
ലോകമൊട്ടാകെ ആരാധകരും ആസ്വാദകരുമുള്ള ലാലേട്ടന് ഏറ്റവും പ്രിയം ന്യൂജേഴസിക്കാരോടാണ്. ഇത് വെറുതെ പറയുന്നതല്ല. അമേരിക്കയില്‍ എപ്പോള്‍ വന്നാലും ന്യൂജേഴിസിയിലുള്ള പ്രിയപ്പെട്ടവരെ-മറ്റ് സ്ഥലങ്ങളില്‍ ഇല്ലെന്നല്ല-കാണാന്‍ അദ്ദേഹം എത്തും. 'എമ്പുരാന്‍' സിനിമ ഇറങ്ങിയപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി.

ന്യൂജേഴ്‌സി മോറിസ് പ്ലെയിന്‍സിലുള്ള റോഷിന്‍ ജോര്‍ജ് അത്തരത്തിലുള്ള ആരാധകവൃന്ദത്തില്‍ പെട്ട ആളാണ്. നോര്‍ത്ത് അമേരിക്കന്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആണ് അദ്ദേഹം. ലാലേട്ടന്റെ ഏറ്റവും പ്രയിപ്പെട്ടവരില്‍ ഒരാള്‍. ലാലേട്ടനോടുള്ള സ്‌നേഹവായ്പുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരില്‍ പ്രധാനി. സൂചേച്ചി(സുചിത്രാ മോഹന്‍ലാല്‍) എന്ന് പറയുമ്പോള്‍ നൂറു നാവ്! കലാപരമായ മികവിന്റെ മുമ്പില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ന്യൂജേഴ്‌സിയിലെ ഒരാധകസുഹൃത്ത്.

'പേട്രിയറ്റ്' ന്യൂജേഴ്‌സിയിലെ ബോക്‌സ് ഓഫീസ് സിനിമയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ആദ്യ പ്രദര്‍ശനത്തിന്(സ്പാര്‍ട്ട) ലാലേട്ടന്‍ കുടുംബമായി എത്തി. സ്പാര്‍ട്ടയിലെ തീയേറ്റര്‍ സമുച്ചയത്തില്‍ എത്തിമ്പോള്‍ ഉടമ ജെയിംസ് മാത്യു സ്വീകരിക്കാന്‍ റോഷിനോടൊപ്പം മുന്‍പന്തിയില്‍. പേട്രിയറ്റിന്റെ നോര്‍ത്ത് അമേരിക്കന്‍ ഡിസ്ട്രിബ്യൂഷനിലെ ബിജു പുളിക്കന്‍, കാലിഫോര്‍ണിയയില്‍ നിന്ന് ഡ്രൈവ് ചെയ്ത് എത്തിയ കാര്‍ത്തിക്ക് നാഥ്, സാജു എന്നിവരും ഒപ്പം. നാട്ടില്‍ പേട്രിയറ്റ് ഉദാഘാടനം ചെയ്യുന്ന ദിവസമായ അന്ന് 11.45ന് ഡിജിറ്റല്‍ കീ പ്രവര്‍ത്തനമാരംഭിച്ചു. ആശീര്‍വാദ്/ഹോളിവുഡ് ഡയറക്ടര്‍ നില്‍ വിന്‍സന്റ്, വീഡിയോയും ഫോട്ടോകളും ചിത്രീകരിച്ച ജോണ്‍ മാര്‍ട്ടിനും കൂട്ടരും, ന്യൂജേഴിസി സംഘാടകരായ ഷിജോ പൗലൂസ്, ബൈജു വര്‍ഗീസ്, ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്-അമേരിക്കയുടെ മുന്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്ന് സുനില്‍ പൂവനാല്‍ എന്നിവരും റോഷനോടൊപ്പം എത്തിയിരുന്നു. കേക്കുകളും മറ്റും ക്രമീകരിച്ചത് റോഷനാണ്.

കുട്ടികളുടെ ഗ്രാജ്വേഷന്‍ പോലും മാറ്റി വെച്ചാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലാലേട്ടനെ കാണുവാന്‍ ആളുകള്‍ എത്തിയത്. ഇത് ഒരു അനുഭവമായി എന്ന് ലാലേട്ടന്‍ പറയുകയും ചെയ്തു.

കലാപരമായ ചരിത്ര ഇടവേളകളില്‍ ഇത്തരം സിനിമാ പ്രദര്‍ശനങ്ങള്‍ മനസിനെ കുളിരണിയിക്കുന്നു എന്ന് ലാലേട്ടന്‍ പറഞ്ഞതായി ആസ്വാദകര്‍ പറഞ്ഞു. ‘പേട്രിയറ്റി’ലെ മമ്മൂട്ടിയുടെ -ലാലേട്ടന്റെ ഭാഷയില്‍ ഇച്ചാക്കാ- പ്രകടനം അത്യുജ്ജ്വലമായി. 50 സിനിമകളിലെങ്കിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 40 വര്‍ഷത്തിലധികമായി ഇച്ചാക്കയുമായും ബന്ധവുമുണ്ട്. 'അഭിനയ മികവിന്റെ വഴിവിളക്കായി 'പേട്രിയറ്റി'നെ കാണുന്നു', ലാലേട്ടന്‍ പറയുന്നു.

ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജില്‍ നിന്ന് റൂട്ട് 80-യിലൂടെ 50 മിനിട്ട് മാത്രമുള്ള സ്പാര്‍ട്ടയിലെ തിയേറ്റര്‍ കോംപ്ലെക്‌സില്‍ പേട്രിയറ്റ് ഒന്നാം ദിവസം ലാലേട്ടന്‍ എത്തുമ്പോള്‍, 2 തീയേറ്ററുകളിലും ആഹ്ലാദകരമായ ഇന്റര്‍ വെല്ലിന് ഒരു തീയേറ്ററില്‍ നിന്ന് തൊട്ടടുത്തുള്ള തിയ്യേറ്ററിലേക്ക് ലാലേട്ടന്‍ എത്തുമ്പോള്‍ ആഡിയന്‍സ് ആകപ്പാടെ ഇളകി. സ്‌നേഹവായ്പുകള്‍ക്ക് അറുതിയില്ലല്ലോ.

ഇന്നലെ(ഞായര്‍) ലാലേട്ടന്‍ നാട്ടിലേക്ക് പോയി.