Image

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് : ആർ. ഗോപാലകൃഷ്ണൻ

Published on 02 May, 2026
ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് : ആർ. ഗോപാലകൃഷ്ണൻ

❝കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് സിഗാർ ലൈറ്റർ എടുത്ത് ഒരു ഹാഫ് എ കൊറോണ ചുരുട്ടിന് തീകൊളുത്തി." ഈ ഒരു വാക്യം വായിച്ചാലുടൻ മലയാളത്തിലെ മുഖ്യധാരാ സാഹിത്യാസ്വാദകർ കോട്ടയം പുഷ്പനാഥ് എന്ന ഡിറ്റക്ടീവ് നോവലിസ്റ്റിനെ ഓർക്കും!❞

മലയാളത്തിലെ ജനപ്രിയ അപസർ‍പ്പക നോവലുകളുടെ എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് ഓർമ്മയായിട്ട് ഇന്ന് നാലു വർഷം ആകുന്നു... മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്ന പുഷ്പനാഥിൻറെ യഥാർത്ഥ പേര് 'പുഷ്പനാഥൻ പിള്ള'.(അഥവാ 'സി. ജി. സക്കറിയ' എന്ന് വിക്കിപീഡിയയിൽ കാണുന്നു; ഈ പരാമർശം എനിക്ക് മാസിലായില്ല. ഒരു പക്ഷേ, CSI ക്രിസ്ത്യാനിയായ മാതാപിതാക്കന്മാർ ഇട്ട പേര് അതാകാം.)

'കോട്ടയം പുഷ്പനാഥ്' എന്ന തൂലികാനാമത്തിലുടെ മാത്രമാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പക നോവലുകളിലൂടെ മാത്രമാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ 'ഡിറ്റക്റ്റീവ് മാർക്സി'നെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്; 'ഡിറ്റക്ടീവ് പുഷ്പരാജ്', 'ഡിറ്റക്റ്റീവ് സുധീർ' എന്നിവരും ചിലവയിൽ വരുന്നു...

ബി. ജി. കുറുപ്പും നീലകണ്ഠൻ പരമാരയും അനുജൻ തിരുവാങ്കുളവും പ്രാണാബും പോലുള്ള എഴുത്തുകാരുടെ അപസർ‍പ്പക കൃതികൾ വന്നിരുന്ന 1970-കളിൽ വളരെ വ്യത്യസ്തമായ രീതിയിൽ അപസർപ്പക സാഹിത്യത്തെ സമീപിച്ച ഒരെഴുത്തുകാരൻ ആയിരുന്നു പുഷ്പനാഥ്‌. മുന്നൂറോളം നോവലുകൾ കോട്ടയം പുഷ്പനാഥ് എഴുതിയിട്ടുണ്ട്. ധാരാളം 'മാന്ത്രികനോവലു'കളും എഴുതിയിട്ടുണ്ട്.

കോട്ടയം പുഷ്പനാഥ്, കണ്ണാടി വിശ്വനാഥന്‍ (CID മൂസ പോലെയുള്ള ചിത്രകഥകളുടെ സൃഷ്ടാവ്) തുടങ്ങിയ, മലയാളി ജനപ്രിയ സംസ്കാരത്തിന് സംഭാവന നല്‍കിയിട്ടുള്ളവർക്ക്‌ പല സമാനതകളും ഉണ്ട്: അവിശ്വസനീയവും അവിദഗ്‌ദ്ധവും ആയ കഥയും വായിച്ചാൽ 'ചിരിച്ചുപോകുന്ന' വിവരണവും; അതെ സമയം, ഒരു കൂട്ടം വായനക്കാരെ പിടിച്ചിരുത്തുന്ന ഒരു അന്തർധാരയും!

ഓർമ്മയിൽ നിന്ന് എഴുന്നതാണ്, ഈ ഒരു രംഗം: "വിനീസിലെ ഒരു റെസ്റ്റോറന്റിൽ 'റെഡ് വൈൻ' സിപ് ചെയ്തു ചിന്തയിൽ മുഴുകിയ ഡിറ്റക്റ്റീവ് മാർക്സിൻ ഇടക്കൊരു 'ചള്ളാസ്' എടുത്തു ചവക്കുന്നു" എന്നാണ് നോവലിസ്റ്റ് എഴുതുന്നത്....  (വിനീസിലെ റെസ്റ്റോറന്റിൽ നിന്നും പെട്ടന്ന് 'കരിമ്പിൻകാല' ഷാപ്പീലേക്കൊരു കൂടുമാറ്റം!) 'ഹാഫ് എ കൊറോണ' (ചുരുട്ട്), റെഡ് വൈൻ , സള്ളാസ്, പൊറോട്ട...... ഇതൊക്കെ ഡിറ്റക്റ്റീവ് മാർക്സിന്റെ 'വീക്നെസ്' ആണ്!

കോട്ടയത്ത് കണിയാംകുളം സത്യനേശന്റെയും (സത്യനേശൻ പിള്ളൈ) അദ്ധ്യാപിക റെയ്ചലിന്റെയും മകനായി, 1938-ൽ പുഷ്പനാഥൻ (പിള്ള?- ജ്ഞാനസ്നാനനാമം: സക്കറിയ?)) ജനിച്ചു. തിരുവനന്തപുരം ജില്ലാതിർത്തിയിലെ കളിയാക്കാവിളയിൽ നിന്ന് കോട്ടയത്ത് ഉദ്യോഗത്തിനായി കോട്ടയത്തേക്ക് കുടിയേറിയ സി.എസ്.ഐ. ക്രിസ്ത്യൻ ദമ്പതിമാറാണെത്രെ സത്യനേശനും റെയ്ചലും. കോട്ടയം ഗുഡ്ഷെപ്പേഡ് എൽ.‍ പി.എസി-ലായിരുന്നു വിദ്യാഭ്യാസത്തിന്റെ തുടക്കം. പിന്നീട് എം. ടി. സെമിനാരി ഹൈസ്കൂളിലെത്തിയതോടെ പുഷ്പനാഥൻ വായനയ്ക്ക് അടിമപ്പെട്ടു.

അധ്യാപകനായിരുന്ന കെ. പി. ഐപ്പ്, (കോവൂർ കുടുംബാംഗം) ഇടവേളകളില്‍ പറഞ്ഞുകൊടുത്ത കഥകള്‍ ഇന്നും മനസ്സിലുണ്ട്. കുട്ടികളിൽ ജിജ്ഞാസയുണർത്തുന്ന അത്തരം കഥകൾ ബോധ്യപ്പെടുത്താൻ ബോർ‍ഡിൽ ഐപ്പ്സാർ ചിത്രങ്ങളും വരയ്ക്കുമായിരുന്നു. ഇതിനുപുറമെയാണ് അധ്യാപികയായിരുന്ന അമ്മയുടെ സഹായം. പുസ്തകങ്ങളും വാരികകളുമെല്ലാം യഥേഷ്ടം അവർ എത്തിച്ചുകൊടുത്തു. വ്യാപാരിയാണെങ്കിലും നല്ല വായനക്കാരനായിരുന്ന അച്ഛനും പ്രോത്സാഹിപ്പിച്ചു.

ടി.ടി സി. പഠനത്തിനുശേഷം കോട്ടയം ജില്ലയിൽ അദ്ധ്യാപകനായി ആയിരുന്നു പുഷ്പനാഥൻ പിള്ളയുടെ ഔദ്യോഗിക ജീവിതം. കോട്ടയം മെഡിക്കൽ കോളേജ് ഹൈസ്കൂളിലും (ഗാന്ധി നഗർ) കരാപ്പുഴ സർക്കാർ സ്കൂളിലും എല്ലാം അദ്ധ്യാപകനായിരുന്നു.

ദീർഘകാലം കരാപ്പുഴ സർക്കാർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു പുഷ്പനാഥ്. "അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസുകൾ കുട്ടികൾക്ക് വിസ്മയകരമായിരുന്നു. കൗതുകകരമായ രീതികളും ഉച്ചാരണരീതിയും വിവരണങ്ങളും നിഗൂഢാത്മകമായ സ്വഭാവമുള്ള ഏതോ ലോകത്തേക്ക് എത്തിക്കുമായിരുന്നു... അദ്ദേഹത്തിൻ്റെ രചനകളിലെ കഥാപാത്രങ്ങളെ ഇടക്കൊക്കെ ഓർമിപ്പിക്കുന്ന ക്ലാസുകൾ എന്ന് വേണമെങ്കിൽ പറയാം!"- എന്ന് Prasanna Gresillon സാക്ഷ്യപ്പെടുത്തുന്നു.

തുരുതുരാ നോവലുകൾ എഴുതിയിരുന്നതൊന്നും പുഷ്പനാഥിൻ്റെ തൊഴിലായ അധ്യാപനത്തെ ബാധിച്ചുമില്ല. ഇതിനിടയിൽ പുഷ്പനാഥ്, പ്രൈവറ്റായി പഠിച്ച്, ‍ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു.

സ്കൂൾ കാലത്തു തന്നെ ചെറിയതോതിലുള്ള 'എഴുത്ത്' തുടങ്ങി. സ്കൂൾ മാഗസിനിലടക്കം അതു പ്രസിദ്ധീകരിച്ചു; പുഷ്പനാഥ് എം ടി സെമിനാരി സ്‌കൂളിലെ വിദ്യാർത്ഥിയായിരിക്കെ പുഷ്പനാഥ് സ്‌കൂൾ മാഗസിനായി 'തിരമാലകൾ' എന്ന ചെറുകഥ (ആദ്യകഥ?) എഴുതിയിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് സി.എൻ. ഐ. ട്രെയ്നിങ് സ്കൂളില്‍ (Cambridge Nicholson Institute's Training School) നിന്ന് ടി.ടി.സി. പാസായി, അപ്പർ പ്രൈമറി അധ്യാപകവൃത്തിയിലേക്ക് എത്തിയപ്പോൾ, എഴുത്തില്‍ കൂടുതല്‍ സജീവമായി. ചമ്പക്കുളം ബി. കെ. എം. ബുക്സിൻ്റെ 'ഡിറ്റക്ടർ' എന്ന മാഗസിനിലാണ് ആദ്യകാലത്ത് കൂടുതൽ എഴുതിയത്.

അക്കാലത്ത് കേരളത്തിൽ വൻ പ്രചാരമുണ്ടായിരുന്ന 'മനോരാജ്യം' വാരികയിൽ 'ചുവന്ന മനുഷ്യൻ'‍‍ എന്ന ആദ്യനോവൽ പ്രസിദ്ധീകരിച്ചതോടെയാണ് (1968-69) കോട്ടയം പുഷ്പനാഥ് ശരിക്കും അറിയപ്പെട്ടു തുടങ്ങിയത്. പിന്നാലെ 'മലയാള മനോരമ' ആഴ്ചപ്പതിപ്പിൽ 'പാരൽ റോഡ്'. ഇതോടെ പുഷ്പനാഥ് ഹിറ്റായി; ക്രമേണ, സകല 'മ' പ്രസിദ്ധീകരണങ്ങൾ‍ക്കും 'പുഷ്പനാഥ്' ഒരു അവിഭാജ്യ ഘടകമായി. ഒരേസമയം പത്തും പതിനഞ്ചും വാരികകൾ‍ക്ക് തുടർ‍നോവലുകൾ എഴുതുന്ന 'സാഹസിക കൃത്യം' ഏറ്റേടുക്കേണ്ടിവന്നു. നോവലുകള്‍ പുസ്തകമാക്കാനും വിദേശനോവലുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനും പുഷ്പനാഥ് സമയം കണ്ടെത്തി.

വായനക്കാർക്ക് ഇപ്പോഴും പുഷ്പനാഥിനെക്കാൾ അദ്ദേഹത്തിന്റെ നായക കഥാപാത്രങ്ങളായ 'ഡിറ്റക്ടീവ് മാർ‍ക്സി'നെയും 'ഡിറ്റക്ടീവ് പുഷ്പരാജി'നെയുമാണ് അടുത്തു പരിചയം. വിദേശത്തെ കേസുകൾ 'മാർ‍ക്സി'നും ഇന്ത്യയിലെ കേസുകൾ 'ഡിറ്റക്ടീവ് പുഷ്പരാജു'മാണ് കൈകാര്യംചെയ്തിട്ടുള്ളത്. രണ്ടുപേരും ഒരുമിച്ച് കൈകാര്യംചെയ്ത കേസുകളുമുണ്ട്! മാര്‍ക്സിൻ്റെ കൂട്ടുകാരി എലിസബത്തിനെയും പുഷ്പരാജിൻ്റെ കാമുകി മോഹിനിയെയും വായനക്കാർ‍ മറക്കില്ല.

'കാർപാത്യൻ' മലനിരകളിലൂടെ മാർക്സിനും കാമുകിയും സാഹസികയാത്ര നടത്തുന്നതും ഇംഗ്ളണ്ടിലെ നഗരങ്ങളും ബർമുഡ ട്രയാംഗിളും ശാന്തസമുദ്രത്തിലെ അന്തർ‍വാഹിനിയുമെല്ലാം തൊട്ടറിഞ്ഞതുപോലെയാണ് പുഷ്പനാഥ് എഴുതിയിട്ടുള്ളത്. ഈ മനുഷ്യന്‍ വിദേശത്തൊന്നും പോയിട്ടില്ല എന്നറിയുമ്പോഴാണ് കൌതുകം വര്‍ധിക്കുന്നത്.

നാഷണൽ ജ്യോഗ്രഫിയും റീഡേഴ്സ് ഡൈജ്സ്റ്റും മറ്റു വിജ്ഞാനഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമൊക്കെ വായിച്ച് ഹൃദിസ്ഥമാക്കിയാണ് ഈ പശ്ചാത്തലവിവരണങ്ങളൊക്കെ നടത്തിയിട്ടുള്ളത്. സൂഷ്മനിരീക്ഷണത്തിനുള്ള ക്ഷമയുണ്ടായാല്‍ അതൊക്കെ സാധ്യമാകുമെന്നാണ് അദ്ദേഹം പറയുന്നത്.

കുറ്റാന്വേഷണമാകുമ്പോൾ ചരിത്രം, ശാസ്ത്രം, പൊലീസ്, നിയമം, മനഃശാസ്ത്രം തുടങ്ങിയ മേഖലകളിൾ അറിവുണ്ടാകണം; ഇതൊക്കെ അദ്ദേഹം നേടിയത് നിരന്തരമായ വായനയിലൂടെ...

എന്നാൽ അവസാനകാലത്തു വായനക്കാരുടെ അഭിരുചി അനുസരിച്ചു എഴുത്തിൻ്റെ 'ട്രൻ്റ് ' മാറ്റി. ഡിറ്റക്ടീവ് മാർക്സിനിനും പുഷ്പരാജിനും വിശ്രമം കൊടുത്ത ഇക്കാലത്തു എഴുതിയത്, ദുർ‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളുമെല്ലാം നിറഞ്ഞാടിയ നോവലുകൾ മാത്രം. കുറ്റാന്വേഷണ കഥകളെക്കാൾ കാലമറിയപ്പോൾ ‍ മാന്ത്രിക നോവലുകളാണ് പ്രിയമെന്നു ആ 'ഡിക്ടറ്റീവ്' മണത്തറിഞ്ഞു!

മറ്റു ഭാവനാശാലികൾ സൃഷ്‌ടിച്ച, മിക്ക ദുർ‍മന്ത്രവാദികളും യക്ഷികളും പ്രേതങ്ങളും മഹാമാന്ത്രികരുമൊക്കെ ഹൈന്ദവ നാമങ്ങളിൽ അറിയപ്പെടുന്നവരാണെങ്കിൽ, പുഷ്പനാഥ് 'ക്രൈസ്തവരെ'യും ആ രംഗത്തു കൊണ്ടുവന്നു. 'ചുവന്ന കൈകളിൽ'‍ എന്ന മാന്ത്രിക നോവലിലാണ് ഈ പരീക്ഷണം. ആ കഥാപാത്രങ്ങൾ സെന്റ് തോമസിന്റെ കാലത്ത് മതപരിവർ‍ത്തനം ചെയ്തവരാണെന്ന മുൻ‍കൂർ ജാമ്യമെടുത്തിട്ടുണ്ട്.

'ബ്രഹ്മരക്ഷസ്', 'രണ്ടാം വരവ്', 'നീലക്കണ്ണുകള്‍', 'പടകാളിമുറ്റം', 'സൂര്യരഥം' തുടങ്ങിയവയൊക്കെ മാന്ത്രിക നോവലുകളുടെ പട്ടികയില്‍പ്പെടുന്നു.

എഴുതിക്കൂട്ടിയ രചനകളുടെ എണ്ണം പോയിട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കണക്കുപോലും അദ്ദേഹത്തിന് ഓർമ്മയില്ലായിരുന്നുവെത്രെ.... ഇദ്ദേഹം എഴുതിയ മുന്നൂറോളം നോവലുകലുകളിൽ, പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. 'ബ്രഹ്മരക്ഷസ്സ്', 'ചുവന്ന അങ്കി' എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

"മലയാളത്തിലെ സാധ്യതകള്‍ക്ക് കുറവില്ലെങ്കിലും തമിഴിൽ തൻ്റെ രചനകൾക്ക് നല്ല ഡിമാന്‍ഡാ"ണെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്.. എഴുപതോളം നോവലുകളുടെ തമിഴ് പരിഭാഷ പ്രസിദ്ധീകരിച്ചു. തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകളിലും നോവലുകൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.

2018 ഏപ്രില്‍ 10-ൽ മകന്‍ സലിം പുഷ്പനാഥ് തൻ്റെ റിസോർ ട്ടിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 'വന്യജീവി-ട്രാവൽ- ഫുഡ്' ഫോട്ടോഗ്രാഫറായിരുന്ന സലിമിൻ്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ തകർത്തിരുന്നു.

2018 മേയ് 2-ന്, 80-ാം വയസ്സിൽ, കോട്ടയം പുഷ്പനാഥ് അന്തരിച്ചു. സ്മരണാഞ്ജലികൾ!

K Balachandran Nair - text this added :

'കോട്ടയം പുഷ്പനാഥ്‌' എന്ന പേരിൽ പ്രശസ്തനായ നോവലിസ്റ്റ് തിരുവനന്തപുരം ജില്ലാതിർത്തിയിലെ കളിയാക്കാവിളയിൽ നിന്നു കോട്ടയത്ത് ഉദ്യോഗത്തിനായി കുടിയേറിയ സി.എസ്.ഐ. ദമ്പതി മാരുടെ പുത്രനാണ് എന്നത് അദ്ദേഹത്തിന്റെ നോവലുകളിലേതുപോലെയുള്ള ഒരു നിഗൂഢത...

തന്റെ ശരിയായ പേര് തന്നെ ആർക്കും കണ്ടെത്തതാനവാത്തവിധം പുഷ്പനാഥ്‌ എന്ന പേരു അദ്ദേഹതത്തിന് മേൽ ഉറച്ചു പോയിരുന്നു. ആരോ അതു പാടി നീട്ടി പുഷ്പനാഥൻ പിള്ള-യുമാക്കി.

മാർത്താണ്ഡം സ്വദേശിയും മലയാളം സംസാരിക്കാനല്ലാതെ വായിക്കാൻ അറിയാത്തവനുമായ ഒരു യുവാവ് (ഡോക്ടർ) ഒരു വിവാഹആലോചനയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ നിന്നാണ് കുറ്റാന്വേഷണ നോവലിസ്റ്റിന്റെ ജന്മസ്ഥലം ഞങ്ങളുടെ അയൻവക്കമാണെന്നു മനസ്സിലാക്കുന്നത്. കോട്ടയം പുഷ്പനാഥ്‌ പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റ് ആണോ എന്നാണ് കോളേജ് ചങ്ങാതിയായിരുന്ന അയാൾക്ക്‌ അറിയേണ്ടിയിരുന്നത്. മലയാളം വായനക്കാരുടെ ആവേശമാണ്, 'ടിയാൻ' എന്നു പറഞ്ഞു കൊടുത്തപ്പോൾ താൻ കേട്ടത് സത്യം തന്നെ എന്ന ആശ്വാസമായിരുന്നു അയാൾക്ക്‌. പുഷ്പനാഥ്‌ അപ്പോഴും പിറന്ന നാടുമായി ബന്ധം സൂക്ഷിച്ചിരുന്നു.....

വാഹന പ്രേമം :

കോട്ടയം പുഷ്പനാഥ് ഒരു വാഹന സ്‌നേഹികൂടിയായിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്ന 77 എന്ന നമ്പറുള്ള 1985 മോഡൽ ചുവന്ന ഒമ്‌നി.

അദ്ദേഹത്തിന്റെ വാഹനങ്ങളുടെ നമ്പർ എല്ലാംതന്നെ 77 എന്ന നമ്പർ ആയിരുന്നു.

വാഹനങ്ങളുടെ മെക്കാനിസത്തെ കുറിച്ചും ഗ്രാഹ്യമായ അറിവുണ്ടായിരുന്ന അദ്ദേഹം നോവൽ എഴുതുമ്പോൾ ചേസിങ്ങും മറ്റു സന്ദർഭങ്ങളുടെയും വിശദീകരണത്തിനു ഈ അറിവ് ഉപയോഗപ്പെടുത്തിയിരുന്നു.

courtesy: some in-puts in this are from: 'സണ്ണി മാര്‍ക്കോസ്'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക