
സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ധുരന്ധര്‍: ദി റിവഞ്ച് കോപ്പിയടിച്ചതാണെന്ന ആരോപണത്തില്‍ സംവിധായകന്‍ ആദിത്യാ ധറിന് ആശ്വാസം. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കര്‍ണാടക ഹൈക്കോടതി വിസമ്മതിച്ചു. ബെംഗളൂരുവില്‍ നിന്നുള്ളസംവിധായകന്‍ സന്തോഷ് കുമാറാണ് ധുരന്ധറിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എസ്. ഹേമലേഖയാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് കാണിച്ച് ആദിത്യാധര്‍, സന്തോഷ് കുമാറിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിന്റെ വാദത്തിനിടെ, തന്റെ തിരക്കഥ ആദിത്യാ ധര്‍ മോഷ്ടിച്ചതാണെന്ന് കോടതിയെ അറിയിച്ച സന്തോഷ് കുമാര്‍, ആദിത്യാ ധറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ആരിഫ് ഡോക്ടറാണ് ബോംബെ ഹൈക്കോടതിയിലെ കേസ് പരിഗണിക്കുന്നത്.
ധുരന്ധര്‍ 2 പുറത്തിറങ്ങിയ ശേഷമാണ് ആരോപണവുമായി സന്തോഷ് കുമാര്‍ രംഗത്തെത്തിയത്. ഡി-സാഹെബ് എന്ന് പേരിട്ട തന്റെ തിരക്കഥയാണ് ആദിത്യാ ധര്‍ ധുരന്ധറാക്കിയതെന്നാണ് സന്തോഷ് കുമാറിന്റെ ആരോപണം. സ്‌ക്രീന്‍ റൈറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (എസ്ഡബ്ല്യുഎ) രജിസ്റ്റര്‍ ചെയ്ത തിരക്കഥയാണ് തന്റേതെന്നും സന്തോഷ് കുമാര്‍ പറയുന്നു.