
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം പിണറായി വിജയന്‍ തലസ്ഥാനത്തെത്തി. രാവിലെ കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറില്‍ ക്ലിഫ് ഹൗസില്‍ എത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ ഇന്നോ നാളെയോ ക്ലിഫ് ഹൗസ് ഒഴിയും.
എകെ.ജി സെന്ററില്‍ നിന്ന് നല്‍കിയ വാഹനത്തിലാണ് യാത്ര. എം.വി ഗോവിന്ദന്‍ ഉപയോഗിക്കുന്ന കാര്‍ ആണ് നല്‍കിയിരിക്കുന്നത്.
ക്ലിഫ് ഹൗസ് ഒഴിയുന്ന പിണറായി വിജയന്‍ ചിന്ത ഫ്‌ളാറ്റിലെ 3എ, 3ബി ഫ്‌ളാറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും തിരുവനന്തപുരത്ത് താമസിക്കുക. നാളെ തന്നെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കണ്ണൂരിലും തിരുവനന്തപുരത്തും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. ആളും അകമ്പടിയുമില്ലാതെ രണ്ട് പോലീസ് വാഹനങ്ങളുടെ മാത്രം അകമ്പടിയോടെയാണ് അദ്ദേഹം ക്ലിഫ് ഹൗസില്‍ എത്തിയത്.
മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്റെ യാത്ര ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അകമ്പടി കാറുകള്‍, പോലീസ് , ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് അടക്കം 60ല്‍ ഏറെ വാഹനങ്ങളായിരുന്നു അദ്ദേഹത്തിന്റെ യാത്രകളെ പിന്തുടര്‍ന്നിരുന്നത്. കടന്നുപോകുന്ന റോഡുകള്‍ നേരത്തെ തന്നെ പോലീസ് വന്‍ സുരക്ഷ ഒരുക്കുന്നതും പ്രതിഷേധിക്കുന്നവരെ തല്ലിച്ചതയ്ക്കുന്നതും വലിയ എതിര്‍പ്പാണ് ഉണ്ടാക്കിയിരുന്നത്.
ഇന്നലെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജി സ്വീകരിച്ച ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു.