
ടൊറന്റോ: കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനുമായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസ് കാനഡയുടെ നേതൃത്വത്തില്‍ വിപുലമായ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. കാനഡയിലെ വിവിധ പ്രമുഖ നഗരങ്ങളില്‍ കനേഡിയന്‍ ബ്ലഡ് സര്‍വീസസുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്. മാണി സാറിന്റെ സ്മരണാര്‍ത്ഥം പ്രവാസി സമൂഹം അര്‍പ്പിച്ച സമുചിതമായ പ്രണാമമായി ഈ സംരംഭം മാറി.
ലണ്ടന്‍ ഒന്റാരിയോ, ഗ്വല്‍ഫ്, എഡ്മിന്റണ്‍, സസ്‌കറ്റൂണ്‍, ഓട്ടവ, മിസിസ്സാഗ, ബര്‍ലിങ്ടണ്‍, സ്‌കാര്‍ബ്‌റോ, ഓഷവ, കാല്‍ഗറി, വന്‍കൂവര്‍ എന്നീ നഗരങ്ങളിലെ ബ്ലഡ് ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച മാണി സാറിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഇത്തരത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ ക്യാമ്പുകളില്‍ പങ്കുചേര്‍ന്ന് രക്തം ദാനം ചെയ്തു.
കാനഡ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് സോണി മണിയങ്ങാട്ട്, സെക്രട്ടറി സിനു മുളയാനിക്കല്‍, ട്രഷറര്‍ റോഷന്‍ പുല്ലുകാലായില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സന്ദീപ് കിഴക്കെപുറം എന്നിവര്‍ പരിപാടികള്‍ക്ക് പ്രധാന നേതൃത്വം നല്‍കി. വിവിധ നഗരങ്ങളിലായി നടന്ന ക്യാമ്പുകള്‍ക്ക് ബിനേഷ് ജോര്‍ജ്, അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, സിബി ജോണ്‍, ആസ്റ്റര്‍ ജോര്‍ജ്, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിന്തകര, മാത്യു റോയ് എന്നിവര്‍ നേതൃത്വം നല്‍കി.