Image

​സിപിഎം വിമതർക്ക് കൈകൊടുത്ത് യുഡിഎഫ്; ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴ്ത്തി 'വിമത' മുന്നേറ്റം

Published on 04 May, 2026
​സിപിഎം വിമതർക്ക് കൈകൊടുത്ത് യുഡിഎഫ്; ചുവപ്പുകോട്ടകളിൽ വിള്ളൽ വീഴ്ത്തി 'വിമത' മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ അസംതൃപ്തരെയും വിമതരെയും അണിനിരത്തി യു.ഡി.എഫ് നടത്തിയ രാഷ്ട്രീയ പരീക്ഷണം വൻ വിജയത്തിലേക്ക്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന അഞ്ച് പ്രമുഖ നേതാക്കളെ പിന്തുണച്ച കോൺഗ്രസ് തന്ത്രം ഇടതുകോട്ടകളിൽ വലിയ വിള്ളലുകളാണ് വീഴ്ത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അമ്പലപ്പുഴയിലെ മുൻ മന്ത്രി ജി. സുധാകരന്റെ മുന്നേറ്റമാണ്. സി.പി.എം സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ അയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് ഉയർത്തി സുധാകരൻ മണ്ഡലത്തിൽ അപ്രമാദിത്വം തുടരുകയാണ്.

​സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിലാണ് പാർട്ടിയെ ഞെട്ടിച്ച അട്ടിമറികൾ നടക്കുന്നത്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ആറായിരത്തിലേറെ വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി. പയ്യന്നൂരിലും സമാനമായ സ്ഥിതിയാണ്. രക്തസാക്ഷി ഫണ്ട് വിവാദത്തിൽ നേതൃത്വവുമായി തെറ്റിയ വി. കുഞ്ഞികൃഷ്ണൻ സിറ്റിങ്ങ് എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. യു.ഡി.എഫിന്റെ പിന്തുണയോടെയുള്ള ഈ വിമത നീക്കം കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തിരുത്തിക്കുറിച്ചു.

​പാലക്കാട് ജില്ലയിലും കനത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പി.കെ. ശശി സി.പി.എമ്മിന്റെ കെ. പ്രേംകുമാറിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ ശശി ലീഡ് നിലനിർത്തുന്നത് ഇടത് ക്യാമ്പുകളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം, മലമ്പുഴയിൽ വി.എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എ. സുരേഷിനെ യു.ഡി.എഫ് പിന്തുണച്ചെങ്കിലും സിറ്റിങ്ങ് എം.എൽ.എ എ. പ്രഭാകരൻ ലീഡ് നിലനിർത്തുന്നുണ്ട്. സി.പി.എം വോട്ടുകളിൽ വിള്ളലുണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള യു.ഡി.എഫിന്റെ 'വിമത തന്ത്രം' ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക