Image

പിണറായിസത്തിനുള്ള ജനകീയ മറുപടി (രാഷ്ട്രീയ ലേഖകന്‍)

Published on 05 May, 2026
പിണറായിസത്തിനുള്ള  ജനകീയ മറുപടി (രാഷ്ട്രീയ ലേഖകന്‍)

ടി.പി.ചന്ദ്രശേഖര്‍ കൊല്ലപ്പെട്ട ദിവസം , മെയ് നാല്. അന്നു തന്നെ കേരളത്തില്‍ പിണറായി യുഗം അവസാനിച്ചതും ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതായതും യാദൃശ്ചികം. ടി.പിയുടെ ഭാര്യ രമ പറഞ്ഞതുപോല, ടി.പി.യുടെ ഓര്‍മ ദിനത്തില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ ആദ്യ ആറു റൗണ്ടുകളിൽ അബ്ദുൽ റഷീദിനെതിരെ പിന്നിലായത് ചെറിയ കാര്യമല്ല. മുഖ്യമന്ത്രി  കടന്നുകൂടി എന്നു പറയുന്നതാകും ശരി. ഏതാണ്ട് 30,000 വോട്ടാണ് കുറഞ്ഞത് .

പതിമൂന്നു മന്ത്രിമാരാണ് പരാജയപ്പെട്ടത്. പലരും വന്‍ മാര്‍ജിനില്‍ തോറ്റു. സ്പീക്കര്‍ ഷംസീറിന് സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു. ലക്ഷങ്ങള്‍ മുടക്കി മോഹന്‍ ലാലിനെകൊണ്ട് നടത്തിയ അഭിമുഖവും മറ്റു പോഡ്കാസ്റ്റുകളും പാഴായി. കോടികള്‍ മുടക്കി നാടെങ്ങും ഉയര്‍ത്തിയ കൂറ്റന്‍ ബോര്‍ഡുകളും ഗുണം ചെയ്തില്ല .യു. ഡി.എഫിലെ പ്രമുഖരെല്ലാം വിജയിച്ചു. പലരും വന്‍ഭൂരിപക്ഷം നേടി. മറുവശത്ത് എല്‍.ഡി.എഫില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പലരും ജയിച്ചത് നേരിയ മാര്‍ജിനില്‍. എല്‍.ഡി.എഫ് കണ്‍വീനറും പരാജയപ്പെട്ടു. 2021 ല്‍ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ കെ.കെ. ഷൈലജയെ തോല്‍പിക്കാന്‍ വേണ്ടിയാണ് പേരാവൂറില്‍ സണ്ണി ജോസഫിനെതിരെ നിര്‍ത്തിയത് എന്നതും വ്യക്തം. പക്ഷെ, എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമളയെയും വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെയും നിര്‍ത്തിയത് ജയം പ്രതീക്ഷിച്ചാണ്. രണ്ടുപേരും പരാജയപ്പെട്ടു.

സി.പി.എമ്മിലെ മൂല്യച്യൂതി ഉയര്‍ത്തിക്കാട്ടി, നെറികേടുകളെ ചോദ്യം ചെയ്ത് പുറത്തുവന്ന ഗോവിന്ദനും കുഞ്ഞികൃഷ്ണനും ജി. സുധാകരനും വിജയിച്ചു. അതില്‍ ആദ്യ രണ്ടുപേരും ജയിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കോട്ട തകര്‍ത്താണ്. കോഴിക്കോട്ട് മന്ത്രി റിയാസ് മാത്രമാണ് കടന്നുകൂടിയത്.

നൂറു സീറ്റ് നേടും, 12 മന്ത്രിമാര്‍ പരാജയപ്പെടും ഏതാനും ജില്ലകള്‍ തൂത്തുവാരും എന്നിങ്ങനെ വി.ഡി.സതീശന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായി. 102 സീറ്റുകളാണ് യു.ഡി.എഫ്. നേടിയത്. 41 ല്‍ നിന്നുള്ള കുതിപ്പാണിത്. 35 സീറ്റിലേക്ക് എല്‍.ഡി.എഫ്. ചുരുങ്ങി. കേരള കോണ്‍ഗ്രസ്(മാണി) മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടപ്പോള്‍ മറുവശത്ത് കേരള കോണ്‍ഗ്രസ്(ജോസഫ്)എട്ടില്‍ ഏഴും വിജയിച്ചു.

യു.ഡി.എഫ്. തരംഗമെന്നോ, സുനാമിയെന്നോ വിശേഷിപ്പിക്കാവുന്ന വിജയം. നിലവിലെ എം.എല്‍.എ.മാരില്‍ ഭൂരിഭാഗത്തെയും അണിനിരത്തി അവരുടെ പ്രവര്‍ത്തനമികവും വികസനവും ചൂണ്ടിക്കാട്ടി വിജയിക്കാമെന്ന് എല്‍.ഡി.എഫ്. കരുതിയപ്പോള്‍ വികസനങ്ങള്‍ക്കു പിന്നില്‍ നടന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു. പക്ഷേ, അതിലെല്ലാം ഉപരി പിണറായി വിജയന്റെ ധാര്‍ഷ്ട്യവും ഏകാധിപത്യവും ജനങ്ങള്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. പാര്‍ട്ടിയിലെ സീനിയര്‍ പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗം ഒരു തിരുത്തല്‍ ശക്തിയായി.
തന്റെ കണ്‍മുന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവർ നവകേരള യാത്രയില്‍ പ്രതിഷേധിച്ച   യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലതല്ലിപ്പൊട്ടിച്ചപ്പോള്‍,  അതെല്ലാം ടിവിയില്‍ കണ്ട ജനങ്ങളെ പരിഹസി ച്ച്, രക്ഷാപ്രവര്‍ത്തനമായി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് ജനത്തിന്റെ മനഃസാക്ഷിക്കെതിരെ ഉയര്‍ന്ന വെല്ലുവിളിയായിരുന്നു.

കടക്കൂ പുറത്ത്, വീട്ടില്‍പ്പോയി ചോദിച്ചാല്‍ മതി, അമ്മാതിരി കമന്റൊന്നും വേണ്ട, പരനാറി, നികൃഷ്ട ജീവി, കുലംകുത്തി, ഡാഷ്‌മോന്‍ തുടങ്ങിയ പിണറായി പ്രയോഗങ്ങള്‍ എല്ലാം തിരിച്ചടിയായി. ഒപ്പം പിണറായിയെ കപ്പിത്താനായും കാരണഭൂതനായും ദൈവത്തിന്റെ നിയോഗമായുമൊക്കെ വിശേഷിപ്പിച്ചവര്‍ക്കും പണി കിട്ടി. പിണറായിയുടെ പാദസ്പര്‍ശമേറ്റ മണ്ണ് എന്ന് പ്രകീര്‍ത്തിച്ച മന്ത്രി നേരിട്ടത് കനത്ത പരാജയമാണ്.
ശബരിമല സ്വര്‍ണ്ണക്കൊളളയും അന്വേഷണ പ്രഹസനവും ജനം മനസ്സില്‍ കുറിച്ചു. ഇടതുപക്ഷം തകര്‍ന്നടിഞ്ഞപ്പോള്‍ മൂന്നു സീറ്റു നേടി ബി.ജെ.പി. നടത്തിയ കുതിപ്പ് കാണാതെ പോകരുത്. ഡീല്‍ എന്നൊക്കെയുള്ള ആരോപണം താഴെത്തട്ടില്‍ എത്തിയില്ല എന്നു തിരിഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഇനി അറിയേണ്ടത് ഒന്നു മാത്രം. ഇന്ത്യയില്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമോ? കാരണം പ്രതീക്ഷയുള്ളൊരു രണ്ടാം നിരയെ വളര്‍ത്താന്‍ പിണറായി ശ്രമിച്ചില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക