
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും തിരക്കേറിയതും ആഡംബരം നിറഞ്ഞതുമായ മാൻഹട്ടനിലെ ഫിഫ്ത്ത് അവന്യൂവിനെ ഒരു നിമിഷം വിസ്മയിപ്പിച്ച് കൊണ്ട് ഒരു ഇന്ത്യൻ വിവാഹഘോഷയാത്ര അരങ്ങേറി. എ.ബി.സി ന്യൂസിലെ മെഡിക്കൽ ജേർണലിസ്റ്റ് ഡോ. അവിഷ് ജയിനും ജനിതക ഉപദേശകയായ പംക്തി ദോഷിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള 'ബാരാത്ത്' ആണ് ന്യൂയോർക്ക് നഗരത്തെ ഉത്സവലഹരിയിലാക്കിയത്.
പരമ്പരാഗത ശൈലിയിൽ നിന്ന് വ്യത്യസ്തമായി, വരനും വധുവും മൈക്രോഫോൺ കൈയിലേന്തി ലൈവ് സംഗീത പ്രകടനവുമായി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. നൂറുകണക്കിന് അതിഥികൾ പരമ്പരാഗത ഇന്ത്യൻ വേഷവിധാനങ്ങളണിഞ്ഞ് ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവടുവെച്ചതോടെ ഫിഫ്ത്ത് അവന്യൂ പൂർണ്ണമായും ഇന്ത്യൻ സംസ്കാരത്തിന്റെ വർണ്ണാഭമായ വേദിയായി മാറി. റോക്ക്ഫെല്ലർ സെന്ററിലേക്കായിരുന്നു ഈ വിവാഹഘോഷയാത്ര നീങ്ങിയത്.
വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രവാസി സമൂഹത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്ന് ഒരു വിഭാഗം കരുതുമ്പോൾ, നഗരത്തിലെ തിരക്കേറിയ പാതയിൽ ഗതാഗത തടസ്സമുണ്ടാക്കിയതിനെ ചിലർ വിമർശിക്കുന്നുണ്ട്. വിവാഹത്തിനായി നഗരസഭയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നതായി വരൻ അറിയിച്ചു. ന്യൂയോർക്ക് നഗരത്തോടുള്ള സ്നേഹപ്രകടനമായാണ് ഈ ആഘോഷത്തെ ദമ്പതികൾ വിശേഷിപ്പിച്ചത്.