
മദ്യപാനത്തോടുള്ള ആശ്രിതത്വത്തെക്കുറിച്ച് ജാൻവി കപൂർ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രാജ് ഷമാനിയുടെ 'ഫിഗറിംഗ് ഔട്ട്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ്, മദ്യവുമായുള്ള തന്റെ ബന്ധം പുനഃപരിശോധിക്കേണ്ട സമയമായി എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെക്കുറിച്ച് ജാൻവി മനസ്സ് തുറന്നത്. മദ്യത്തോടുള്ള അമിത താൽപ്പര്യം പെട്ടെന്നുണ്ടായ കാര്യമല്ലെന്നും, മറിച്ച് ശാരീരികമായ ചില അസ്വസ്ഥതകളിൽ നിന്നും മുൻകാലങ്ങളിലെ ചില ദുരനുഭവങ്ങളെ ഓർമ്മിപ്പിക്കുന്ന മണങ്ങളിൽ നിന്നും ഉണ്ടായ നിശബ്ദമായ തിരിച്ചറിവാണെന്നും താരം പങ്കുവെച്ചു.
"ഞാൻ മദ്യത്തിന് അടിമയായിരുന്നു എന്നോ അത് ദുരുപയോഗം ചെയ്തിരുന്നു എന്നോ പറയില്ല, എന്നാൽ ഇടയ്ക്കിടെ മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു അനുഭവത്തിന് ശേഷമായിരുന്നു ഇത്. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് മദ്യപിക്കണം എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന്," എന്ന് ജാൻവി പറഞ്ഞു. 'പരം സുന്ദരി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം തന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞതിങ്ങനെ.
മദ്യപാനം തന്റെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് ജാൻവി കൂട്ടിച്ചേർത്തു. "രാവിലെ ഉറക്കമുണരുമ്പോൾ ഉണ്ടാകുന്ന ആ ഹാങ്ങോവർ എന്നെ അസ്വസ്ഥമാക്കിയിരുന്നു. അന്ന് എനിക്ക് എന്നിൽ നിന്ന് തന്നെ ഒരു പ്രത്യേക മണം അനുഭവപ്പെടുമായിരുന്നു. എന്റെ ജീവിതത്തിൽ മദ്യാസക്തിയുമായി പൊരുതിയിരുന്ന ഒരാളിൽ നിന്ന് ലഭിച്ചിരുന്ന അതേ പരിചിതമായ മണം. ആ മണം അനുഭവപ്പെടുമ്പോൾ തന്നെ ഇന്ന് നല്ലൊരു ദിവസമല്ലെന്ന് എനിക്ക് തോന്നുമായിരുന്നു," ജാൻവി വെളിപ്പെടുത്തി