Image

ധർമ്മടത്ത് മുഖ്യമന്ത്രിക്ക് തിരിച്ചടി; മന്ത്രിപ്പട പിന്നിൽ, സംസ്ഥാനത്ത് യുഡിഎഫ് തരംഗം

Published on 04 May, 2026
ധർമ്മടത്ത് മുഖ്യമന്ത്രിക്ക് തിരിച്ചടി; മന്ത്രിപ്പട പിന്നിൽ, സംസ്ഥാനത്ത് യുഡിഎഫ് തരംഗം

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ കേരളത്തെ ഞെട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പിന്നിലായി. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫിന്റെ ഉറച്ച കോട്ടയായ ധർമ്മടത്ത് മൂന്നാം റൗണ്ടിലാണ് മുഖ്യമന്ത്രിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദാണ് മുഖ്യമന്ത്രിയെ പിന്നിലാക്കിയത്. ആദ്യ രണ്ട് റൗണ്ടുകളിൽ ലീഡ് നിലനിർത്താൻ പിണറായിക്ക് സാധിച്ചെങ്കിലും ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെ യുഡിഎഫ് മുന്നേറുകയായിരുന്നു. നിലവിൽ 733 വോട്ടുകൾക്കാണ് അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നത്.

​മുഖ്യമന്ത്രിക്കു പുറമെ മന്ത്രിസഭയിലെ പ്രമുഖരും വോട്ടെണ്ണലിന്റെ തുടക്കത്തിൽ കനത്ത തിരിച്ചടി നേരിടുകയാണ്. മന്ത്രിമാരായ വി.എൻ. വാസവൻ, വീണ ജോർജ്, എം.ബി. രാജേഷ്, കെ.ബി. ഗണേഷ് കുമാർ, വി. ശിവൻകുട്ടി, ആർ. ബിന്ദു തുടങ്ങി പത്തോളം മന്ത്രിമാർ നിലവിൽ പിന്നിലാണ്. ചെങ്ങന്നൂരിലും കൊട്ടാരക്കരയിലും ആറന്മുളയിലും ഉൾപ്പെടെ എൽഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിൽ പോലും മന്ത്രിമാർ കിതയ്ക്കുന്ന കാഴ്ചയാണ് ആദ്യ ഘട്ടത്തിൽ ദൃശ്യമാകുന്നത്.

​സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം പ്രകടമാകുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറിലെ ഫലസൂചനകൾ നൽകുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോൾ, ചില മണ്ഡലങ്ങളിൽ എൻഡിഎയും കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. തപാൽ വോട്ടുകൾക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തുറന്നപ്പോഴും യുഡിഎഫിന്റെ ലീഡ് നില ഉയരുന്നത് എൽഡിഎഫ് ക്യാമ്പുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടെണ്ണൽ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഫലം മാറിമറിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക