
മലയാള സിനിമയിൽ അടുത്ത കാലത്തായി വലിയ തരംഗം സൃഷ്ടിച്ച ഡാർക്ക് കോമഡി ത്രില്ലർ ‘മോഹിനിയാട്ടം’ ഒടിടിയിലേക്ക് എത്തുന്നു. ഏപ്രിൽ 10-ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ ഹൈപ്പുകളില്ലാതെയാണ് പ്രദർശനത്തിന് എത്തിയതെങ്കിലും, ആദ്യ ഷോകൾ മുതൽ തന്നെ മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ഒരിടവേളയ്ക്ക് ശേഷം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ച ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ മെയ് 8 വെള്ളിയാഴ്ച മുതൽ സ്ട്രീമിംഗ് ആരംഭിക്കും.
തിയറ്ററുകളിൽ ചിരിപടർത്തിയ ചിത്രം ഒടിടിയിലെത്തുന്നതോടെ പല മടങ്ങ് വലിയ പ്രേക്ഷകവൃന്ദത്തിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ‘മോഹിനിയാട്ടം’, 2024-ൽ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം കോമഡി ഡ്രാമയായിരുന്നുവെങ്കിൽ, രണ്ടാം ഭാഗത്തിൽ ഡാർക്ക് കോമഡി ത്രില്ലർ എന്ന പരീക്ഷണമാണ് സംവിധായകൻ നടത്തിയത്. ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിൽ നേടാൻ കഴിയാതെ പോയ സാമ്പത്തിക വിജയം ഇക്കുറി പ്രേക്ഷകർ ‘മോഹിനിയാട്ട’ത്തിന് നൽകി.
വിഷ്ണു ആർ. പ്രദീപ് സഹരചയിതാവായ ചിത്രത്തിന്റെ പുതുമയാർന്ന അവതരണവും മികച്ച പാക്കേജിംഗുമാണ് ഇതിനെ സമീപകാലത്തെ ശ്രദ്ധേയമായ ഹിറ്റുകളിൽ ഒന്നാക്കി മാറ്റിയത്. ഇപ്പോഴും ബുക്ക് മൈ ഷോ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന ചിത്രം അവധിക്കാലത്ത് കുടുംബങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്