
പ്രാകൃതമായ പകലിന്റെ ഒടുക്കത്തിൽ,
നീ സ്വയം, നിന്റെ വിധി എഴുതി.
കത്തുന്ന കനലിന്നു കരി എഴുതി.
മൃത്യു സ്വയമേറ്റുവാങ്ങി ഗർത്തം തേടി.
ആഴിയുടെ അഗാധതയിൽ തെറിച്ചുവീണ,
നിന്റെ വർണ്ണങ്ങൾ ഇരുളിൽ മുങ്ങി താണു.
എരിഞ്ഞു,ശൂന്യമായ ജീവന്റെ അസ്തമയം.
പാൽ പുഞ്ചിരിയോടെ മെല്ലെ ഇരുളിൽ,
മൗന സമേതനായ് നീ വീണ്ടുംഒഴുകി വന്നു.
രാത്രിയുടെ കറുത്തു നനുത്ത കാറ്റിൽ,
തണുത്ത പാലരുവിപോൽ നീ..ഒഴുകി,ഒഴുകി ..
പ്രണയമൂറും നീല നിലവായ് കാവൽ നിന്നു.
പുതു ജീവന് തുടിപ്പേകി, പ്രണയമായ് ,
വർണ്ണമായ്,കുളിരായ് പെയ്തിറങ്ങി.
ചുവപ്പും മഞ്ഞയും ചാലിച്ച മേലാപ്പിൽ,
കിളി ചൊല്ലുകളും,ഇരതേടുന്ന ചിറകടിയും.
ശൈത്യം നഗ്നമാക്കിയ മരച്ചില്ലകളിൽ,
പുതു നാമ്പിന്റെ മഞ്ഞ വെളിച്ചമായ്,
പുതു പുറപ്പാടിന്റെ ബാല്യമായ്,കുളിരായ്,
കറുപ്പിന്റെ ലോകത്തേയ്ക്ക് വാതിൽ
തുറക്കുന്ന പുതു പ്രഭാതമായ് വീണ്ടും...
മഴമേഘങ്ങൾ പെയ്തൊഴിയാത്ത,
പ്രകാശം കട്ടപിടിച്ചു ജ്വാലയായ്,..
കത്തിയെരിഞ്ഞു വിയർപ്പായ് പൊഴിഞ്ഞു,..
ഉപ്പുകണങ്ങൾ ഈ മണ്ണിൽ അലിഞ്ഞു,..
തീർന്നില്ലാതെയാവുന്ന ഓരോ നിമിഷവും,
ഒരു നിഴൽ മാത്രം ബാക്കിയാക്കി നീ വീണ്ടും,
നിന്റെ യാത്ര തുടരുകയായ് അനന്തമായ് .
ഇരുട്ട് തേടി, അവസാനമില്ലാത്ത യാത്ര.
Read More: https://www.emalayalee.com/writer/320