
ന്യൂയോർക്ക്: ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ എക്സിക്യൂട്ടീവിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച മുൻ ബാങ്കർ ചിരയു റാണ(35), ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നതിനായി പിതാവ് മരിച്ചുവെന്ന് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലോർണ ഹജ്‌ദിനിയും ബാങ്കും തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് കേസ് നൽകിയ ഇന്ത്യക്കാരനായ റാണ, 2024 ഡിസംബറിൽ പിതാവ് ചൈതന്യ റാണ അന്തരിച്ചുവെന്ന് വിശ്വസിപ്പിച്ച് ഏകദേശം മൂന്ന് മാസത്തോളം അവധി എടുക്കുകയും ഈ സമയം കേസിനായുള്ള തയ്യാറെടുപ്പുകൾക്കായി ഉപയോഗിക്കുകയും ചെയ്തതായാണ് വിവരം. എന്നാൽ ചിരയു റാണയുടെ പിതാവ് നിലവിൽ ജീവനോടെയുണ്ടെന്നും വിർജീനിയയിലെ തന്റെ വസതിയിൽ സുഖമായി ഇരിക്കുന്നുവെന്നും റിപ്പോർട്ടർമാർ നേരിട്ട് കണ്ട് സ്ഥിരീകരിച്ചു. ലൈംഗിക പീഡന പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മകൻ ഒരു നല്ല വ്യക്തിയാണെന്നുമാണ് പിതാവ് പ്രതികരിച്ചത്. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ ലോർണ ഹജ്‌ദിനി തനിക്ക് മുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയായിരുന്നുവെന്ന് റാണ അവകാശപ്പെട്ടിരുന്നെങ്കിലും, ബാങ്കിന്റെ ആഭ്യന്തര രേഖകൾ പ്രകാരം ഇരുവരും വ്യത്യസ്ത വിഭാഗങ്ങളിലാണെന്നും ലോർണയ്ക്ക് കീഴിൽ ആരും ജോലി ചെയ്യുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. മുൻപ് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴും സമാനമായ പരാതികൾ റാണ ഒരു ചാറ്റ് ബോട്ടുമായി പങ്കുവെച്ചിരുന്നതായും അന്ന് കുറ്റാരോപിതൻ ഒരു പുരുഷനായിരുന്നുവെന്നും ഉള്ള വിവരങ്ങൾ പുറത്തുവന്നത് കേസിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ റാണയുടെ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ല.