
ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമായ പേട്രിയറ്റ് തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മഹാനടന്മാര്‍ക്കൊപ്പം യുവതാരനിരയും അണിനിരക്കുന്ന ചിത്രത്തിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് അഡ്വാന്‍സ് ബുക്കിങ്ങില്‍ വിറ്റുപോകുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ റിലീസിന് തൊട്ടുമുമ്പ് നടത്തിയ വീഡിയോ കോളാണ് വൈറലാകുന്നത്.
ഇരുവര്‍ക്കുമൊപ്പം ചിത്രത്തിലെ മറ്റൊരു താരമായ കുഞ്ചാക്കോ ബോബനുമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു താരങ്ങളുടെ വീഡിയോ കോള്‍. സ്റ്റേജ് ഷോകള്‍ക്കായി യുഎസ്സിലുള്ള മോഹന്‍ലാല്‍ ന്യൂയോര്‍ക്കില്‍ നിന്നാണ് സംസാരിച്ചത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കേരളത്തിലായിരുന്നു.
എല്ലാവരും ചിത്രം തിയേറ്ററില്‍ പോയി കാണുമെന്ന് വീഡിയോ കോളില്‍ പറഞ്ഞു. താന്‍ വെള്ളിയാഴ്ച രാവിലെ ചിലപ്പോള്‍ ദുബായിലേക്ക് പോകുമെന്നും അവിടെ വെച്ചാകും ചിത്രം കാണുക
യെന്നും മമ്മൂട്ടി പറഞ്ഞു. തനിക്ക് ബെംഗളൂരുവിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അവിടെ വെച്ച് ചിത്രം കാണുമെന്നും കുഞ്ചാക്കോ ബോബനും വ്യക്തമാക്കി.
മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങിയ വീഡിയോ കോളില്‍ പിന്നീടാണ് കുഞ്ചാക്കോ ബോബന്‍ ചേര്‍ന്നത്. 'നമ്മളൊന്നിച്ച് ഒരുപാട് കാലത്തിനുശേഷം വരുന്ന സിനിമയല്ലേ' എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് ആവേശത്തോടെ ചോദിച്ചു. യുഎസ്സില്‍ രാത്രി 11:30-ഓടെ ചിത്രം റിലീസ് ചെയ്യുമെന്നും അപ്പോള്‍ കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആരാണ് പേട്രിയറ്റിലെ നായകന്‍ എന്ന് കുഞ്ചാക്കോ ബോബന്‍ ചോദിച്ചപ്പോള്‍, കുഞ്ചാക്കോ ബോബന്‍ തന്നെയാണ് നായകനെന്ന് മമ്മൂട്ടി ആവര്‍ത്തിച്ചു. എല്ലാവരും നായകനും വില്ലനുമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന സിനിമ ജെന്‍സി തലമുറയില്‍ പെട്ടവര്‍ ആദ്യമായാണ് തിയേറ്ററില്‍ കാണാന്‍ പോകുന്നതെന്ന് കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. ജെന്‍സി കഴിഞ്ഞിട്ട് അടുത്തത് ജെന്‍ ആല്‍ഫ വന്നില്ലേ എന്നാണ് ഇതിനോട് മോഹന്‍ലാല്‍ പ്രതികരിച്ചത്. എന്നാല്‍ അവരും എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് എല്ലാവരേയും ചിരിപ്പിച്ചു. ചിത്രത്തിന്റെ കഥ പുതിയതലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനകം 27 ലക്ഷത്തിലേറെ പേരാണ് താരങ്ങളുടെ വീഡിയോ കോള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില കമന്റുകള്‍ക്ക് താരങ്ങള്‍ മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം.