Image

എക്‌സിറ്റ് പോളിനപ്പുറം, എക്‌സാറ്റു ഫലത്തില്‍ കേരളം ആരെടുക്കും?- (എ.സി. ജോര്‍ജ് )

എ.സി. ജോര്‍ജ് Published on 01 May, 2026
എക്‌സിറ്റ് പോളിനപ്പുറം, എക്‌സാറ്റു ഫലത്തില്‍ കേരളം ആരെടുക്കും?- (എ.സി. ജോര്‍ജ് )

കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, തിരഞ്ഞെടുപ്പ് പ്രചാരണവും, തെരഞ്ഞെടുപ്പും വളരെ പെട്ടെന്ന് തന്നെ നടന്നു. ഏപ്രില്‍ ഒമ്പതാം തീയതി നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അറിയാന്‍, മേയ് നാലാം തീയതി വരെ ഒരു നീണ്ട കാത്തിരിപ്പ്. ഫലമറിയാനുള്ള ആകാംക്ഷഭരിതമായ കാത്തിരിപ്പ്. ഇലക്ട്രോണിക് ബാലറ്റ് ബോക്‌സില്‍ നിന്ന് ഫലമായി വെളിയില്‍ വരാന്‍ ബാലറ്റുകള്‍ വീര്‍പ്പുമുട്ടുകയാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ ആരോപിക്കപ്പെട്ട മാതിരി ബാലറ്റുകളില്‍ തിരിമറി നടക്കുമോ എന്ന ഭയപ്പാടോടെ ചിലര്‍. അതിനിടയില്‍ പല പാര്‍ട്ടിക്കാര്‍ക്കും, അങ്കലാപ്പ്, ഉറക്കമില്ലാത്ത രാവുകള്‍, സങ്കല്പത്തില്‍ ലഭ്യമാകേണ്ട വോട്ടുകളെ പറ്റി കൂട്ടല്‍ കിഴിക്കല്‍. എല്ലാ സ്ഥാനാര്‍ത്ഥികളും എല്ലാ മുന്നണികളും വിജയം മാത്രം അവകാശപ്പെടുന്നു. ആരും തങ്ങള്‍ തോറ്റു പോകുന്നതായി പറയുന്നില്ല. എല്ലാവരും ജയിക്കാനായി ജനിച്ചവര്‍. വിജയം ആഘോഷിക്കാനായി, കേക്കും കൊച്ചു മിട്ടായിയും, മാലപ്പടക്കവും അവര്‍ റെഡിയാക്കി വച്ചു കഴിഞ്ഞു. വിദേശത്ത് അമേരിക്കയിലും മറ്റുമുള്ള കേരള രാഷ്ട്രീയ മുന്നണികളുടെ പോഷക സംഘടനകളും കേരളത്തിലെ അവരുടെ രാഷ്ട്രീയ ഇഷ്ടതോഴന്മാരുടെ വിജയം സമുചിതമായി ആഘോഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

