Image

യു.ഡി.എഫ് കൊടുങ്കാറ്റില്‍ ഇടതു കോട്ടകള്‍ തകര്‍ന്നിടിഞ്ഞപ്പോള്‍ പഴി കേള്‍ക്കേണ്ടത് ക്യാപ്റ്റന്‍ മാത്രം ( എ.എസ് ശ്രീകുമാര്‍)

Published on 04 May, 2026
യു.ഡി.എഫ് കൊടുങ്കാറ്റില്‍ ഇടതു കോട്ടകള്‍ തകര്‍ന്നിടിഞ്ഞപ്പോള്‍ പഴി കേള്‍ക്കേണ്ടത് ക്യാപ്റ്റന്‍ മാത്രം ( എ.എസ് ശ്രീകുമാര്‍)

ഫ്രാന്‍സിന്റെയും നവാരേയുടെയും രാജാവായിരുന്ന ലൂയി പതിനാലാമന്‍ മരിക്കുന്നതുവരെ നടത്തിയ 72 വര്‍ഷവും 3 മാസവും 18ദിവസവും നീണ്ട ഭരണം യൂറോപ്പിലെ ഏകാധിപതികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണെന്ന് ചരിത്രം പറയുന്നു. 'ഐ ആം ദ സ്റ്റേറ്റ്...' എന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ  സ്വഭാവ രീതികളുടെ ചില അനുരണനങ്ങള്‍ പിണറായി വിജയനിലും കാണാം. സദസില്‍ ഏഴുന്നേറ്റു നിന്ന് ന്യായമായ ചോദ്യം ചോദിക്കുന്നവനോട്, ''വീട്ടില്‍ പോയി ചോദിക്ക്...'' എന്നു പറയുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല, പിണറായി അല്ലാതെ. മാധ്യമ പ്രവര്‍ത്തകരോട് ''കടക്ക് പുറത്ത്...'' എന്ന് ഒരേയൊരു മുഖ്യമന്ത്രി മാത്രമേ പറഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ ശരീര ഭാഷയും ഒരു ജനകീയന് യോജിച്ചതായിരുന്നില്ല. നവകേരള സദസ് വണ്ടിയുടെ മുന്നിലേയ്ക്ക് ചാടിയ യൂത്ത് കോണ്‍ഗ്രസുകാരെ സ്വന്തം പോലീസിനെ ഉപയോഗിച്ച് മൃഗീയമായി 'രക്ഷാ പ്രവര്‍ത്തനം' നടത്തിയത് മറ്റാരുമല്ല.

അങ്ങനെ ഏറെയുണ്ട് പിണറായി വിജയന് മേലുള്ള പഴികള്‍. ഒടുവില്‍ ജനങ്ങള്‍ നടത്തിയ യഥാര്‍ത്ഥ രക്ഷാ പ്രവര്‍ത്തനമാണ് നിയമസഭാ തിരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. 2021-ല്‍ തുടര്‍ ഭരണം നേടി കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച നേതാവ്, പാര്‍ട്ടിയിലും മുന്നണിയിലും ചോദ്യം എതിര്‍ക്കപ്പെടാത്ത സഖാവ്, എന്നും ഇളവുകളിലൂടെ പാര്‍ട്ടിക്ക് അതീതന്‍...ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള പിണറായി വിജയന്‍ ഇന്ന് വോട്ടെണ്ണലിന്റെ അഞ്ച് റൗണ്ടുകളില്‍ പിന്നാക്കം പോയി നന്നായി വിയര്‍ത്ത ശേഷമാണ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവയ്ക്കാനായില്ല. പാര്‍ട്ടിയും മുന്നണിയും അതിന്റെ ഉരുക്കു കോട്ടകളില്‍ അടിപതറി. പരമ ദയനീയമായ തോല്‍വി ഏറ്റുവാങ്ങിക്കൊണ്ട് അധികാരത്തില്‍ നിന്ന് നിഷ്‌കാസിതരായിരിക്കുകയാണ് ഇടതു മുന്നണി. 81 വയസുള്ള പിണറായി വിജയന് ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യമില്ല.

102 സീറ്റുളുടെ യു.ഡി.എഫ് തരംഗത്തില്‍ ഇടതു കോട്ടകള്‍ തകര്‍ന്നിടിഞ്ഞപ്പോള്‍ 13 മന്ത്രിമാരാണ് തോല്‍വിയറിഞ്ഞത്.  ഭരണ വിരുദ്ധ വികാരമില്ലെന്ന എല്‍.ഡി.എഫ് വിശ്വാസം ജനം പാടേ തള്ളിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും കാലിടറി. സി.പി.എം വിമതന്‍മാര്‍ക്ക് ഗംഭീരവിജയം. 2021-ല്‍ പൂട്ടിയ അക്കൗണ്ട് ബി.ജെ.പി തുറന്നപ്പോള്‍ അവര്‍ സ്വന്തമാക്കിയത് 3 സീറ്റുകള്‍. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഈ കടുത്ത തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് ചോദിച്ചാല്‍, ഇടതുമുന്നണിയുടെ ക്യാപ്റ്റനായിരുന്ന പിണറായി വിജയനു മാത്രമാണെന്ന് നിസംശയം പറയാം.

സി.പി.എമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്നുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ജി സുധാകരനും പി.കെ ശശിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടപ്പോഴും തുടര്‍ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പിണറായിയും കൂട്ടരും. ഒരു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെയും സി.പി.എമ്മിനെയും മുന്നില്‍ നിന്നു നയിച്ച പിണറായി യുഗത്തിന്റെ അവസാനം കുറിക്കുകയാണ് വന്‍വിജയത്തിലൂടെ യു.ഡി.എഫ് ചെയ്തത്. ഇടതുമുന്നണിയിലും സി.പി.എമ്മിലും ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്ന പിണറായിക്ക് തന്നെ പരാജയത്തിന്റെ പഴി ഏറ്റെടുക്കേണ്ടിവരും.  മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും മുന്നണിക്കേറ്റ കനത്ത പരാജയവും പാര്‍ട്ടിയുടെ തരംതാഴ്ത്തലിനും പരസ്യശാസനയ്ക്കും അതീതനായ പിണറായിയുടെ പാര്‍ട്ടിയിലുള്ള കരുത്ത് വല്ലാതെ ചോര്‍ത്തും. അതോടൊപ്പം പാര്‍ട്ടിക്ക് ഉളളിലും പുറത്തും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം സമാധാനം പറയേണ്ടിവരും.

പിണറായി തന്നെ പ്രതിപക്ഷ നേതാവ് ആകുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനു പോലും കൃത്യമായ ഉത്തരം ഇപ്പോഴില്ല. അദ്ദേഹം അതിനു തയ്യാറല്ലെങ്കില്‍ മാത്രമേ മറ്റുള്ളവരെ പാര്‍ട്ടി പരിഗണിക്കൂ. പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഏറ്റെടുക്കേണ്ടി വരും. അടുത്ത പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പിണറായിയുടെയും എം.വി ഗോവിന്ദന്റെയും രാഷ്ട്രീയഭാവി നിശ്ചയിക്കപ്പെടും. തിരഞ്ഞെടുപ്പ് ഫലം കേവലമൊരു ഭരണമാറ്റം മാത്രമല്ല. ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടതോടെ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പല നേതാക്കളുടെയും ഭാവിയും അസ്തിത്വവും കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ സമീപകാലത്തൊന്നും സംഭവിക്കാത്ത തിളക്കമാര്‍ന്ന വിജയവുമായാണ് യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. ഒപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരും നിര്‍ണായക പങ്ക് വഹിച്ചു. ഇനി ഇവരുടെ ലക്ഷ്യങ്ങളും മുഖ്യമന്ത്രി പദത്തിലേക്കുള്ള ചരടുവലികളുമാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രധാന ചര്‍ച്ചയായി വരും ദിവസങ്ങളില്‍ മാറുന്നത്. മുന്നണി പരാജയപ്പെട്ടാല്‍ താന്‍ പൂര്‍ണമായി രാഷ്ട്രീയ വനവാസത്തിന് പോകും എന്ന് വി.ഡി സതീശന്‍ പറഞ്ഞത് വന്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരുന്നു.

