Image

മുഖ്യമന്ത്രി കസേരയ്ക്ക് പിടിവലി; കെ.സി വേണുഗോപാലിന് കേന്ദ്രത്തിൽ പുതിയ ചുമതല; ഗ്രൂപ്പ് പോരിൽ ഹൈക്കമാൻഡ് ഇടപെടൽ

Published on 02 May, 2026
മുഖ്യമന്ത്രി കസേരയ്ക്ക് പിടിവലി; കെ.സി വേണുഗോപാലിന് കേന്ദ്രത്തിൽ പുതിയ ചുമതല; ഗ്രൂപ്പ് പോരിൽ ഹൈക്കമാൻഡ് ഇടപെടൽ

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷനായി പുനര്‍ നിയമിച്ചു. 2026-27 വര്‍ഷത്തേക്കുള്ള നിയമനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള വടംവലിക്കിടയില്‍ 'ഒത്തുതീര്‍പ്പ്' സ്ഥാനാര്‍ത്ഥിയായി കെ.സി. എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദേശീയതലത്തിലെ ഈ സുപ്രധാന പദവി തേടിയെത്തുന്നത്. ഇതോടെ അദ്ദേഹം കേരള രാഷ്ട്രീയത്തിലെ മത്സരരംഗത്തുനിന്ന് ഒഴിവായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

​മുഖ്യപ്രതിപക്ഷ കക്ഷിയിലെ അംഗത്തെ പി.എ.സി അധ്യക്ഷനായി നിയമിക്കുന്ന കീഴ് വഴക്കമനുസരിച്ചാണ് ലോക്‌സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടുന്ന സമിതിയുടെ അമരത്തേക്ക് കെ.സി. വീണ്ടും എത്തുന്നത്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലേക്ക് ഹൈക്കമാന്‍ഡ് നിയോഗിക്കുകയാണെങ്കില്‍ ഈ പദവി ഒഴിഞ്ഞ് കേരളത്തിലെത്താന്‍ തടസ്സമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹിയിലെ പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കെ.സി. ക്യാമ്പ്.

​വി.ഡി. സതീശനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നു എന്ന സൂചനകള്‍ പുറത്തുവന്നതാണ് കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ തുടരാന്‍ തീരുമാനിച്ചതിന് പിന്നിലെ പ്രധാന കാരണമെന്ന് പറയപ്പെടുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ലീഗിന്റെ നിലപാട് നിര്‍ണ്ണായകമാകും. കെ.സി. മത്സരത്തില്‍ നിന്ന് മാറുകയാണെങ്കില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം രമേശ് ചെന്നിത്തലയെ പിന്തുണച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

​എം.എല്‍.എമാരുടെ പിന്തുണയുടെ കാര്യത്തില്‍ കെ.സി. വേണുഗോപാലിനാണ് നിലവില്‍ മുന്‍തൂക്കമെന്നാണ് വിലയിരുത്തല്‍. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയുമുണ്ട്. ഘടകകക്ഷികളുടെ പിന്തുണയാണ് വി.ഡി. സതീശന്റെ കരുത്ത്. തിങ്കളാഴ്ചത്തെ വോട്ടെണ്ണല്‍ ഫലം അനുകൂലമായാല്‍, ഗ്രൂപ്പ് പോര് രൂക്ഷമായ കേരളത്തില്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നത് ഹൈക്കമാന്‍ഡിന് വലിയ വെല്ലുവിളിയാകും. കെ.സി. വേണുഗോപാലിന്റെ പുതിയ നിയമനം ഈ തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടുമോ അതോ അയവ് വരുത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക