
തിരുവനന്തപുരം: പുതിയ സര്‍ക്കാരിലെ 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുണ്ടാകാന്‍ സാധ്യത. മുസ്ലിം ലീഗിന് അഞ്ചുമന്ത്രിമാരെ ലഭിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്, ആര്‍.എസ്.പി., സി.എം.പി., കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനമാകുമുണ്ടാകുക.
അഞ്ച് എം.എല്‍.എ.മാര്‍ക്ക് ഒരു മന്ത്രിയെന്നതാകും അടിസ്ഥാനസൂത്രവാക്യം. 63 സീറ്റുള്ള കോണ്‍ഗ്രസിന് അതനുസരിച്ച് 12 മന്ത്രിസ്ഥാനത്തിലധികം കിട്ടാവുന്നതാണ്. പക്ഷേ, 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയുമാകും കോണ്‍ഗ്രസ് എടുക്കുക. 22 സീറ്റുള്ള മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം കിട്ടും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിസ്ഥാനം ഏറെ വിവാദമായെങ്കിലും സീറ്റെണ്ണം ഉയര്‍ത്തിയ ലീഗിന് ഇപ്രാവശ്യം അത് ഔദാര്യമല്ല, അവകാശമാണ്. ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനവും ലീഗിന് ലഭിച്ചേക്കും.
ഏഴു സീറ്റുള്ള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും ആയിരിക്കും കിട്ടുക. യു.ഡി.എഫില്‍ അസോസിയേറ്റ് അംഗങ്ങളായ ആര്‍.എം.പി., മാണി സി. കാപ്പന്റെ കേരള ഡെമക്രാറ്റിക് പാര്‍ട്ടി എന്നിവയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. സി.പി.എം. വിമതരായി ജയിച്ച ജി. സുധാകരന്‍, വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ തുടങ്ങിയവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. 63 സീറ്റുള്ളതിനാല്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെയാകും കൈകാര്യംചെയ്യുക.
മന്ത്രിമാരുടെ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളി. സാമുദായിക സന്തുലനവും വനിത, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാന്‍.