Image

മുഖ്യമന്ത്രിയാര്? കെ.സിക്കൊപ്പം 46 പേര്‍; വി.ഡിക്ക് 25 പേരുടെ പിന്തുണ; ചെന്നിത്തലയും പിന്നോട്ടില്ല

Published on 05 May, 2026
മുഖ്യമന്ത്രിയാര്? കെ.സിക്കൊപ്പം 46 പേര്‍; വി.ഡിക്ക് 25 പേരുടെ പിന്തുണ; ചെന്നിത്തലയും പിന്നോട്ടില്ല

 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ യുഡിഎഫില്‍ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍. 63 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് എക്കാലത്തേയും മികച്ച മുന്നേറ്റം ഉണ്ടാക്കിയതോടെ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കെ.സി വേണുഗോപാലിനാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന.

നിര്‍ജീവമായ എ ഗ്രൂപ്പിനെ ഈ തിരഞ്ഞെടുപ്പിലുടെ സജീവമാക്കിയത് കെ.സിയുടെ നീക്കങ്ങളായിരുന്നു. എംഎല്‍എമാരില്‍ 35 പേരുടെ പിന്തുണ കെ.സിക്കുണ്ടെന്നാണ് അവരുടെ പക്ഷം. എ ഗ്രൂപ്പില്‍ 10ല്‍ 8 പേരും കെ.സിക്കൊപ്പം. ദീപക് ജോയ്, എ.വിന്‍സെന്റ് എന്നിവരുടെ കാര്യത്തില്‍ മാത്രമാണ് സംശയം. സ്വതന്ത്രരായി വിജയിച്ച ജി.സുധാകരന്‍ അടക്കമുള്ളവരുടെ പിന്തുണയും ലഭിക്കുമെന്ന് കെ.സി പക്ഷം ഉറപ്പിക്കുന്നു.

വി.ഡി സതീശന് 25 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം നിയമസഭയിലും പുറത്തും നടത്തിയ പോരാട്ടങ്ങള്‍ വിജയഘടകമാണെന്ന് ഇവര്‍ പറയുന്നു.

രമേശ് ചെന്നിത്തല അനുകൂലികളും വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങളോളം നീണ്ട പാര്‍ലമെന്ററി പരിചയം, മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനവും മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നു.

എഐസിസിയില്‍ ഉള്ള സ്വാധീനവും രാഹുല്‍ കേഡറിന്റെ തലവന്‍ എന്നിവ കെ.സിക്കുള്ള അനുകൂല ഘടകങ്ങളാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്ലസ് പോയിന്റാണ്. എന്നാല്‍ നിലവില്‍ അദ്ദേഹം ആലപ്പുഴ ലോക്‌സഭയില്‍ നിന്നുള്ള പ്രതിനിധിയാണ്. ലോക്‌സഭയിലേക്ക് മത്സരിച്ചതോടെ ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായാല്‍ ലോക്‌സഭാംഗത്വം രാജിവച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഒരു നിയമസഭാ സീറ്റിലും ആലപ്പുഴ ലോക്‌സഭ സീറ്റിലും ഇതോടെ ഉപതിരഞ്ഞെടുപ്പ് വരും. നിലവിലെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക