Image

എന്നേം കിട്ടി (കവിത : താഹാ ജമാൽ)

Published on 02 May, 2026
എന്നേം കിട്ടി (കവിത : താഹാ ജമാൽ)

കിട്ടി
നിയെടുത്ത ഫോട്ടോയിൽ
എന്നേം കിട്ടി
വാഴത്തോപ്പിൽ
വളമിടുന്നവർക്കിടയിൽ
നഗരത്തിലൂടെ പോയ
സമരക്കാർക്കിടയിൽ
വെള്ളപ്പൊക്കത്തിലെ 
രക്ഷാപ്രവർത്തകർക്കിടയിൽ
പാമ്പുകടിയേറ്റവനെ
ആശുപതിയിൽ
കൊണ്ടുപോകുന്നതിനിടയിൽ
നീയെടുത്ത ഫോട്ടോയിൽ
എന്നേം കിട്ടി.

പണ്ട്
പാടത്ത് വെള്ളം കേറിയപ്പോൾ
തവള പിടിയ്ക്കാൻ പോയപ്പോൾ
മട പൊട്ടിയപ്പോൾ
തോട്ടായി കടവിൽ വെള്ളം പൊങ്ങിയപ്പോൾ
ഊത്തപിടുത്തക്കാർക്കിടയിൽ,
സുന്ദരി ജൂവലറിയുടെ ടീമിനൊപ്പം
ഫുഡ്ബോൾ കളികാണാൻ പോയപ്പോൾ
ആയിക്കുട്ടൻ തള്ളിക്കൊടുത്ത ബോൾ
ജിജി ഗോളാക്കിയതും
ആർപ്പുവിളിച്ചവർക്കിടയിൽ 
ആരവങ്ങൾക്കിടയിൽ
എത്രയോ പേരുണ്ടായിരുന്നു
ഗോൾവല കാത്ത അഷറഫും
പിൻഭാഗത്ത് മതിലായി നിന്ന
നൗഷാദും അനിയൻ കുഞ്ഞും
ഇവിടെ ജീവിക്കുന്നുണ്ട്.

കളി കണ്ടവരിൽ പലരും മടങ്ങി
അവർക്കിടയിലേക്ക്
നെജിബിക്കയ്യും , ബേബിച്ചനും.
പലരുമുണ്ടായിരുന്നിവിടെ
ഒരു ഫോട്ടോ ഭ്രാന്തിൻ്റേയും
ഓരംചേരാതെ ജനമനസ്സിൽ
ആർപ്പുവിളികളായവർ

എന്നേം
കിട്ടി
നിയെടുത്ത പല സ്നാപ്പുകളിൽ
ഞാനഭിനയിച്ചിരുന്നു
കാലങ്ങൾ കഴിഞ്ഞപ്പോൾ
"ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ലെ
ഒരു ജിവിതത്തെയും സത്യത്തെയും
എന്ന് ഞാൻ നിന്നോടു പറഞ്ഞുവോ" ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക