Image

പി.സി. ജോര്‍ജും, ഷോണ്‍ ജോര്‍ജും പിന്നില്‍, ജോസ് കെ, മാണി രണ്ടാം സ്ഥാനത്ത്

Published on 04 May, 2026
പി.സി. ജോര്‍ജും, ഷോണ്‍ ജോര്‍ജും പിന്നില്‍, ജോസ് കെ, മാണി രണ്ടാം സ്ഥാനത്ത്

കോട്ടയം: ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ പൂഞ്ഞാറിൽ ബി.ജെ.പി സ്ഥാനാർഥി പി.സി ജോർജ് 8683 വോട്ടിന് പിന്നിൽ മൂന്നാംസ്ഥാനത്താണ് തുടരുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ 13721 വോട്ട് നേടി ഒന്നാംസ്ഥാനത്തും കോൺഗ്രസ്‍ സ്ഥാനാർഥി സെബാസ്റ്റ്യൻ എം.ജെ 13592 വോട്ടിന് രണ്ടാംസ്ഥാനത്തും മുന്നേറുന്നു.

പാലായിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാണി സി കാപ്പൻ 9915 വോട്ടിന് മുന്നിൽ നിൽക്കുന്നു. 8145 വോട്ടുമായി തൊട്ടുപിന്നിൽ ജോസ് ​​കെ. മാണിയാണ് തൊട്ടുപിന്നിൽ. ഷോൺ ജോർജ് 4109 വോട്ടിന് മൂന്നാം സ്ഥാനത്താണ്.

താമരയിലുദിച്ച പി.സി. ജോർജ് പൂഞ്ഞാറിന് കൗതുകമൊന്നുമായിരുന്നില്ല. എന്നാൽ, വോട്ടു പെട്ടിയിലായിക്കഴിഞ്ഞതും പള്ളിയെയും പട്ടക്കാരെയുമൊത്തെ തള്ളിപ്പറഞ്ഞ പി.സി, പലതിന്റെയും സൂചനയായിരുന്നു. പൂഞ്ഞാറിന്റെ വിധി എന്താകുമെന്നതിന്റെ കൃത്യമായ തിരിച്ചറിവുകളിൽ മെത്രാന്മാർക്കെതിരെയായി ഇക്കുറി വാമൊഴി വഴക്കം. ‘മെത്രാന്മാർ ഊളത്തരം കാണിക്കരുത്’ എന്ന് പ്രസ്താവനയുമായി വിശ്വരൂപം പൂണ്ടു. കത്തോലിക്ക കോൺഗ്രസ് ​ജോർജിനെതിരെ രംഗത്തുവന്നു. സെബാസ്റ്റ്യന്‍ കുളത്തുങ്കലും എം.ജെ. സെബാസ്റ്റ്യനും നേരങ്കം കുറിക്കുന്ന പൂഞ്ഞാറിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാൻ ജോർജിനായി എന്നത് വസ്തുതയാണ്. എങ്കിലും, ജയത്തിലേക്കുള്ള കോ​പ്പൊന്നും ഇക്കുറി ആവനാഴിയിലുണ്ടായിരുന്നില്ല. ഏഴ് തവണ എം.എല്‍.എയായിരുന്ന പി.സി. ജോര്‍ജ് വീണ്ടും മുൻ എം.എൽ.എ എന്ന വിശേഷണത്തിലൊതുങ്ങുന്നു.

തദ്ദേശക്കണക്കുകളിൽ പ്രതീക്ഷയർപ്പിച്ചുതന്നെയാണ് യു.ഡി.എഫ് ഇക്കുറി കളത്തിലിറങ്ങിയത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുന്നണി ഇക്കുറിക്ക് സാധ്യതയേറെയായിരുന്നു. ജില്ലയിൽ ഏറ്റവുമധികം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിലാണ് ഇക്കുറി ഏറ്റവുമധികം പോളിങ് നടന്നതും. കഴിഞ്ഞ തവണ എല്‍.ഡി.എഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ച​പ്പോൾ ജനപക്ഷം സ്ഥാനാര്‍ഥിയായി മത്സരിച്ച പി. സി. ജോര്‍ജ് രണ്ടാം സ്ഥാനത്തെത്തി. 2021ൽ എന്‍.ഡി. എയില്‍ ബി.ഡി.ജെ.എസ് ടിക്കറ്റില്‍ മത്സരിച്ച എം. പി. സെന്‍ നേടിയത് വെറും 2965 വോട്ടുകൾ. ഇക്കുറി ജോർജ് പിടിച്ച വോട്ടുകളുടെ കണക്കിൽ നിലയേറെ മെച്ചപ്പെടുത്തിയെന്ന് അവർക്ക് മേനി പറയാമെന്ന് മാത്രം.

ഭൂരിപക്ഷം തദ്ദേശപഞ്ചായത്തുകളിലും മേൽക്കോയ്മയുള്ള യു.ഡി.എഫ് വിജയിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. എം.ജെ. സെബാസ്റ്റ്യൻ തുടക്കത്തിൽ മണ്ഡലത്തിൽ അത്രയേറെ അറിയപ്പെടുന്ന ആളായിരുന്നില്ലെങ്കിലും പതിയെ കളംപിടിച്ചുകയറി. അതേസമയം മുന്നണികള്‍ക്കുള്ളിലെ അടിയൊഴുക്കുകളും തള്ളി കളയാനാകില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് വൈകിയെങ്കിലും പ്രചാരണഘട്ടത്തില്‍ വന്‍ സ്വാധീനമുണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഭരണവിരുദ്ധ വികാരവും അവരെ തുണച്ചു. ന്യൂനപക്ഷ വോട്ടുകൾ സിംഹഭാഗവും യു.ഡി.എഫി​ന്റെ പെട്ടിയിൽ വീണതാണ് പൂഞ്ഞാർ പിടിക്കാൻ അവരെ തുണച്ചത്.

മണ്ഡലത്തില്‍ പി.സി. ജോര്‍ജിനുള്ള വ്യക്തിപരമായ സ്വാധീനം വോട്ടായി മാറുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷ. ഒപ്പം, ക്രിസ്ത്യൻ ​വോട്ടുകളിൽ ഗണ്യമായൊരു ഭാഗം താമരയിൽ പതിക്കുമെന്നും അതുവഴി ജയം സ്വന്തമാകുമെന്നും കണക്കുകൂട്ടി. എന്നാൽ, ഇന്ത്യയിലെ സംഘടനകൾക്കും എൻ.ജി.ഒകൾക്കും വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമമായ ഫോറിൻ കോൺട്രിബ്യൂഷൻസ് റെഗു​ലേഷൻ ആക്ടുമായി (എഫ്.സി.ആർ.എ) മോദി സർക്കാർ അവതരിച്ചതോടെ ആ പ്രതീക്ഷകളെല്ലാം വെള്ളത്തിലായി. ബി.ജെ.പിക്ക് എതിരായ നിലപാട് ക്രിസ്ത്യൻ സമുദായം സ്വീകരിക്കുകയും ചെയ്തു. അതോടെയാണ് വൈദികരെ കടന്നാക്രമിച്ച് ജോർജ് അരി​ശം കാട്ടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‍ലിം സമുദായത്തിനെതിരേ നടത്തിയ കടുത്ത വിദ്വേഷ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പ്രചാരണത്തിന്റെ തുടക്കത്തിൽ പി.സി. ജോർജ് രംഗത്തുവന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. മുസ്‍ലിം വോട്ടർമാർ കൂടുതലുള്ള ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ജോർജിന് കനത്ത തിരിച്ചടിയേറ്റു.

2021ൽ പി.സി. ജോർജ്ജിനെ 16,817 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിലെത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക