
നോവൽ വായിച്ചു വായിച്ച് ഒടുവിൽ അതിൻ്റെ കാലദേശങ്ങളിൽ നമ്മളും പെട്ടു പോവുന്ന ഒരനുഭവം ഉണ്ടാകാറുണ്ട് . കാലങ്ങൾക്ക് ശേഷം അങ്ങനെയൊന്ന് സംഭവിച്ചു എന്നെ സംബന്ധിച്ച് തപോമയിയുടെ അച്ഛൻ്റെ കാര്യത്തിൽ . കിഴക്കൻ ബംഗാളിൽ നിന്നും സുന്ദർബൻസിലേക്കും അവിടെ നിന്ന് കൽക്കത്തയിലേക്കും യൂപീ യിലേക്കും ആഗ്രയിലേക്കും ഡൽഹിയിലേക്കുമൊക്കെ പലായനം ചെയ്ത ഒരു അഭയാർത്ഥിയായി ഞാനും .
ഡൽഹിയിൽ വച്ചാണ് തപോമയിയെ പരിചയപ്പെട്ടത് . ബംഗാളിയാണ് . അമ്മയും അച്ഛനും ബംഗ്ലാദേശിൽ നിന്നെത്തിയ അഭയാർത്ഥികൾ . ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് അഭയാർത്ഥികൾക്ക് വേണ്ടി ഷെൽട്ടർ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആ യുവാവിന് ജീവിതം ഒരു തപസ്സ് തന്നെയാണ് .
അന്യജീവനുതകി സ്വജീവിതം ,
ധന്യമാക്കുമമലേ വിവേകികൾ എന്ന് ആശാൻ പാടിച്ചതും ഒരു ബുദ്ധഭിക്ഷുവിനെ കൊണ്ടാണല്ലോ . ബറുവാ വിഭാഗത്തിൽ പെടുന്ന ബുദ്ധിസ്റ്റാണ് തപോമയിയും . ജോലിക്കാര്യത്തിനിടയിൽ പരിചയപ്പെട്ട ഒരു ഓഫീസ് ജീവനക്കാരനായ നോവലിസ്റ്റിന് അയാൾ ഈ പുതുവർഷത്തിലും നിഗൂഢഭാഷയിൽ ഒരു ഹാപ്പി ന്യൂ ഇയർ അയച്ചിട്ടുണ്ടാവുമോ ?
ഒരു വർഷം മുമ്പ് , പുകയും മഞ്ഞും വേർതിരിച്ചറിയാനാവാത്ത വിധം കൂടിക്കലർന്ന ഒരു വൈകുന്നേരം പഴയ ദില്ലിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ അയാൾക്കൊപ്പം നടന്നു പോവുകയായിരുന്നു . താരാശങ്കർ ബാനർജിയുടെയും വിഭൂതിഭൂഷണിൻ്റെയും ബിമൽ മിത്രയുടെയും മഹാശ്വേതാദേവിയുടെയും ആശാപൂർണ ദേവിയുടെയും ഏതൊക്കെയോ കഥാപാത്രങ്ങളെ ഓർമ്മ വന്നു . എന്നാൽ തപോമയിയുടെ വർത്തമാനത്തിൽ ചരിത്രമല്ല , സമകാലീനതയാണ് തുടിച്ചു നിന്നത് .
കൂടെ നടന്ന എന്നോട് അയാൾ സംസാരിച്ചത് ദാറുൽ ഹജ്രാദ് എന്ന റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിനെക്കുറിച്ചായിരുന്നു .
ഭൂരിപക്ഷം മുസ്ലീങ്ങളും ന്യൂനപക്ഷം ഹിന്ദുക്കളും സംസാരിക്കുന്നത് ഒരേ ഭാഷ. ആ ഭാഷ അവരെ ഒരേ വംശക്കാരാക്കിയിരിക്കുന്നു . ഭാഷ തന്നെ വംശം , വംശം തന്നെ ഭാഷ .ബംഗ്ളാദേശിലെ സിവിൽ വാർ റോഹിങ്ക്യൻസിനെ ഒറ്റപ്പെടുത്തി . ജഹാൻ സാബിർ എന്ന റോഹിങ്ക്യന് മുത്തച്ഛൻ ചൂണ്ടിക്കാണിച്ച രക്ഷാസങ്കേതം ഇന്ത്യയായിരുന്നു . എന്നാൽ ഇന്ത്യയും മാനവികതയിൽ നിന്ന് വംശീയതയിലേക്ക് ഡീ കോഡ് ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് ഇവിടെയും കലുഷമാവുകയാണ് .
അമ്മയുടെ പീഢാനുഭവങ്ങളിൽ നിന്നടർന്ന കണ്ണുനീർത്തുള്ളികൾ ഉറഞ്ഞു കൂടിയതാണ് മകൾ പർവീണയുടെ ക്യാമ്പ് അനുഭവങ്ങൾ . ദുരിതങ്ങളുടെ തനിയാവർത്തനം അവളുടെ ഭാഷയെ മൗനത്തിൽ തളച്ചിട്ടിരിക്കുന്നു . ഇരു മൂകതകൾ തമ്മിൽ കണ്ടെത്തും പോലെ ജഹാനും പർവീണയും തമ്മിൽ പ്രണയിച്ചു . അതേക്കുറിച്ച് പറയുമ്പോൾ തപോ മയിയിൽ നിന്നും അവ്യക്തമായ ഏതോ നിരാശയുടെ നെടുവീർപ്പുയർന്നുവോ ?
ഒന്നും മിണ്ടാത്ത , കസേര ഒഴിഞ്ഞു കണ്ടാലും ഇരിക്കാൻ താൻ അർഹനല്ലെന്ന് സ്വയം തീരുമാനിച്ച , പേരോ ഫോട്ടോയോ ഇല്ലാത്ത ഒരു വെറും കടലാസ് ആണ് തൻ്റെ ഐഡൻ്റിറ്റിയെന്ന് തന്നത്താൻ തിരിച്ചറിഞ്ഞ ജഹാനും മൗനത്തിൻ്റെ നിഴലായി മറവിടങ്ങളിലെങ്ങോ ഒളിച്ച പർവീണയും . ലിപിയില്ലാത്ത തങ്ങളുടെ ഭാഷയുടെ തേങ്ങലാണ് സ്വന്തം നെടുവീർപ്പുകളെന്ന് അവർ പരസ്പരം പിറുപിറുത്തിരിക്കുമോ ?
എന്തായാലും അവരുടെ ഉത്കണ്ഠയും ഏറ്റെടുത്തത് തപോമയിയാണ് . ക്യാമ്പിലെ കുട്ടികൾക്ക് കമ്പിളിപ്പുതപ്പ് മാത്രമല്ല , ഭാഷയും വേണം എന്ന ബോധ്യമാണ് അവരെ വായനയും എഴുത്തും പഠിപ്പിക്കൽ അയാൾ പ്രധാനമായി കണ്ടത് . ഭാഷയിലൂടെ മാത്രമേ മനുഷ്യന് നിവർന്നു നിൽക്കാനാവൂ എന്ന് തൻ്റെ വിക്ക് നിവർത്തിത്തന്ന അച്ഛൻ ഗോപാൽ ബറുവ തപോമയിയെ പഠിപ്പിച്ചിട്ടുണ്ടല്ലോ .
ഐക്യരാഷ്‌ട്ര സഭയിലെ ഉന്നത ഉദ്യോഗം വേണ്ടെന്ന് വച്ച് അഭയാർത്ഥികൾക്കായി ഷെൽട്ടർ എന്ന സ്ഥാപനം ആരംഭിച്ച ഗിരിധർ റാവുവിലേക്ക് ആകൃഷ്ടനായ തപോമയി . ഗിരിധറിൻ്റെ ആരോഗ്യനില അനുദിനം വഷളാവുകയാണെന്ന് തപോമയി എന്നെ അറിയിച്ചു .
നാട്ടുകാര്യങ്ങളുടെ രാജ്യഭാരത്തിനിടയിലെപ്പോഴോ അയാൾ വീടിൻ്റെ വരാന്തയിൽ പണ്ടൊരു ദ്വീപിൽ പെയ്ത കുറ്റബോധത്തിൻ്റെ മഴച്ചാറ്റലേറ്റിരിക്കുന്ന വൃദ്ധനായ അച്ഛനെക്കുറിച്ചോർമ്മിച്ചു. സ്‌നേഹത്തിൻ്റെ അഭയാർത്ഥിയായ ആ മനുഷ്യൻ തൻ്റെ ഉള്ളിൽ നീറിപ്പുകയുന്നത് മറ്റാരും വായിക്കാതെ ആവിഷ്‌കരിക്കാൻ കണ്ടെത്തിയ നിഗൂഢലിപിയുടെ രഹസ്യം ഇപ്പോഴും തപോമയിക്കറിയില്ല . അമ്മ സുമന അച്ഛനിൽ നിന്നും തൻ്റെ വിക്ക് മറച്ചുപിടിച്ചതിനെക്കുറിച്ചും ആ വിക്ക് ശ്യാമൾ ബറുവയിൽ നിന്ന് കിട്ടിയതാണെന്നും അയാളാണ് തൻ്റെ ജന്മത്തിന് കാരണമായതെന്നും തപോമയി അറിയില്ല . ബുദ്ധൻ നിർദ്ദേശിച്ച നിഷ്‌കാമകർമ്മത്തിന് പകരം ഒരു നിമിഷത്തിൻ്റെ സ്വാർത്ഥ മോഹത്താൽ വന്നു പെട്ട ഒരു കർമ്മ ശൂന്യത .
എല്ലാം , ഒരു ഗൂഢഭാഷയിലൊതുക്കിയ ഗോപാൽ ബറുവ !
വീടിൻ്റെ കിഴക്കേച്ചുമരിനോട് ചേർന്നു വളർന്ന ആൽമരത്തിൻ്റെ തണലും പ്രകൃതിയുടെ കരുണയായി തപോമയിയുടെ അച്ഛന് കാവലുണ്ട് . അന്നന്നേക്ക് കള്ള് കുടിക്കാൻ വീട്ടിൽ നിന്ന് വല്ലതും പെറുക്കി വിൽക്കുന്ന വീട്ടു പരിചാരകനോട് പൊറുക്കുന്ന ആ അച്ഛനെയും മകനെയും കണ്ടപ്പോൾ എനിക്ക് യൂഗോവിൻ്റെ പാവങ്ങളിലെ ഡി പട്ടണത്തിലെ മെത്രാനെ ഓർമ്മ വന്നു . ഴാങ്ങിന് പകരം രാജുവായിരുന്നെങ്കിൽ ആ മെഴുകുതിരി ക്കാലും വിറ്റ് കള്ള് കുടിച്ചേനേ !
സ്‌റ്റെതസ് കോപ്പ് മറക്കുകയും കളിക്കാനുള്ള ചീട്ട് മറക്കാതിരിക്കുകയും ചെയ്യുന്ന ഡോക്ടർ തപസ്സ് സർക്കാരാണ് തപോമയി പരിചയപ്പെടുത്തിയ മറ്റൊരു പുണ്യവാളൻ . സത്യത്തിൽ , ആ ചീട്ടുകളി തന്നെയല്ലേ എല്ലാ വാർധക്യങ്ങളും ആഗ്രഹിക്കുന്ന മധുരമായ ചികിത്സ ?
അച്ഛൻ മറ്റാരും വായിക്കാനല്ലാതെ ഇടയ്ക്കിടെ എഴുതിക്കൊണ്ടിരുന്ന ഗൂഢലിപി സന്ദേശങ്ങൾ തപോമയി എന്നെ കാണിച്ചു . ആ ചിത്രാക്ഷരങ്ങൾ എന്നെ സൈന്ധവ നാഗരികതയിലേക്ക് ക്ഷണിച്ചു . കേണൽ സന്താനം ഈ ശിലാലിഖിതങ്ങളിൽ നിന്ന് ഗോപാൽ ബറുവയെക്കൊണ്ട് ഉണ്ടാക്കിച്ചത് സൈനിക നീക്കങ്ങൾക്കാവശ്യമായ മിലിട്ടറി കോഡുകളാണല്ലോ എന്നോർക്കുമ്പോൾ ഒരു വല്ലായ്ക . ജനപഥങ്ങൾ ദൈനം ദിന വ്യവഹാരത്തിനുപയോഗിക്കുന്ന സമാധാനത്തിൻ്റെ കോഡായിരുന്നു ആ പ്രാചീനലിപികൾ . അത് ഇന്ന് ഉപയോഗിക്കുന്നത് , മനുഷ്യർക്കിടയിൽ അതിർത്തികളും വിവേചനങ്ങളും പടുത്തുയർത്താൻ !
ഇന്ത്യ എന്ന തുരുത്തും തിരുത്തപ്പെടുമ്പോൾ ഒറ്റയ്ക്കൊരു തുരുത്തായി മാനവികതയ്ക്ക് നിത്യപ്രകാശവും പ്രത്യാശയുമാകാൻ തപോമയി കരുത്ത് നേടുന്നു .
പിരിയുമ്പോൾ തോൾ ബാഗിൽ നിന്നും പല തരം - പല നിറം സുഗന്ധലേപനങ്ങളടങ്ങിയ "വെറ്റില മുറുക്കിൻ്റെ ഓർക്കെസ്ട്ര "യിൽ നിന്ന് ഒരു പൊതിയെടുത്ത് എനിക്ക് നീട്ടി .
മുറുക്കാൻ തിന്നാത്ത ഞാൻ തപോമയിക്ക് കൂട്ടു ചേർന്നു . അപ്പോൾ ഭൂമിയിലേക്ക് തന്നെ ഏറ്റവും മനോഹരമായ ആ ചിരി വിടർന്നു അയാളുടെ ചുണ്ടത്ത് .
പിന്നെ , പതുക്കെ നിർത്തി നിർത്തി എന്നാൽ ഊർജ്ജസ്വലമായ ആ വാക്കുകൾ - തമ്മിലിണങ്ങലിൻ്റെ ഹാർമണി .