനായി രാജസദസ്സിലേക്കു നോക്കി 'ആരവിടെ' എന്ന് ചോദിച്ചതിന് മറുപടിയില്ലാതെ വന്നപ്പോഴാണറിഞ്ഞത് ആ മന്ത്രിമാരെല്ലാം തകർന്നു വീണ കൊട്ടാരത്തിന്റെ ശിലകൾക്കടിയിലാണെന്ന്. നടുവിന് ചികിത്സിക്കാനായി ആരോഗ്യ മന്ത്രിയെ വിളിച്ചപ്പോൾ ആ വീഴ്ച്ചയിൽ കഴുത്തുളുക്കി അവർ കിടക്കുകയാണെന്നാണറിഞ്ഞത്. എങ്കിൽ അടുത്തുള്ള വിദ്യാഭ്യാസ മന്ത്രിയെ വിളിക്കാമെന്നു കരുതിയപ്പോഴാണറിയുന്നത് അദ്ദേഹം ജയിച്ച ആളിന്റെ ഭൂരിപക്ഷം എങ്ങനെ തൊള്ളായിരത്തി അറുന്നൂറ്റി മുപ്പത്തിനാല് ആയി എന്ന് കണക്കുകൂട്ടുന്ന തിരക്കിലാണെന്ന്.
എങ്ങനെയെങ്കിലും തന്റെ വിശ്വവിഖ്യാതമായ, വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത, വെള്ളക്കുതിരയുടെ പുറത്തു കയറി അതിവേഗം ഏതെങ്കിലും വിദേശ രാജ്യത്തേക്ക് പോകാമെന്നു കരുതി ഒരു വിധം പിടിച്ചെഴുന്നേറ്റു ചെന്നപ്പോൾ ആ കുതിരപ്പുറത്തു മറ്റാരോ കയറി ഇരിക്കുന്നു. അദ്ദേഹം സിംഹാസനത്തിൽ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ഗർവ്വോടെ ആക്രോശിച്ചു, "ആരാണ് നീ?” തകർന്നടിഞ്ഞ കൊട്ടാരത്തിന്റെ ചിതറി തെറിച്ചു കിടക്കുന്ന ശിലകളിൽ നിന്നും ഒരു ശബ്ദമുയർന്നു, "കടക്കൂ പുറത്ത്."
സിംഹാസനം നഷ്ട്ടപ്പെട്ട രാജാവ് തിരിഞ്ഞു നോക്കി. മുകളിൽ നിന്നും ഒരശരീരി ഉയർന്നു, "സത്യത്തിൽ അവൻ നീതിമാനായിരുന്നു."
Read More: https://www.emalayalee.com/writer/170