
" അച്ഛാ, ഇത് അനസൂയയാണ് "
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ കൂട്ടി ചേർത്തു,
" നവനീത് സൂചിപ്പിച്ചിട്ടുള്ള "
പേര് കേട്ടപ്പോൾ തന്നെ മുരളികൃഷ്ണന് വ്യക്തമായിരുന്നു, ഫോണിലെ ശബ്ദത്തിൻ്റെ ഉടമയാരെന്ന്.
മനപ്പൂർവ്വം മൗനം പാലിച്ചതാണ്?
അതോ പെട്ടെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ പോയതോ?
ശബ്ദം ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിലും, പേര് മുൻപേ കേട്ടിരിക്കുന്നു, മകൻ്റെ നാവിൽ നിന്ന്.
അവൻ്റെ ബെസ്റ്റിയായി അവതരിപ്പിച്ച പെൺകുട്ടിയുടെ പേര്: അനസൂയ, ഓർമ്മയിൽ ഇടം പിടിച്ച പേര്.
" മനസ്സിലായി, അനസൂയ, പറയു"
അയാളുടെ ശബ്ദം ശാന്തമായിരുന്നു.
പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായ പ്രതികരണമായി മായതുകൊണ്ടാകാം, അവൾ ഒരു നിമിഷം വാക്ക് മുട്ടി നിന്നു.
മകൻ്റെ കാമുകി അച്ഛനെ നേരിട്ട് വിളിച്ചിരിക്കുന്നു, രൂക്ഷമായ പ്രതികരണമാണ് പ്രതീക്ഷിച്ചത്.
കാലത്തിൻ്റെ മാറ്റം തിരിച്ചറിഞ്ഞ അച്ഛൻ,
അവൾ അതിശയിച്ചു.
" ഞങ്ങൾക്ക് അച്ഛനെ വീട്ടിൽ വന്ന് കാണാൻ അനുവാദം വേണമായിരുന്നു "
അവൾ നിർഭയത്തോടെ പറഞ്ഞു.
"എന്തിന്?"
മുരളി കൃഷ്ണൻ്റ ചോദ്യത്തിന് അനസൂയയുടെ മറുപടി പെട്ടെന്നായിരുന്നു.
"ഞങ്ങൾക്ക് ഒന്ന് പറയാനുണ്ടായിരുന്നു "
"ഇത് എന്നോട് പറയാൻ നവനീതിന് എന്താണ് തടസം?"
അയാളുടെ ചോദ്യത്തിൽ, മകനതിനുള്ള സ്വാതന്ത്യമുണ്ടെന്ന ധ്വനി അവൾ തിരിച്ചറിഞ്ഞു.
" നവനീതിന് മടിയുണ്ടായിട്ടല്ല, എൻ്റെ താല്പര്യമാണ് ..... അച്ഛൻ മറുപടി പറഞ്ഞില്ല "
അവൾ ശാന്തമായി പറഞ്ഞു.
"എനിക്ക് സമ്മതം "
അയാൾ നിസ്സoഗനായി പറഞ്ഞു.
" സന്തോഷം അച്ഛാ, പക്ഷെ അമ്മ..."
"അതിൽ ഞാനിടപെടില്ല"
അയാൾ ഒഴിഞ്ഞ് മാറി.
'' ഞാൻ അമ്മയെ വിളിച്ചിരുന്നു, എന്നോട് സംസാരിക്കാൻ തയാറായില്ല"
അവളുടെ വാക്കുകളിൽ നിരാശ നിഴലിച്ചിരുന്നു.
" നവനീത്, അമ്മയോട് കുട്ടിയെക്കുറിച്ച് പറഞ്ഞിട്ടില്ല, അറിയാത്ത ഒരാളോട് എന്ത് സംസാരിക്കാൻ, കൂടാതെ അമ്മക്ക് അതിന് കാരണമുണ്ടാകും"
അനസൂയയോട് മുരളി കൃഷ്ണൻ പറഞ്ഞ മറുപടിയിൽ അസുഖകരമായ ചില ഓർമ്മകളുടെ കനലുകൾ കെടാതെ കിടന്നിരുന്നു.
"ശരി അച്ഛാ, ഞങ്ങൾ വരും "
അവൾ സംസാരം അവസാനിപ്പിച്ചു.
അയാൾ ഒരു നിമിഷം കൂടി ഫോൺ ചെവിയോട് ചേർത്ത് വച്ചിരുന്നു.
പിന്നെ താഴെ വച്ചു.
അന്ന് ആ രാത്രിയിൽ, അത്താഴം കഴിഞ്ഞ്, മുരളി കൃഷ്ണൻ്റെ, മുറ്റത്തെ പതിവ് നടത്തിനിടയിലെക്കാണ്, മകൻ കടന്ന് വന്നത്.നിലാവ് പരന്ന രാത്രിയിൽ അവ്യക്തമെങ്കിലും അവൻ നോക്കിയത് അയാളുടെ മുഖത്തേക്ക് തന്നെയായിരുന്നു. ഒപ്പം നടന്ന് കൊണ്ട് അവൻ പറഞ്ഞത് അനസൂയയെ കുറിച്ചായിരുന്നു,
അവൻ്റെ ബെസ്റ്റി.
ഒരു സൂചന, കൂടുതൽ ഒന്നും പറഞ്ഞില്ല.
അയാൾ ചോദിച്ചതുമില്ല.
പക്ഷെ, മകൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ തന്നെ അയാൾക്ക് ബോധ്യമായിരുന്നു, അവൾ ബെസ്റ്റി മാത്രമല്ല അവൻ്റെ ജീവിതത്തിലെക്ക് കടന്നിരിക്കാൻ മാത്രം ആ ബന്ധo വളർന്നിരിക്കുന്നുവെന്ന്.
അയാൾ സ്തബ്ദനായില്ല, ക്ഷോഭിച്ചതുമില്ല.
നടന്ന് കൊണ്ട് തന്നെ ശാന്തനായി കേട്ടു .
പിന്നെ ഒന്ന് ഭയന്നു!
പിൻതിരിഞ്ഞ് നടന്ന മകനെ തിരികെ വിളിച്ചു.
അയാൾ പൂമുഖത്തെ കസേരയിൽ ചാരിയിരുന്നു.
നിലാവിൻ്റെ നിഴൽ വീണ മകൻ്റെ മുഖത്തേക്ക് നോക്കി,
" ഒരു നല്ല പെൺസുഹൃത്തിനെ കുറിച്ച് മാത്രമല്ല നീ എന്നോടിപ്പോൾ സൂചിപ്പിച്ചത്, നിൻ്റെ മനസ്സ് വായിക്കാൻ എനിക്ക് കഴിയും, നിൻ്റെ ഇഷ്ടത്തെ ഞാൻ എതിർത്തിട്ടില്ല മുൻപും, ഇപ്പോഴും അതേ, ഈ ബന്ധവും മറ്റൊരു തകർച്ചയിൽ അവസാനിക്കില്ലെന്ന് നിനക്കുറപ്പുണ്ടെങ്കിൽ മാത്രം "
അയാളു വാക്കുകളിൽ ആശ്വാസത്തേക്കാൾ ഭയം കലർന്നിരുന്നു.
" അച്ഛൻ കരുതുന്നതു പോലൊരു ബന്ധത്തേക്കുറിച്ച് ഞങ്ങൾ അല്ല ഞാൻ ആലോചിട്ടില്ല ഇതുവരെ, നാളെ അങ്ങനെ ആയിക്കൂടെന്നുമില്ല, എങ്കിൽ അത് ബാലിശമായ ഒരു തീരുമാനമായിരിക്കില്ല"
ഇത് പറയുമ്പോൾ ഇരുൾ മൂടിയ നിലാവിൽ മകൻ്റെ മുഖഭാവം കാണാൻ കഴിഞ്ഞില്ലെങ്കിലും വാക്കുകളിലെ ദൃഢത അച്ഛൻ കേട്ടറിഞ്ഞു.
രാത്രിയിൽ അച്ഛൻ, മകൻ സംഭാഷണത്തിൻ്റെ പൊരുൾതേടി വന്ന അമ്മക്ക് മുന്നിൽ അപ്പോൾ മൗനം പാലിച്ചു, രണ്ടു പേരും, പിന്നീടും.
പൊരുൾ അറിഞ്ഞാൽ ശ്രീവിദ്യക്ക് ആധിയുണ്ടാകുമെന്ന് മുരളീകൃഷ്ണന്
അറിയാമായിരുന്നു.രാക്കാറ്റിൻ്റെ ഇളംതണുപ്പിലും അയാൾ ഒന്ന് വിയർത്തുവോ?
കലാലയത്തിൽ മൊട്ടിട്ട മകൻ്റെ ആദ്യ പ്രണയം, അതിൻ്റെ പരിശുദ്ധിയുടെ മാറ്റും ആത്മാർഥയുടെ ആഴവും അറിഞ്ഞ് അവൻ സ്നേഹിച്ച പെൺകുട്ടി, സോഫിയ, കൂടെ പഠിച്ച കൂട്ടുകാരി,
ഒരുമിച്ച് അവർ നെയ്ത സ്വപ്ന കൂട് വിട്ട് ഒന്നും മിണ്ടാതെ മിണ്ടാതെ പോയപ്പോൾ,
വിടരാതെ കരിഞ്ഞ ആദ്യ പ്രണയനഷ്ടത്തിൻ്റെ ബാക്കിപത്രം പോലെ മകൻ വീണ് പതിച്ച അശനിപാതത്തിൻ്റെ ആഴങ്ങളിൽ , ഉള്ളുരുകി ഒപ്പം നിന്ന അമ്മ, സുകൃതബലത്തിലെന്നപ്പോൽ
മകൻ കരകയറി വന്നപ്പോൾ,
ഇതാ മറ്റൊരു പെണ്ണ്, അമ്മക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് മകനും അറിയാം.
ഉച്ചവെയിൽ താണ്ടി, നവനീതിനൊപ്പം സ്വയം ഓടിച്ച് വന്ന കാറിൽ നിന്നിറങ്ങിയ അനസൂയയുടെ മുഖഭാവത്തിൽ അപരിചിതത്വമോ, സങ്കോചമോ തെളിഞ്ഞ് കണ്ടില്ല. നവനീതിൻ്റെ മുഖത്ത് ജാള്യതയുടെ അംശം നിഴലിച്ചിരുന്നുവോ?
നവനീതിനിന് പുറകെ പൂമുഖത്തേക്ക് കയറിയ അനസൂയ അച്ഛനെ വണങ്ങി.
പ്രതീക്ഷയോടെ അമ്മയെ തിരഞ്ഞു.
"അമ്മ അകത്തുണ്ട് "
അയാൾ പറഞ്ഞവസാനിപ്പിച്ചതും, അവൾ നവനീതിൻ്റെ കൈ പിടിച്ച് അകത്തേക്ക് കയറി.
തീഷ്ണമായ വെയിൽ ദിനത്തിൽ, അങ്ങിങ്ങായി, മരക്കാലുകൾ തണൽ വിരിച്ച മുറ്റത്തേക്ക് നോക്കി മുരളി കൃഷ്ണൻ കസേരയിലേക്ക് അമർന്നിരുന്നു.
ഇത് പരീക്ഷണമോ, ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളോ, അതോ കർമ്മഫലങ്ങളുടെ പ്രതിഫലനങ്ങളോ,
കാലത്തിൻ്റെ അതിശയിപ്പിക്കുന്ന മാറ്റത്തെ കുറിച്ച് അയാൾക്ക് അങ്ങനെ ചിന്തിക്കാനെ കഴിഞ്ഞുള്ളു.
അയാൾ ശ്വാസഗതി നിയന്ത്രിച്ച്
സ്വസ്ഥനാകാൻ ശ്രമിച്ചു.
അമ്മയുടെ കൈപിടിച്ച് പൂമുഖത്തേക്ക് വന്ന അനസൂയയാണ് ആദ്യം സംസാരിച്ചത്, തെളിഞ്ഞ ശബ്ദത്തിൽ, സ്പുടതയോടെ, അശാന്തി നിറഞ്ഞ മുഖത്തോടെ ശ്രീവിദ്യ നിന്നു.
" അച്ഛനും അമ്മയും കേൾക്കണം, ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാണ്, അറിഞ്ഞവരുമാണ്.ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം, സന്തോഷത്തോടെ സമ്മതിക്കണം"
"ഇത് നിങ്ങൾ രണ്ടു പേരും ചേർന്നെടുത്ത ഉറച്ച തീരുമാനമാണെങ്കിൽ, ഞങ്ങൾ എതിർക്കില്ല. പക്ഷെ ഒരുറപ്പ് വേണം, മോള് ഇവനെ പാതി വഴിയിൽ ഉപേക്ഷിക്കില്ലാ എന്ന ഉറപ്പ് "
അയാളുടെ വാക്കുകൾ ദുർബലമായിരുന്നില്ല.
" അച്ഛനോട് നവനീത് പറയാതിരുന്ന ഒന്നുണ്ട്, സോഫിയയെ പോലെ ഞാനും ഇവൻ്റെ ക്ലാസ് മേറ്റായിരുന്നു, കോളജിൽ.
തലയെടുപ്പുള്ള തീപ്പൊരി വിദ്യാർഥി നേതാവ്, ഞങ്ങളുടെ ചെയർമാനായ, നവനീതിനെ പ്രണയിച്ചവൾ, പക്ഷെ ഇവൻ്റെ ഇഷ്ടം സോഫിയയോടാണെന്ന് അറിഞ്ഞപ്പോൾ, നിശബ്ദയായി മാറി നിന്നു. കോളജ് വിട്ട് കഴിഞ്ഞ്, സാഹചര്യത്തിൻ്റെ സമ്മർദ്ദത്താലാകാം സോഫിയ പിൻമാറിയപ്പോൾ, കടുത്ത നിരാശയിൽ ജീവിതത്തിൽ നിന്നും ഒളിച്ചോടിയ നവനീതിനെ ഞാൻ തേടിപ്പിടിക്കുകയായിരുന്നു. സ്വയം തോറ്റ് കൊടുക്കാൻ തീരുമാനിച്ച ഇവനെ ചേർത്ത് പിടിച്ചത് വിട്ട് കളയാനല്ല, അച്ഛന് എന്നെ വിശ്വസിക്കാം"
ചേർന്ന് നിൽക്കുന്ന അവരുടെ കൈവിരലുകൾ പരസ്പരം കോർക്കുന്നതും, കണ്ണുകൾ ഇടയുന്നതും അച്ഛൻ ശ്രദ്ധിച്ചു.
അവളുടെ വാക്കുകൾ ഒരുറച്ച മനസ്സിൽ നിന്നാണെന്ന് അച്ഛൻ തിരിച്ചറിയുന്നു.
ഒരാശ്വാസത്തിൻ്റെ നിർവൃതിയോടെ നിന്ന ശ്രീവിദ്യയുടെ ഇടം കൈയ്യിൽ മുരളീകൃഷ്ണൻ മുറുകെ പിടിച്ചു.