Image

ജെ.പി. മോർഗൻ എക്സിക്യൂട്ടീവിനെതിരെ ലൈംഗിക പീഡനാരോപണം; വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യൻ വംശജനായ ബാങ്കർ

Published on 02 May, 2026
 ജെ.പി. മോർഗൻ എക്സിക്യൂട്ടീവിനെതിരെ ലൈംഗിക പീഡനാരോപണം; വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യൻ വംശജനായ ബാങ്കർ

ന്യൂയോർക്ക്: ലോകപ്രശസ്ത ധനകാര്യ സ്ഥാപനമായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന വനിതാ എക്സിക്യൂട്ടീവിനെതിരെ ഗുരുതരമായ ലൈംഗിക പീഡന-വംശീയ അധിക്ഷേപ പരാതിയുമായി ഇന്ത്യൻ വംശജനായ ബാങ്കർ ചിരയു റാണ രംഗത്ത്. ആദ്യം 'ജോൺ ഡോ' എന്ന രഹസ്യനാമത്തിലാണ് ന്യൂയോർക്ക് കൗണ്ടി സുപ്രീം കോടതിയിൽ പരാതി ഫയൽ ചെയ്തിരുന്നതെങ്കിലും, ന്യൂയോർക്ക് പോസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ ചിരയു റാണയാണെന്ന് വ്യക്തമായത്.

 ജെ.പി. മോർഗനിലെ ലിവറേജ്ഡ് ഫിനാൻസ് ഡിവിഷനിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ ലോർണ ഹജ്‌ദിനിക്കെതിരെയാണ്  ആരോപണം. തന്റെ ലൈംഗിക താല്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ലോർണ ഭീഷണിപ്പെടുത്തിയതായും, 'ബ്രൗൺ ബോയ് ഇന്ത്യൻ' എന്നതുൾപ്പെടെയുള്ള വംശീയ അധിക്ഷേപങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. കൂടാതെ, മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും റാണ ആരോപിക്കുന്നു. എന്നാൽ, ലോർണ ഹജ്‌ദിനിയും ജെ.പി. മോർഗൻ ബാങ്കും ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. താൻ ഒരിക്കലും ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും റാണ പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ താൻ പോയിട്ടില്ലെന്നുമാണ് ലോർണയുടെ അഭിഭാഷകർ വ്യക്തമാക്കിയത്. ബാങ്ക് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും, പരാതിക്കാരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജെ.പി. മോർഗൻ വക്താവ് അറിയിച്ചു. ഹൂലിഹാൻ ലോക്കി, മോർഗൻ സ്റ്റാൻലി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ചിരയു റാണ നിലവിൽ ബ്രെഗൽ സേഗ്മൗണ്ടിൽ പ്രിൻസിപ്പലായി ജോലി ചെയ്യുകയാണ്. തനിക്കുണ്ടായ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനും വൈകാരിക തകർച്ചയ്ക്കും നഷ്ടപരിഹാരം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക