
മുഖ്യമന്ത്രിക്കസേര മോഹിച്ച് കുറച്ചുനാളായി കേരളത്തില്‍ തമ്പടിച്ച് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിന് വലിയ തിരിച്ചടി. കെ.സിയെ തന്ത്രപൂര്‍വം വെട്ടി ഒതുക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ഡല്‍ഹിയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയാണുണ്ടായത്. പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനായി പുനര്‍ നിയമനം നല്‍കിക്കൊണ്ടാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ തളച്ചിരിക്കുന്നത് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി കസേര പോരില്‍ നിന്നും ഈസിയായി ഒഴിവാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയ ഐഡിയയാണ് ഈ പുനര്‍ നിയമനം. കേരള മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കെ.സി വേണുഗോപാലിന്റെ അനവസരത്തിലുള്ള ഇടപെടലുകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വമുള്ള കെ.സി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കേണ്ട വ്യക്തിയാണ്. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി അദ്ദേഹം കേരളത്തില്‍ സജീവമായി ഉണ്ട്. കഴിഞ്ഞ സംഘടനാ തിരഞ്ഞടുപ്പില്‍ കെ.സി പക്ഷം കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്തു. ഇക്കാര്യത്തില്‍ വി.ഡി സതീശന് അടക്കം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് ഒട്ടും താത്പര്യമില്ലായിരുന്നെങ്കിലും അവര്‍ അക്കാര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ.സി വേണുഗോപാലും മുഖ്യമന്ത്രിയാവാനുള്ളവരുടെ കൂട്ടത്തില്‍ സ്ഥാനം ഉറപ്പിച്ചു. അതാവട്ടെ വലിയ സൈബര്‍ പോരാട്ടത്തിലേയ്ക്കെത്തുകയും ചെയ്തു.
ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് കെ.സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. 'കെസി @50' എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ.സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചുകൊണ്ടുള്ള കാമ്പെയ്ന് ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു. മെയ് ഒന്നിന് ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ട് തകൃതിയായി ചിത്രീകരണം നടന്നു വരികയായിരുന്നുവത്രേ. കെ.സി വേണുഗോപാലിനായി നടന്ന വന്‍ സൈബര്‍ കാംപയിനിനിടെ അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന് ആഗ്രഹം പ്രകടിപ്പിച്ചത് വിവാദമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടത് കെ.സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നും കെ.സി കേരളത്തെ നയിക്കാന്‍ ദിശാബോധമുള്ള നേതാവാണെന്നുമുള്ള സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കടുത്ത വിമര്‍ശനവും ക്ഷണിച്ചുവരുത്തി.
ഇപ്പോള്‍ ഉണ്ടായ ഹൈക്കമാന്‍ഡ് തീരുമാനത്തിലൂടെ കെ.സി മുഖ്യമന്ത്രി പദത്തിനായുള്ള ബലാബലത്തില്‍ നിന്നു തീര്‍ത്തും പുറത്തായിരിക്കുകയാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലേക്കു നിയോഗിക്കുകയാണെങ്കില്‍ പി.എ.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാവുമെന്ന് കണക്ക് കൂട്ടുന്ന കെ.സി മുഖ്യമന്ത്രി പദ മോഹം പാടേ ഉപേക്ഷിച്ചിട്ടില്ല. പി.എ.സി അധ്യക്ഷ സ്ഥാനത്തേക്ക് 2026-27 വര്‍ഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് മെയ് ഒന്നിന് പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ പി.എസ.ി അധ്യക്ഷനായി നിയമിക്കുകയാണ് കീഴ്വഴക്കം. ഇതനുസരിച്ചാണ് കെ.സി വീണ്ടും പദവിയിലെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍ നടത്തിയ പ്രസ്താവന കെ.സിക്ക് വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് കെ.സി വേണുഗോപാല്‍ യോഗ്യനാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പദത്തിനായി വി.ഡി സതീശനും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും പിടിമുറുക്കിയ പശ്ചാത്തലത്തിലായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. കെ.സി വേണുഗോപാല്‍ അനുഭവ പരിചയമുള്ള നേതാവാണ്. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവമാണെന്നും പറഞ്ഞ താരിഖ് അന്‍വര്‍ കെ.സി കേരളത്തിലേക്ക് പോയാല്‍ പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ നിരവധി പേരുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് താരീഖ് പ്രതികരിച്ചത്. എന്നാല്‍ പിറ്റെ ദിവസം തന്നെ ഹൈക്കമാന്‍ഡ് കെ.സിയെ വെട്ടിയത് രാഷ്ട്രീയ കൗതുകമായി.
നിലവില്‍ മുസ്ലീം ലീഗ് വി.ഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ലീഗിന്റെ അഭിപ്രായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെടെ വലിയ പ്രാധാന്യം ലഭിക്കുമെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെ.സി തനിക്കായി ക്യാമ്പയിന് ഡോക്ക്യുമെന്ററി തയ്യാറാക്കാന്‍ ശ്രമിച്ചത്. പുതിയ സാഹചര്യത്തില്‍ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി അധ്യക്ഷനായി കെ.സി ഡല്‍ഹിയില്‍ തുടരേണ്ടതിനാല്‍ അരാവണം മുഖ്യമന്ത്രി എന്നത് ഹൈക്കന്ഡിനു സുതാര്യമായി തീരുമാനിക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
കെ.സി ഒഴിവാകുന്ന പക്ഷം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എം.എല്‍.എമാരുടെ പിന്തുണ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പിന്തുണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനായിരിക്കും. രണ്ടാമത് ചെന്നിത്തലയ്ക്കായിരിക്കും. എന്നാല്‍ ഘടകകക്ഷികളുടെ പിന്തുണയാണ് സതീശന്റെ ബലം. നാലാം തീയതി യു.ഡി.എഫിന്റെ ദിവസമെന്നാണ് കെ.സി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാലത് തന്റെ കൂടി ദിവസമാക്കാനുള്ള കെ.സിയുടെ ഊര്‍ജിതമായ നീക്കങ്ങള്‍ക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ തടയിട്ടിരിക്കുന്നത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളാണ് കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കിയത്. ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍, സി.എന്‍.എന്‍ വോട്ട് വൈബ് 70-80, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെ.വി.സി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് സുപ്രധാന പ്രവചനങ്ങള്‍.