അതിനിടയില്‍ ഇതാ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെളിയില്‍. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫ് അനുകൂലം. യു.ഡി.എഫുകാരുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി. എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണിക്കാരുടെ പുഞ്ചിരി മായുന്നു, അവര്‍ക്ക് നെഞ്ചിടിപ്പ് ഏറുന്നു. കഴിഞ്ഞ 10 കൊല്ലം, കേരള തലസ്ഥാനമായ തിരുവനന്തപുരത്ത്, അത്യാഢ്ബരപൂര്‍വ്വം നങ്കൂരമിട്ട്, തന്നിഷ്ടം മാതിരി ഭരണം നടത്തിയ എല്‍.ഡി.എഫ്, എന്ന കപ്പല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആകാത്ത രീതിയില്‍ നയിച്ച ശ്രീ. പിണറായി വിജയന്‍ എന്ന മൂത്ത കപ്പിത്താനോടൊപ്പം മുങ്ങിത്താഴാന്‍ പോകുന്നു. മുങ്ങുന്ന കപ്പലില്‍ നിന്ന് ചിലര്‍ ചാടി മുമ്പേ രക്ഷപ്പെട്ടിരുന്നു. ഇനിയും പലരും രക്ഷപ്പെടാനുള്ള തത്രപാടിലാണ്. കയ്യില്‍ കിട്ടുന്നതെല്ലാം പെറുക്കി ചാക്കിലാക്കി മന്ത്രി മന്ദിരങ്ങളും, അതുപോലെ പഴയ എം.എല്‍.എ.മാരും എം.എല്‍.എ.ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിയാന്‍ റെഡി ആയിക്കൊണ്ടിരിക്കുകയാണ്. അവരുടെ സ്ഥാപന ജംഗമ വസ്തുക്കെല്ലാം കയറ്റി കൊണ്ടുപോകാന്‍ ധാരാളം ട്രക്കുകള്‍ നിരന്നു കഴിഞ്ഞു. 10 കൊല്ലം തിന്ന് കുടിച്ച് സുഖസമൃദ്ധമായി കഴിഞ്ഞ മുഖ്യമന്ത്രി മന്ദിരം, ക്ലിഫ്ഹൗസിനെ നോക്കി മുഖ്യമന്ത്രിയും ക്യാപ്റ്റനുമായ ആ മാന്യദേഹവും സ്വന്തം കുടുംബാംഗങ്ങളും,  നെടുവീര്‍പ്പോടെ, കണ്ണുനീരോടെ വിടചൊല്ലുകയാണ്. വെളിയില്‍ പോയാലും അത്യധികം ആര്‍ഭാടത്തോടെ ജീവിക്കാനുള്ള വക നേടിയിട്ടുണ്ടെങ്കിലും, കേരളത്തിലെ നമ്പര്‍ വണ്‍ സിറ്റിസണ്‍ എന്ന രീതിയില്‍ ക്ലിപ്പ് ഹൗസിലെ വാഴ്ചയും സുഖവും, 40 ഓളം അകമ്പടി കാറുകളും ഒന്ന് വേറെ തന്നെ ആയിരുന്നല്ലോ?

ഒന്ന് പിറകോട്ട് അന്തര്‍ദേശീയ തലത്തില്‍ നോക്കിയാലും കഴിഞ്ഞുപോയ ചില മനോഹര ചിത്രങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വരികയാണ്. തന്നെ, കേരള മുഖ്യനെ പൊക്കിയെടുത്ത് ചില അന്തര്‍ദേശീയ മെഗാ മലയാളി സംഘടനകള്‍ ആയ ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി, അഖില ലോക കേരള സഭ അംഗങ്ങള്‍, എം.പികള്‍ മറ്റ് നിരവധി പ്രാഞ്ചിയേട്ടന്‍മാര്‍, വൈക്കം മുഹമ്മദ് ബഷീര്‍ നോവലില്‍ പറയുന്ന 'എട്ടുകാലി മമുഞ്ഞുകള്‍' ഒറ്റെക്കെട്ടായി അണിനിരന്ന് ലോക തലസ്ഥാനമായ ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ നല്ല ഉറപ്പുള്ള ഇരുമ്പ് സിംഹാസനത്തില്‍ കുത്തി ഇരുത്തിയതും ഇനി വെറും ഹൃദയത്തില്‍ ഓമനിക്കാനും താലോലിക്കാനുള്ള മധുരിക്കുന്ന ഓര്‍മ്മകള്‍ മാത്രം.

ഇനിയിപ്പോള്‍ കേള്‍ക്കുന്നു കേരള മുഖ്യന്‍ ആകാന്‍, ആ ക്ലിപ്പ് ഹൗസില്‍ ഒന്ന് കയറിപ്പറ്റാന്, എക്‌സിറ്റ് പോള്‍ ഫല വെളിച്ചത്തില്‍ യു.ഡി.എഫിലെ ചില വമ്പന്‍മാരും കൊമ്പന്‍മാരും, വായില്‍ ആശയുടെ വെള്ളവും ഒലിപ്പിച്ച് തമ്മില്‍ തമ്മില്‍ ചില സ്വന്തം അനുയായികളുമായി ഒളിപ്പോര്‍ യുദ്ധം നടത്തുന്നുവെന്ന്. അത് കേള്‍ക്കുമ്പോള്‍ തോറ്റോടുന്ന ഇപ്പോഴത്തെ മുഖ്യനു, മുക്കി മുക്കി ആണെങ്കിലും കീഴേ കൂടെയും മേലെ കൂടെയും ഒരു ആശ്വാസം. അവന്മാര് അടിച്ചുതീര്‍ത്തു പിരിയും. വോട്ടേഴ്‌സ് ആയ പൊതുജനങ്ങള്‍ ഒരു താലത്തില്‍ അധികാരം വെച്ചുകൊടുത്താല്‍ പോലും അത് വിനിയോഗിക്കാന്‍ അറിവില്ലാത്ത ഭാഗ്യമില്ലാത്ത ഇവറ്റകളെ ഓര്‍ത്ത് പടിയിറങ്ങുന്ന മുഖ്യനും, പാര്‍ശ്വവര്‍ത്തികളും ഹൃദയത്തില്‍ സന്തോഷിക്കാതിരുന്നില്ല. ഏതായാലും ഖജനാവ് കാലിയാക്കി കഴിഞ്ഞു. ഭരിക്കാന്‍ വരുന്നവര്‍ എവിടെ നിന്ന് കാശ് എടുത്ത് ഭരിക്കും കളിക്കും. എന്ന് കാണട്ടെ?. കേന്ദ്രത്തില്‍ നിന്നും അവര്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. പിന്നെ സെക്രട്ടറിയേറ്റിലെ ഫല ഫയലുകളും, മുക്കണം അല്ലെങ്കില്‍ കത്തിച്ചു കളയണം. വരുന്ന ഭരണകര്‍ത്താക്കള്‍ ഒന്നും ചികഞ്ഞു പൊക്കിക്കൊണ്ട്, തങ്ങളെ പൂട്ടാന്‍ വരരുത്. പിന്നെ തമ്മിലടിക്കാന്‍ പോകുന്ന യു.ഡി.എഫിനെതിരെ നിരന്തരം, സമരങ്ങളും കരിങ്കൊടി പ്രക്രടനങ്ങളും, എന്‍ഡിഎയുമായി ചേര്‍ന്നു നടത്തുക എന്നത് എല്‍ഡിഎഫിന് പുത്തരിയൊന്നുമല്ലല്ലോ?. വരാന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വീശാന്‍ കുറെ അധികം കരിംകൊടികള്‍ തയ്യാറാക്കണം. അങ്ങനെ ഇപ്രാവശ്യം തോറ്റോടുകയാണെങ്കില്‍ പോലും ഭാവിയിലേക്ക് നോക്കുമ്പോള്‍ ഒരു വെള്ളിവെളിച്ചം കാണാനുണ്ട്.

ഏതായാലും ഈ ലേഖകന്‍ കേരള ഭരണത്തിലും രാഷ്ട്രീയത്തിലും കുറച്ചുകാലമായി അരങ്ങേറി കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഇപ്പോള്‍ വന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ വിശ്വസിക്കാനും ന്യായീകരിക്കാനും ആണ് തോന്നുന്നത്. സത്യത്തില്‍ ഈ എക്‌സിറ്റഅ പോള്‍ ഫലങ്ങള്‍ വെളിയില്‍ വരുന്നതിന് മുമ്പ് തന്നെ ഫലം ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമെന്നാണഅ ഈ ലേഖകന്‍ കരുതിയിരുന്നത്. ഭരണത്തില്‍ പാളിച്ചകള്‍ ആയിരുന്നു അധികവും. അതിനെപ്പറ്റി ഒക്കെ വീണ്ടും വിവരിക്കുന്നതല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഭരണകര്‍ത്താക്കളുടെ വീഴ്ചകള്‍ മീഡിയയുടെ സൃഷ്ടിയാണെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഭരണത്തിന്റെ പിഴവുകള്‍ എത്രയോ വട്ടം മീഡിയകള്‍ മൂടിവച്ചിരിക്കുന്നു അല്ലെങ്കില്‍ ന്യായീകരിച്ചിരിക്കുന്നു. മാധ്യമ ധര്‍മ്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്ന കാര്യവും മറക്കരുത്. തമ്മില്‍ കൊമ്പ് കോര്‍ക്കുന്ന ഈ മൂന്ന് മുന്നണികളുടെയും ചില സ്ഥാനാര്‍്തഥികളുടെയും അവരുടെ വക്താക്കളുടെയും പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും പലപ്പോഴും ജനവിരുദ്ധവും വികസന വിരോധവും നിറഞ്ഞതായിരുന്നു. അപ്രകാരമുള്ള സ്ഥാനാര്‍ത്ഥികളും വ്യക്തികളും തെരഞ്ഞെടുപ്പില്‍ കക്ഷിഭേദമെന്യേ തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്ന വോട്ടറന്മാരായ ജനങ്ങള്‍ ധാരാളം കാണുമല്ലോ. തീവ്ര മത വര്‍ഗീയതടോയെ കേന്ദ്രഭരണം കയ്യാളുന്ന എന്‍ഡിഎ മുന്നണിയെ ഇപ്രാവശ്യവും പ്രബുദ്ധരായ കേരള ജനത എട്ടുനിലയില്‍ പൊട്ടിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

അതുപോലെതന്നെ, 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന രീതിയില്‍ ഓരോ കക്ഷികള്‍ക്കും, വ്യക്തികള്‍ക്കും ഓരോ അവസരത്തില്‍ വോട്ടുകള്‍ മാറി മാറി കുത്തുന്ന പൊതു ജനങ്ങളും നമ്മുടെ ഇടയില്‍ ഉണ്ടല്ലോ. ഏതു വ്യക്തി ഏതു പാര്‍ട്ടി വിജയിച്ചു വന്നാലും 'കോരന് കഞ്ഞി എന്നും കുമ്പിളില്‍' തന്നെ എന്ന് ചിന്തിക്കുന്ന പൊതുജനങ്ങളും ഉണ്ടല്ലോ?

എല്‍ഡി.എഫ് തോറ്റു തന്നം പാടിയാലും, ഈ എക്‌സിറ്റ് പോളുകാര്‍ കുറെ അധികം സീറ്റുകള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഒരു മഹാ അത്ഭുതമായി തോന്നുന്നു. വെള്ളി വെളിച്ചത്തില്‍, പച്ചക്ക് ജനാധിപത്യം എന്ന പേരില്‍ ജനങ്ങളുടെ നെഞ്ചത്ത് എന്തെല്ലാം വൃത്തികേടുകളും ആധിപത്യവും ആണ് അവര്‍ കാണിച്ചുകൂട്ടിയത്? മുഖ്യന്റെ പ്ലെയിന്‍ യാത്രയ്ക്കിടെ സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങളെ, അവരുടെ പാര്‍ട്ടി നേതാവ്, തൊഴിച്ച് തള്ളുക. എന്നിട്ട് തൊഴി കൊണ്ട് നിലത്ത് കിടന്ന് ഉരുളുന്ന പാവപ്പെട്ട പയ്യന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക. അനീതിക്കെതിരെ പ്രതിഷേധിക്കുന്ന, കരിങ്കൊടി പ്രദര്‍ശിപ്പിക്കുന്ന യൂത്തന്മാരെ ഭാരമുള്ള ചെടിചട്ടി കൊണ്ട് തലയ്ക്കടിക്കുക. അവരെ സെക്യൂരിറ്റി ഗുണ്ടകളെ കൊണ്ട് പാമ്പിനെ തല്ലുന്ന മാതിരി തല്ലി ചതയ്ക്കുക. പാമ്പിനെ പോലും ഇക്കാലത്ത്  തല്ലാറില്ല. അതിനെ പോലും സൗമ്യമായി പിടിച്ചു തൊട്ടു തലോടി, എയര്‍ കണ്ടീഷന്‍ ചാക്കിലാക്കി വനത്തില്‍ വിടുകയാണ് പതിവ്. പാര്‍ട്ടിയുടെ അസംബിലി സ്പീക്കറുടെ അനുമതിയോടെ അവതരിപ്പിച്ച ആരോഗ്യ മന്ത്രിയുടെ'കഴുത്തുളുക്ക്' എന്ന പൊറാട്ട് നാടകം. അതിനു വീണ്ടും ബലിയാടുകളും, ജയില്‍വാസവും അനുഭവിക്കേണ്ടി വന്ന ചില കരിങ്കൊടി വാഹികളായ പാവം യൂത്തന്മാരും. മറ്റ് ഭരണ രംഗത്ത് ഉണ്ടായ വൈവിധ്യമേറിയ പരാജയങ്ങളെ പറ്റി ലേഖന സ്ഥലപരിമിതിയുള്ളതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.

യു.ഡി.എഫിന്റെ പോരാട്ടം കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഭരണകക്ഷിയോടും, കേരളം ഭരിക്കുന്ന എല്‍ഡിഎഫ് ഭരണകക്ഷിയോടും, പിന്നെ യു.ഡി.എഫില്‍ തന്നെ പരസ്പരം കലഹിക്കുന്ന ചില അധികാരമോഹികളോടും ആയിരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ച് യു.ഡി.എഫ്. തന്നെ വിജയിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇനിയിപ്പോള്‍, പോളിംഗ് സിസ്റ്റത്തിലോ, എണ്ണലിലോ എന്തെങ്കിലും തിരിമറി നടന്നാല്‍ മാത്രം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റായി മാറും, അല്ലെങ്കില്‍ തെറ്റായി മാറ്റും. പിന്നീട് വരാന്‍ പോകുന്നത്, എം.എല്‍.എമാര്‍ക്കിടയിലുള്ള, കാലു മാറ്റങ്ങളും കുതിരക്കച്ചവടങ്ങളും. തുടര്‍ന്നുള്ള തൂക്ക് മന്ത്രിസഭയും മറ്റുമായിരിക്കും. അങ്ങനെ വന്നാല്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍, എന്‍ഡിഎ അടങ്ങുന്ന ഒരു കൂട്ടു മുന്നണി മന്ത്രിസഭ ആയിരിക്കും. കഴിഞ്ഞകാല ചെയ്തികള്‍ നോക്കിയാല്‍ എല്‍ഡിഎഫ്, ബിജെപി(എന്‍ഡിഎ) കക്ഷികള്‍ തമ്മില്‍ ഒരു പരസ്പര സഹായ അന്തര്‍ധാര ഏത് കൊച്ചു കുഞ്ഞിനു പോലും മനസ്സിലാക്കാന്‍ സാധിക്കുന്നതേയുള്ളൂ.

ഏതായാലും ഇനി ഏതാനും മണിക്കൂറുകള്‍ക്കകം എക്‌സാറ്റ് റിസള്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങു. പുതിയ കേരള അസംബ്ലി എം.എല്‍.എ. മലാഖ കുഞ്ഞുങ്ങള്‍ പിറന്നു തുടങ്ങും. ആ ഓരോ വിജയത്തെയും തോല്‍വിയെയും ആര്‍ത്തട്ടഹസിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട മലയാള ടിവി ചാനലുകള്‍  ഉല്‍ഘോഷിക്കും. ഈ ലേഖകന്‍ അല്ല, മറ്റു ചിലര്‍ പറയുന്ന കഴുതകളായ വോട്ടര്‍മാര്‍, പൊതുജനങ്ങള്‍ ഹര്‍ഷാരവത്തോടെ അവരെ സ്വീകരിക്കേണ്ടതെയുള്ളൂ. വരാന്‍ പോകുന്ന മുന്നണി മുഖ്യമന്ത്രിയെ പറ്റിയോ, മറ്റു മന്ത്രിമാരെ പറ്റിയോ ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്തു കൂടുതല്‍ പുലിവാല്‍ പിടിക്കേണ്ടതില്ലല്ലോ. ആദ്യം കുഞ്ഞ് ജനിക്കട്ടെ എന്നിട്ടു പോരെ ജാതകം എന്ന് പണ്ട് ആരാണ്ട് പറഞ്ഞതിനോട് യോജിച്ചുകൊണ്ട് ഈ ലേഖനം ഇവിടെ ഉപസംഹരിക്കുകയാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക