
കന്യാകുമാരിയിലെ ലോഡ്ജിൽനിന്ന് കാണാതായ മലയാളി സഹോദരിമാരുടെ മൃതദേഹം കടൽത്തീരത്ത് കണ്ടെത്തിയ സംഭവത്തിൽ മരണം ആത്മഹത്യയെന്ന് സംശയം. കോട്ടയം കിടങ്ങൂർ കുരീക്കാട്ടിൽ ടി.ജെ.ഫിലിപ്പിന്റെയും മേരിക്കുട്ടിയുടെയും മക്കളും അമേരിക്കയിൽ സ്ഥിരതാമസക്കാരുമായ ആനി ഫിലിപ്പിന്റെ(35)യും മീരാ ഫിലിപ്പിന്റെ(32)യും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും നാട്ടിലെത്തിയത്.
26-ന് കന്യാകുമാരിയിലെത്തി ഹോട്ടലിൽ മുറിയെടുത്തശേഷം പുറത്തേക്കുപോയ ഇരുവരും പിന്നീട് ഹോട്ടലിലേക്ക് മടങ്ങിയെത്തിയില്ല. ഹോട്ടൽ ജീവനക്കാർ ഇവർ നൽകിയ നമ്പരിൽ ബന്ധുക്കളെ ബന്ധപ്പെട്ടു. യു.കെ.യിലുള്ള മൂത്ത സഹോദരി സോണിയ ഫിലിപ്പ് എത്തി പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ആനിയെയും മീരയെയും കണ്ടെത്താനായില്ല. 26-ന് വൈകുന്നേരം ത്രിവേണി സംഗമത്തിനടുത്ത് വാവാതുറയിൽ കടലിലേക്ക് ഇറക്കി നിർമിച്ചിരിക്കുന്ന പുലിമുട്ടിലൂടെ ഇരുവരും നടന്നുപോകുന്നതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ വാവാതുറ തീരത്ത് മൃതദേഹങ്ങൾ കരയ്ക്കടിയുകയായിരുന്നു.
ആരെയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ലെന്നും, മൃതദേഹങ്ങൾ കന്യാകുമാരിയിൽ തന്നെ സംസ്കരിക്കണമെന്നും ബന്ധുക്കൾക്കും സോണിയയ്ക്കും ഇരുവരും സന്ദേശമയച്ചിരുന്നതായി പോലീസ് പറയുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കന്യാകുമാരി ഡിവൈ.എസ്.പി. ജയചന്ദ്രൻ പറഞ്ഞു.
ആനിയും മീരയും മാതാപിതാക്കളും അമേരിക്കയിലായിരുന്നു താമസം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഫിലിപ്പ് ഒരു വർഷം മുമ്പ് നാട്ടിൽ എത്തിയിരുന്നു. ഇദ്ദേഹം വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. മേരി മക്കൾക്കൊപ്പം അമേരിക്കയിലാണ് . അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ ആനിയും മീരയും, ഏപ്രിൽ 28-ന് കിടങ്ങൂരിലെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. ഇരുവരും കന്യാകുമാരിയിൽ എത്തിയെന്നും ഇവിടെ താമസിക്കുകയാണെന്നും 26-ന് സഹോദരി സോണിയയെ അറിയിച്ചിരുന്നു.
16 വർഷം മുമ്പാണ് സഹോദരിമാർ അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞവർഷമാണ് ആനും മീരയും അവസാനമായി നാട്ടിലെത്തിയത്. മീര എൻജിനിയറിങ് പാസായി ജോലി നേടിയാണ് അവിടെ എത്തിയത്. ആനി സ്കാനിങ് ടെക്നീഷ്യനായിട്ടാണ് ജോലിക്ക് കയറിയത്. ഇരുവരും അവിവാഹിതരാണ്.