സമുദായ സമവാക്യങ്ങളെയും പാര്‍ട്ടിക്കുള്ളിലെ കടുത്ത സമ്മര്‍ദങ്ങളെയും അദ്ദേഹം കൃത്യമായി അതിജീവിച്ചു. വളരെ ശക്തമായ തീരുമാനങ്ങളിലൂടെയാണ് സതീശന്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. ഇതര കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് സതീശനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ചില ഉറച്ച നിലപാടുകളും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വേഗതയുമാണ്. സമുദായ സംഘടനകളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. 2026 ജനുവരിയില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും സംയുക്തമായി സതീശനെതിരെ രംഗത്തുവന്നിരുന്നു. അവര്‍ രണ്ടുപേരും അദ്ദേഹത്തിനെതിരെ വലിയ പരസ്യവിമര്‍ശനം ഉന്നയിച്ചു. സതീശനെ എങ്ങനെയെങ്കിലും നിയന്ത്രിക്കാന്‍ അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കോണ്‍ഗ്രസിുള്ളിലും സതീശന്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നു. സ്ത്രീ പീഡനക്കേസില്‍പ്പെട്ട രപാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം പൂര്‍ണമായും ഉറച്ചുനിന്നു. ഇതിനൊപ്പം പി.വി അന്‍വര്‍ വിഷയത്തിലും സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും സതീശന്‍ പിന്നോട്ട് പോയില്ല. അദ്ദേഹം എടുത്ത ഇത്തരം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശം ഉണ്ടാക്കി. ആ തീരുമാനങ്ങള്‍ അന്തിമമായി ശരിയായിരുന്നുവെന്നാണ്  ജനവിധി തെളിയിക്കുന്നത്. കേരളാ കോണ്‍ഗസിന്റെ സമ്പൂര്‍ണ തോല്‍വിക്കും കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നു. തിരഞ്ഞടുപ്പിന് മുമ്പ് യു.ഡി.എഫിയേക്ക് മടങ്ങിപ്പോകാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തിന് തടയിട്ടത് മന്ത്രി റോഷി അഗസ്റ്റിനും റാന്നി എം.എല്‍.എ പ്രമോദ് നാരായണനും ആയിരുന്നു. അവരും യു.ഡി.എഫ് തരംഗത്തില്‍ ഒലിച്ചുപോയി.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി നിര്‍ണായക ശക്തിയായി മാറുമെന്ന് സൂചിപ്പുക്കുന്നതാണ് അവരുടെ 3 സീറ്റുകളിലെ വിജയം. നിരവധി സീറ്റുകളില്‍ അവര്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഒ രാജഗോപാലിലൂടെ നേമത്ത് 2026-ല്‍ ബി.ജെ.പി തുറന്ന അക്കൗണ്ട് 2021-ല്‍ പൂട്ടിയെങ്കിലും ഇത്തവണ നേമത്തിന് പുറമെ ചാത്തന്നൂരും കഴക്കൂട്ടവുമാണ് ബി.ജെ.പി താമര വിരിയിച്ചത്. കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ വിലപേശാന്‍ കഴിയുന്ന ശക്തിയായ വളരാനും ഒരുപക്ഷേ ഭരണം തന്നെ പിടിച്ചെടുക്കാനും കെല്‍പ്പുള്ള മുന്നണിയായി മാറാനും ബി.ജെ.പിക്കും എന്‍.ഡി.എക്കും സാധിക്കുമെന്നാണ് അനുമാനിക്കേണ്ടത്. കേന്ദ്രത്തില്‍ സംഭവിച്ചതും അതു തന്നെയാണല്ലോ.

Join WhatsApp News
കാവിൽ 2026-05-04 22:49:40
കേരളത്തിൽ ഇടക്ക് ഇടക്ക് മങ്ങിയും തെളിഞ്ഞും താമര വിരിയുമ്പോൾ ന്യൂന പക്ഷം ഭയക്കേ ണ്ടി വരുന്നത് ശരിതന്നെ . അതു വരുത്തരുത് . ജാതി , മതം വർഗ്ഗീയത നാടിനാപത്ത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക