Image

​യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകൾ തകർന്നു; നൂറടിച്ച് പ്രതിപക്ഷം, ഭരണപക്ഷം 39-ലേക്ക്

Published on 04 May, 2026
​യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് കോട്ടകൾ തകർന്നു; നൂറടിച്ച് പ്രതിപക്ഷം, ഭരണപക്ഷം 39-ലേക്ക്

തിരുവനന്തപുരം: കേരളം വീണ്ടും വലത്തോട്ട്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ നൂറ് സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷവുമായി ഐക്യജനാധിപത്യ മുന്നണി ഭരണത്തിലേക്ക്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ എൽഡിഎഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് യുഡിഎഫിന്റെ ഈ വൻ കുതിപ്പ്. പ്രമുഖ മന്ത്രിമാരും ഇടതുകോട്ടകളും ഒന്നൊന്നായി തകർന്നുവീണ പോരാട്ടത്തിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ആധിപത്യം പുലർത്താനായത്. സംസ്ഥാനത്തുടനീളം വീശിയടിച്ച ശക്തമായ ഭരണവിരുദ്ധ വികാരമാണ് യുഡിഎഫിനെ സെഞ്ച്വറി തിളക്കത്തിലെത്തിച്ചത്.

​മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ സ്വന്തം മണ്ഡലങ്ങളിൽ പോലും കടുത്ത മത്സരം നേരിട്ടപ്പോൾ, യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമാണ് പ്രകടമായത്. ഇത്തവണയും നേരിയ നേട്ടവുമായി എൻഡിഎ ഒരു സീറ്റിൽ ലീഡ് നിലനിർത്തുന്നുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തൂത്തുവാരിയപ്പോൾ, വടക്കൻ കേരളത്തിലെ ഇടതുകോട്ടകളിലും വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു. വോട്ടെണ്ണൽ പുരോഗമിക്കവേ യുഡിഎഫ് പ്രവർത്തകർ സംസ്ഥാനത്തുടനീളം വിജയാഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക