Image

അന്ന് ഉമ്മന്‍ ചാണ്ടി അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നില്ല; ഇന്ന് കളം പലതായി മാറി

എ.എസ് ശ്രീകുമാര്‍ Published on 01 May, 2026
അന്ന് ഉമ്മന്‍ ചാണ്ടി അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നില്ല; ഇന്ന് കളം പലതായി മാറി

 

ണ്ട് കെ കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ മുന്നണിയെ നയിച്ചിരുന്ന കാലത്ത് തിരഞ്ഞടുപ്പ് വിജയമുണ്ടായാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇന്നത്തെപ്പോലെ വലിയ തര്‍ക്കമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പദം സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ കാലം വരെ ഇല്ലാതിരുന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ സൈബര്‍ പ്ലാറ്റ് ഫോമിലൂടെയാണ് തലപൊക്കുന്നത്. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമായതോടെ, കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങള്‍ കൊഴുക്കുന്നു. വോട്ടെണ്ണല്‍ കാത്തുനില്‍ക്കാതെ തന്നെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കായി അണികള്‍ രംഗത്തെത്തിക്കഴിഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരില്‍ വലിയ കാമ്പെയ്ന്‍ തന്നെയാണ് പരസ്യമായും രഹസ്യമായും നടക്കുന്നത്.എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണച്ചത് വി.ഡി സതീശനെയാണ്. എന്നാല്‍, മന്ത്രിസ്ഥാനം വഹിച്ചുള്ള പരിചയക്കുറവും പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധത്തിലെ വിള്ളലുകളും അദ്ദേഹത്തിന് വെല്ലുവിളിയായേക്കാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിലും കെ.സി. വേണുഗോപാല്‍ വഹിച്ച പങ്ക് എടുത്തുപറഞ്ഞാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തുള്ളത്. ദീര്‍ഘകാലത്തെ ഭരണപരിചയവും മുന്നണി നേതാക്കളുമായുള്ള അടുത്ത ബന്ധവുമാണ് രമേശ് ചെന്നിത്തലയുടെ കരുത്ത്.

ഇതിനിടെ, വി.ഡി സതീശനെ പരസ്യമായി പിന്തുണച്ച മുസ്ലിം ലീഗിന്റെ നടപടിയില്‍ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. കെ.സി വേണുഗോപാല്‍ പക്ഷങ്ങളുടെ തുടര്‍ നീക്കം നിരീക്ഷിക്കുകയാണ് ചെന്നിത്തല അനുകൂലികള്‍. കെ.സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കെസി @50 എന്ന പേരില്‍ രാഷ്ട്രീയത്തിലിറങ്ങിയ കെ സി വേണുഗോപാലിന്റെ 50 വര്‍ഷങ്ങള്‍ ഇതിവൃത്തമാക്കിയായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആലപ്പുഴയിലും, കണ്ണൂരിലുമെല്ലാം ചിത്രീകരണവും നടന്നിരുന്നു. ഇന്ന് ഡോക്യുമെന്ററി പുറത്തിറക്കുക ലക്ഷ്യമിട്ട് തകൃതിയായി ചിത്രീകരണം നടന്നു വരികയായിരുന്നുവത്രേ.  കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാത്തപക്ഷം പിന്തുണ ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗം കണക്കുകൂട്ടുന്നത്. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന് കെ.സി പക്ഷം സൂചിപ്പിക്കുന്നു.

പിണറായി വിജയന് ഭരണം തുടങ്ങും മുമ്പ് ഉമ്മന്‍ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. എ.കെ. ആന്റണി 2004 ആഗസ്റ്റ് 28-ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ്  ആദ്യമായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായത്. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരുടെ രാജിയാണ് ഈ മന്ത്രിസഭയുടെ കാലത്തെ പ്രധാന സംഭവങ്ങള്‍. 2004 ആഗസ്റ്റ് 31 മുതല്‍ 2006 മേയ് 12 വരെയായിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി. തുടര്‍ന്ന് വി.എസിന്റെ അഞ്ചു വര്‍ഷത്തെ ഭരണകാലത്തിന് ശേഷം ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി.

13-ാം കേരള നിയമസഭയിലേക്ക് 2011 ഏപ്രില്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ 72 സീറ്റോടെ യു.ഡി.എഫ് മുന്നിലെത്തി. എല്‍.ഡി.എഫ് 68 സീറ്റുംനേടി. ബി.ജെ.പി രണ്ട് നിയോജക മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് -38, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്-20, കേരളാ കോണ്‍ഗ്രസ്(എം)-9, സോഷ്യലിസ്റ്റ് ജനത-2, കേരള കോണ്‍ഗ്രസ്(ബി), കേരള കോണ്‍ഗ്രസ്(ജേക്കബ്), ആര്‍.എസ്.പി (ബി) എന്നിവ ഒന്നുവീതം. ഇതായിരുന്നു യു.ഡി.എഫിന്റെ കക്ഷിനില.

എല്‍.ഡി.എഫില്‍ 45 സീറ്റ് നേടി സി.പി.എം കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. സി.പി.ഐ-13, ജനതാദള്‍ (സെക്യുലര്‍)-4, ആര്‍.എസ്.പി-രണ്ട്, എന്‍.സി.പി-2, എല്‍.ഡി.എഫ് സ്വതന്ത്രര്‍-2. 2011 മെയ് 18ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പടെ 20 മന്ത്രിമാരാണുണ്ടായിരുന്നത്. ജൂണ്‍ ഒന്നിന് നിയമസഭ നിലവില്‍വന്നു. ജി.കാര്‍ത്തികേയന്‍ സ്പീക്കറും എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറുമായി. നാമമാത്ര ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സംഭവ ബഹുലമായിരുന്നു. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് തന്നെ ജയിച്ചു.

മന്ത്രിയായിരുന്ന ടി.എം.ജേക്കബ് 2011 ഒക്ടോബര്‍ 30-ന് അന്തരിച്ചതാണ് ആദ്യ ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്. 2012 മാര്‍ച്ച് 16-ന് നടന്ന പിറവത്ത് നടന്ന ആ ഉപതിരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് വിജയിച്ചു. ഏപ്രില്‍ 12- ന് അനൂപ് ജേക്കബും മുസ്ലീം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞചെയ്തു. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ ആയിരുന്ന ആര്‍ സെല്‍വരാജ് 2012 മാര്‍ച്ച് 10-ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജൂണ്‍ രണ്ടിന് ഇവിടെ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും സെല്‍വരാജ് തന്നെ വിജയിച്ചു. ഇതോടെ യു.ഡി.എഫിന്റെ അംഗബലം 73 ആയി.

2014-ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍.എസ്.പിയിലെ രണ്ട് അംഗങ്ങളും എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫില്‍ എത്തി. എന്നാല്‍ 2016 ജൂണില്‍, സര്‍ക്കാരിന്റെ അവസാന കാലത്ത് ആര്‍.എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ച് ആര്‍.എസ്.പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടിയുണ്ടാക്കി. കുഞ്ഞുമോന്റെ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പമായി. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ 2013 ഏപ്രില്‍ രണ്ടിന് മന്ത്രിസ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ വിത്യാസം കാരണം ഗണേഷ്‌കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിയും സര്‍ക്കാരിന്റെ അവസാനകാലത്ത് യു.ഡി.എഫ് വിട്ടു.

കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയായി 2014 ജനവരി ഒന്നിന് മന്ത്രിസഭയിലെത്തി. സോളാര്‍ കേസ്സും ബാര്‍ക്കോഴ കേസ്സും സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും 2016 ജൂണ്‍ 26-ന് അരുവിക്കര മണ്ഡലത്തില്‍ നടന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിലെ കെ.എസ് ശബരീനാഥന്‍ വിജയിച്ചു. സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ നിര്യാണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 2015 മാര്‍ച്ച് ഏഴിനാണ് കാര്‍ത്തികേയന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ശബരീനാഥനാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. എന്‍ ശക്തനാണ് പിന്നീട് സ്പീക്കറായത്. പാലോട് രവി ഡെപ്യൂട്ടി സ്പീക്കറും. ബാര്‍ക്കോഴ കേസ്സില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ 2015 മാര്‍ച്ച് 13-ന് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. കേരള നിയമസഭ കണ്ട എക്കാലത്തെയും രൂക്ഷമായ സംഘര്‍ഷമാണ് അന്ന് സഭയില്‍ അരങ്ങേറിയത്. സ്പീക്കറുടെ വേദി തകര്‍ക്കപ്പെട്ടു. അംഗങ്ങള്‍ തമ്മിലടിച്ചു. കേസ്സുകള്‍ കോടതിയിലെത്തി.

എന്നാല്‍ മാണിക്ക് പിടിച്ചുനില്‍ക്കാനായില്ല. ബാര്‍ക്കോഴ കേസ്സിലെ കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് ആ വര്‍ഷം നവംബര്‍ 10-ന് മാണി രാജിവെച്ചു. ബാര്‍ക്കോഴ കേസ്സില്‍പ്പെട്ട എക്‌സൈസ് മന്ത്രി കെ ബാബുവിന് 2016 ജനവരി 24-ന് രാജിവെയയ്‌ക്കേണ്ടിവന്നെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചില്ല. കോടതി പരാമര്‍ശം അനുകൂലമായതിനാല്‍ ദിവസങ്ങള്‍ക്കകം ബാബു പ്രസ്താവന പിന്‍വലിച്ച് മന്ത്രിസഭയില്‍ തിരിച്ചെത്തി. പാര്‍ട്ടി നേതാവ് കെ.എം മാണിയുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്‍ന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സഖ്യമുണ്ടാക്കി സ്ഥാനര്‍ത്ഥിയെ നിര്‍ത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കൂറുമാറ്റപരാതി ഉയര്‍ന്നു. ജോര്‍ജ് രാജിക്കത്തുനല്‍കിയെങ്കിലും സ്പീക്കര്‍ അത് അംഗീകരിച്ചില്ല. രാജി അംഗീകരിക്കാതെ 2015 നവംബര്‍ 13-ന് ജോര്‍ജിനെ സ്പീക്കര്‍ പുറത്താക്കി. തോമസ് ഉണ്ണിയാടന്‍ സര്‍ക്കാര്‍ ചീഫ് വിപ്പായി. എന്നാല്‍ ഹൈക്കോടതി വിധി ജോര്‍ജിന് അനുകൂലമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോര്‍ജ് രാജിവെച്ചു.തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 13-ാം നിയമസഭ 2016 ഫിബ്രവരി 24 -ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. തുടര്‍ന്ന് ഇന്നീ നിമിഷം വരെ പിണറായിക്കാലം. വരുന്ന നാലാം തീയതി അതിന് അന്ത്യം കുറിക്കപ്പെടുമോ..? അതിനാണ് സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക