
പ്രവാസ ജീവിതത്തിൻ്റെ നാൾവഴികളിൽ നേരിടുന്ന സമസ്യകളും, ഗൃഹാതുരത്വവും, നൊമ്പരം പേറുന്ന ഓർമ്മകളുമാണ് നിധി എന്ന കഥാ സമാഹാരത്തിലുള്ളത്. സൂക്ഷമനായ നിരീക്ഷണ പാടവം നല്ലൊരു എഴുത്തുകാരനു വേണ്ട സിദ്ധികളിലൊന്നാണ്. സാംജീവൻ്റെ രചനകളിൽ ആ കഴിവ് വളരെ പ്രകടമാണ്. ചുറ്റും നടക്കുന്ന സാധാരണ സംഭവങ്ങളിൽ നിന്നാണ് അദ്ദേഹത്തിൻ്റെ കഥകൾ രൂപം കൊണ്ടിരിക്കുന്നത്. അനുഭവങ്ങളാണ് അടിത്തറ. ആ അടിത്തറമേൽ ചടുലമായ ഭാവനാവിലാസം കൊണ്ട് പടുത്തുയർത്തിയിരിക്കുന്ന അതിമനോഹരമായ കഥകളാണ് ഈ സമാഹരത്തിലുള്ളത്. അതാണല്ലോ സർഗ്ഗശക്തി, സാംജീവ് അക്കാര്യത്തിൽ ധന്യനാണ്.
സ്വാന്തന്ത്യാനന്തര കാലത്തെ കേരള ജീവിതത്തിൻ്റെയും, ഒന്നാം തലമുറ അമേരിക്കൻ മലയാളിയുടെയും അനുഭവങ്ങളുടെ തുടിപ്പുകൾ ഈ കഥകളിൽ കാണാനാവും. അതോടൊപ്പം നമ്മുടെ നിയമ വ്യവസ്ഥയിലെ ക്രമക്കേടുകളും അവ ഒരു നല്ല പൗരൻ്റെ ജീവിതത്തെ എപ്രകാരം ദോഷകരമായി ബാധിക്കാം എന്ന് കഥകളിലൂടെ വ്യക്തമാക്കുന്നു. തികച്ചു വ്യത്യസ്ഥമായ വിഷയങ്ങളാണ് ഓരോ കഥയ്‌ക്കും വിഷയമായിരിക്കുന്നത്.
'തർക്കിക്കുന്നത് അമേരിക്കക്കാർക്ക് ഇഷ്ടമല്ല' എന്ന് കണ്ടെത്തുന്ന കഥയാണ് 'ഗ്രീക്ക് യോഗർട്ട്'. ഒരു കപ്പ് യോഗർട്ടിനെ ചൊല്ലി വർഷങ്ങളോളം കഥാകൃത്തിനോട് സഹപ്രവർത്തകനായ അമേരിക്കക്കാരൻ അകൽച്ച പാലിച്ചിരുന്നു. കഥ പറയുന്ന ആളിൻ്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു താഴ്ന്നപ്പോൾ സുഹൃത്തുക്കളാണ് അമേരിക്കക്കാരനായ സഹപ്രവർത്തകൻ്റെ മുറിയിൽ നിന്നും ഒരു കപ്പ് യോഗർട്ട് എടുത്തു നൽകി അപകടത്തിൽ നിന്നും രക്ഷപെടുത്തിയത്. പക്ഷേ അതിൻ്റെ പണം നൽകിയില്ല എന്നതാണ് അമേരിക്കക്കാരൻ പറയാതെ പറഞ്ഞ പരാതി. ഭാരതീയ സംസ്‌കൃതിയിൽ ലീനമായ ദയ, കാരുണ്യം, ദീനാനുകമ്പ തുടങ്ങിയ ഉന്നത വികാരങ്ങൾ പാശ്ചാത്യ ലോകത്ത് ദുർല്ലഭമാണെന്ന വെളിപ്പെടുത്തലാണ് ഈ കഥ.
ഭാരതത്തിൽ ബ്രിട്ടീഷുകാർ നടത്തിയ അടിമക്കച്ചവടത്തിൻ്റെ വേദനയൂറുന്ന അനുഭവങ്ങളുടെ ചിത്രങ്ങൾ 'നിറം മങ്ങിയ പതാകകൾ' എന്ന കഥയിൽ കാണാം. അയോദ്ധ്യയിൽ നിന്ന് ഗയാനയിലേക്ക് പറിച്ചു നടപ്പെട്ട ഒരു കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ പരശുരാം കുശാലിൻ്റെ കഥയാണിത്. അയാളുടെ അച്ഛനും അയാളും ഗയാനയിലാണ് ജനിച്ചത്. അയാളുടെ മുത്തച്ഛനെ ബ്രിട്ടീഷ് കമ്പനി ഇവിടെ കൃഷിയിടങ്ങളിൽ അടിമപ്പണി ചെയ്യാനാണ് കൊണ്ടുവന്നത്.
ഭാരതത്തിൽ 'അയോദ്ധ്യ' എന്നൊരു സ്ഥലമുണ്ടോ എന്നായിരുന്നു അയാൾക്ക് അറിയേണ്ടിയിരുന്നത്. അറിവും വേരുകളുമില്ലാത്ത പരശുരാം ഗയാനയിൽ ഇന്നു നയിക്കുന്നത് ഒരു നായയ്‌ക്കു സമാനമായ ജീവിതമാണെന്ന് ആ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം. അയാൾക്ക് സംസ്കാരവും സ്വത്വവും നഷ്ടപ്പെട്ടു, ആകെ ശേഷിക്കുന്നത് എന്നെങ്കിലും തൻ്റെ സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാമെന്ന ഒരിക്കലും നടക്കാത്ത ഭ്രാന്തമായ സ്വപ്നം മാത്രം.
സ്വാതന്ത്ര്യ സമര സേനാനിയായ ശങ്കുണ്ണിയപ്പൂപ്പനെക്കുറിച്ച് നാട്ടിൽ പരന്നിരുന്നത് നൂറുകൂട്ടം കഥകളായിരുന്നു. അതിലെല്ലാം ശങ്കുണ്ണിയപ്പൂപ്പൻ വില്ലൻ കഥാപാത്രമായിരുന്നു. കനത്ത സമ്പാദ്യത്തിൻ്റെ ഉടമയാണയാൾ. മഹാത്മാഗാന്ധിയെപ്പോലും ചതിച്ച് പണമുണ്ടാക്കിയവൻ. അതെല്ലാം ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അപ്പൂപ്പനെ അനുധാവനം ചെയ്ത കഥാകാരൻ അദ്ദേഹത്തിൻ്റെ ഇരുമ്പുപെട്ടിയിലെ സമ്പാദ്യം എന്താണെന്ന് കാണുകയും വായനക്കാർക്ക് കാണിച്ചു തരികയും ചെയ്യുന്നു.
ശങ്കുണ്ണിയപ്പൂപ്പനെ ശരിയായി മനസ്സിലാക്കുന്നത് കാപ്പിപ്പൊടി നിറത്തിലുള്ള ളോഹ ധരിക്കുന്ന സതീർത്ഥ്യനായ പാതിരിമാത്രം. അദ്ദേഹം ശങ്കുണ്ണിയപ്പൂപ്പനെ സ്വാതന്ത്ര്യസമര പെൻഷന് അപേക്ഷിക്കുവാൻ ഉപദേശിക്കുന്നു. പക്ഷേ ശങ്കുണ്ണിയപ്പൂപ്പന് അത് അംഗീകരിക്കാൻ കഴിയുന്നില്ല. ഉടുവിൽ അച്ചൻ്റെ ഉപദേശം മാനിച്ച് അദ്ദേഹം അപേക്ഷയുമായി കളക്ടറെ സമീപിച്ചു.
പൂർവ്വികൾ ചിന്തിയ രക്തപുഷ്പങ്ങളിൽ ചവിട്ടി നിന്നാണ് അധികാരികൾ തങ്ങളുടെ ധാർഷ്ട്യം കാണിക്കുന്നതെന്ന് ഓർമ്മപ്പെടുത്തുന്ന കഥയാണ് നിധി. സ്വാതന്ത്യാനന്തര ഭാരതത്തിൽ സ്വാതന്ത്ര്യ സമരഭടന്മാർ അനുഭവിച്ച അവഗണനയും അവഹേളനവും പുസ്തകത്തിൻ്റെ പേരിലുള്ള 'നിധി' എന്ന കഥയിൽ വിവരിച്ചിരിക്കുന്നു.
തൻ്റെ വിദ്യാർത്ഥിയായിരുന്ന രാജേന്ദ്രൻ ഐ. എ. എസ്സുകാരനായതിൽ അഭിമാനിക്കുന്ന ശുദ്ധനായ നാണുപ്പിള്ള എന്ന പെൻഷൻ പറ്റിയ പ്രൈമറി സ്‌ക്കൂൾ അദ്ധ്യാപകൻ്റെ ചിത്രം കഥാകൃത്തിൻ്റെ മികവാർന്ന മറ്റൊരു രചനയാണ്. ബിംബങ്ങളും പ്രതിച്ഛായകളും രൂപപ്പെടുന്നതും തകരുന്നതും വളരെ ഹൃദ്യമായാണ് 'അരിയോര' എന്ന കഥയിൽ പറയുന്നത്.
ശിപായിക്കോട്ട, കടം, ചുവന്ന മേൽക്കൂര, തൂടങ്ങിയ കഥകൾ ഗ്രാമീണ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ്. അവയൊന്നും മനസ്സിൽ നിന്ന് അത്രവേഗം മാഞ്ഞുപോകുന്നവയല്ല. ഈ സമാഹാരത്തിൽ കഥാകാരൻ ഓരോ കഥകളും വളരെ ഹൃദ്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു.
"പെണ്ണായിപ്പിറന്നതുതന്നെ കുറ്റം" എന്നു വിലപിക്കുന്ന സാറാത്തള്ള (പുഴുത്താറിച്ചക്ക), പണത്തിന് മനുഷ്യനേക്കാൾ വില നൽകുന്ന ഡോക്ടർ ലാംഗ് (ഹിപ്പോക്രാറ്റിൻ്റെ ശപഥം), ഓടിത്തളർന്ന ജീവിതവുമായി ജന്മനാട്ടിൽ അഭയം തേടി നിരാശനായ മറുനാട്ടുകാരൻ മലയാളി (ഭിക്ഷ), കുടുംബ ജീവിതത്തിൻ്റെ കടമകൾ മറന്നു പോയ സവിതാ മുക്കർജി (പാൻ പരാഗ്), ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന പരാജയവാദിയായ മൈക്കൾ മാത്യു ജോൺസ് (പലായനം), പുത്തൻ പണത്തിൻ്റെ ലഹരി തലയ്ക്കു പിടിച്ച ചിന്നമ്മിളിക്കുട്ടി (പത്തു രൂപ), അന്യൻ്റെ നന്മയിൽ അസൂയാലുവാകുന്ന കോരമാവൻ (ചുവന്ന മേൽക്കൂര), വിഭിന്ന സംസ്‌കാരങ്ങളുടെ സമ്മർദ്ദത്തിൽ വലയുന്ന സാറാ എന്ന സരസ്വതി (ഗായത്രി) ഇവരെയെല്ലാം ജീവിതത്തിൻ്റെ വഴിത്താരയിൽ നാം കണ്ടു മുട്ടാറുണ്ട്. ഇത് അവരുടെ കഥകളാണ്. പുസ്തകം വായിച്ച് മടക്കി വെച്ചാലും കഥയും കഥാപാത്രങ്ങളും അവ നൽകുന്ന സന്ദേശവും ഒരു വെളിച്ചമായി നമ്മോടൊപ്പം സഞ്ചരിക്കാനുണ്ടാവും എന്നത് കഥയുടെ വിജയമാണ്.
കഴിഞ്ഞ ഒരു ദശവത്സരത്തിനുള്ളിൽ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സാംജീവൻ്റെ മുപ്പത് കഥകളുടെ സമാഹാരമാണ് നിധി എന്ന ഈ പുസ്തകം. ഡോ. ജോർജ്ജ് ഓണക്കൂർ അവതാരിക എഴുതിയിരിക്കുന്നു. ഇത് നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്യുന്നു. വില 320 രൂപ.
സാംജീവ്
യഥാർത്ഥ പേര് സാമുവേൽ ഗീവർഗീസ് എന്നാണ്. സാംജീവ് എന്നത് തൂലികാനാമമാണ്. കൊല്ലം ജില്ലയിലെ വിലങ്ങറ എന്ന ഗ്രാമത്തിൽ ജനിച്ചു. കുസാറ്റിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. കേരളാ സ്റ്റേറ്റ് ഇലട്രിസിറ്റി ബോർഡിൽ എഞ്ചിനീയറായിരുന്നു. ഇപ്പോൾ അമേരിക്കയിൽ മിഷിഗൺ സ്റ്റേറ്റിൽ പ്രൊഫഷണൽ എഞ്ചിനീയറാണ്. ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതയും എഴുതുന്നു. അൻപതോളം കഥകൾ മലയാളത്തിലെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറോളം ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകം കൂടാതെ 'കഥ പറയുന്ന കല്ലുകൾ' (സഞ്ചാര സാഹിത്യം) പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വയൽ' എന്ന നോവൽ ഉടൻ പ്രസിദ്ധീകരിക്കും.
Email: samgeev45@gmail.com