Image

അണയാത്ത ശോഭ ; 'നടി ശോഭ' വിട പറഞ്ഞിട്ട് ഇന്ന് 46 വർഷം : ആർ. ഗോപാലകൃഷ്ണൻ

Published on 01 May, 2026
അണയാത്ത ശോഭ ; 'നടി ശോഭ' വിട പറഞ്ഞിട്ട് ഇന്ന് 46 വർഷം : ആർ. ഗോപാലകൃഷ്ണൻ

അഭിനയത്തിൻ്റെ മികവിന് ദേശീയ ബഹുമതി സമ്മാനിച്ച് ആദരിക്കപ്പെട്ട ശോഭ എന്ന നടി ഈ ലോകത്തിനോടു യാത്ര പറഞ്ഞിട്ട് ഇന്ന് 46 വർ‍ഷങ്ങൾ: സ്മരണാഞ്ജലികൾ! .

ശോഭ തൻ്റെ എല്ലാ പ്രശസ്തികളും ആശകളും സ്വപ്നങ്ങളും ഉപേക്ഷിച്ച്, പതിനെട്ടുവയസ്സ് തികയും മുമ്പ്, 1980 മെയ് 1-നാണ് നമ്മെ വിട്ടു പോയത്. ചെന്നൈയിലെ സ്വന്തം ഫ്ളാറ്റിൽ ഷിഫോൺ സാരിയിൽ കെട്ടിത്തൂങ്ങി ജീവിതം അവസാനിപ്പിച്ച ശോഭയുടെ മരണം അന്നു മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമ മണ്ഡലത്തെയാകെ നടുക്കിക്കളഞ്ഞു; ഒരു ഞെട്ടൽ തന്നെയായിരുന്നു ആ വാർത്ത...

സിനിമയോടും ജീവിതത്തോടും യാത്ര പറഞ്ഞ, അപൂർ‍വ്വത്തില്‍ അപൂർ‍വ്വമായ നടനസിദ്ധി ഉണ്ടായിരുന്ന, ശോഭയെ പഴയകാല സിനിമാ ആസ്വാദകർ‍ ആരും മറന്നിട്ടുണ്ടാവില്ല. അസാമാന്യവും അയത്‌ന സുന്ദരവുമായ അഭിനയത്തിന്റെ വരം കിട്ടിയ നടിയായിരുന്നു ഈ തനി ഗ്രാമീണ സുന്ദരി. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ലോക സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെടുമായിരുന്നു, തീർ‍ച്ചയായും, ഈ നടി.

മലയാള സിനിമയിലെ മുൻകാല ചലച്ചിത്ര നടി പ്രേമയുടേയും കെ.പി. പത്മനാഭ മേനോന്റെയും മകളായി, ശോഭ 1962 സെപ്റ്റംബർ 23-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോൾ ബാലനടിയായി അരങ്ങേറ്റം കുറിച്ചു. ('തട്ടുങ്കൽ തിരക്കപ്പടും'-എന്ന തമിഴ് സിനിമയിൽ, 'ബേബി മഹാലക്ഷ്മി' എന്നപേരിൽ- 1966); ബാലതാരമായിയും ഉപ-നായികയായും പല സിനിമകളിലും വന്നു; വന്നു; 'ഉദ്യോഗസ്ഥ'- 1967-|'ബേബി ശോഭ' എന്ന പേരിൽ ആദ്യമായി|; ‘കരകാണാക്കടല്‍’, ‘മയിലാടും കുന്ന്, ‘ഓര്‍മ്മകള്‍ മരിക്കുമോ’, ‘ഏണിപ്പടികള്‍’ 'വീണ്ടും പ്രഭാതം', 'അവൾ അൽപ്പം വൈകിപ്പോയി', 'യോഗമുള്ളവർ' എന്നീ ചിത്രങ്ങളിലും ശേഭ ബാല-കൗമാര താരമായി ഉണ്ടായിരുന്നു; ബാലതാര പുരസ്ക്കാരവും നേടി.

ഇപ്രകാരം പല സിനിമകളിലും വന്നെങ്കിലും ജി. എസ്. പണിക്കരുടെ 'ഏകാകിനി' (1976) എന്ന സിനിമയിലാണ് നായികയാകുന്നത് എന്നാണ് എൻ്റെ ഓർമ്മ. 'ഉത്രാട രാത്രി'

(1978), 'ഉൾക്കടൽ', ‘രണ്ടു പെണ്‍കുട്ടികള്‍, 'ശാലിനി എന്റെ കൂട്ടുകാരി', 'ബന്ധനം', 'എൻ്റെ നീലാകാശം' തുടങ്ങി ഓർക്കാൻ എത്ര ചിത്രങ്ങൾ... 'ശാലിനി എന്റെ കൂട്ടുകാരി' എന്ന സിനിമയിലെ അഭിനയത്തിലൂടെ ശോഭ കേരളത്തിലും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

‘കോകില’ എന്ന തമിഴ് ചിത്രത്തില്‍ കമലഹാസൻ്റെ നായികയായി വേഷമിട്ടു. തുടർന്ന് ഈ നടി, എത്രയോ തെന്നിന്ത്യൻ ചിത്രങ്ങളില്‍ അഭിനയത്തിന്റെ മായാത്ത മുദ്രകള്‍ പതിപ്പിച്ചു. ശോഭ നായികയായ ‘പശി’ എന്ന തമിഴ് ചിത്രം ഇന്ത്യയിലെ ചലച്ചിത്ര ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു സിനിമയാണ്.

ശോഭ ബാലതാരമായി ഉണ്ടായിരുന്ന, 'കരകാണാക്കടൽ'; 'സിന്ദൂരച്ചെപ്പ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് മികച്ച ബാലതാരത്തിനുള്ള 1971-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശോഭയെ തേടിയെത്തി. പിന്നീട് 1977-ൽ മികച്ച സഹനടിക്കും ('ഓർമകൾ മരിക്കുമോ?') 1978-ൽ 'എന്റെ നീലാകാശം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുമുള്ള ചലച്ചിത്ര പുരസ്കാരവും ശോഭയ്ക്കായിരുന്നു. ‘പശി’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.

സംവിധായകൻ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. വിവാഹാനന്തരം പൊതുമണ്ഡലത്തിന് അറിയപ്പെടാത്തതോ വ്യക്തമാക്കപ്പെടാത്തതോ അഥവാ പൂർണ്ണമായി വിളിപ്പെടുത്തപ്പെടാത്തതോ ആയ എന്തോ ചില കാരണങ്ങളാൽ 17-ാം വയസ്സിൽ 1980 മേയ് 1-ന് ശോഭ ആത്മഹത്യ ചെയ്തു! 

ബാലു മഹേന്ദ്ര ശോഭയെ വിവാഹം കഴിക്കുകയും, ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുകയും ചെയ്തതോടെ ശോഭ ആത്‌മഹത്യയിൽ അഭയം തേടി എന്ന് പറയപ്പെടുന്നു. (ശോഭയുടെ വിയോഗത്തിനിടയാക്കിയ സാഹചര്യത്തെ ആസ്പദമാക്കിയായിരുന്നു പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ് തന്റെ 'ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്' എന്ന സിനിമ എടുക്കാനിടയായതു് എന്നു് അദ്ദേഹം തന്നെ പറയുകയുണ്ടായി.)

ഇതിനെ തുടർന്ന് ബാലു മഹേന്ദ്ര ചില പോലീസ് അന്വേഷണങ്ങളിലും കേസുകളിലും മറ്റും ഉൾപ്പെട്ടെങ്കിലും നിയമത്തിൻ്റെ മുന്നിൽ നിലനിന്നത് ഇന്ത്യൻ പാസ്പോർട്ട് സംബന്ധമായ ഒരു കേസ് മാത്രമാണ്... ബാലു പിന്നീടും നല്ല സിനിമകൾ എടുത്തു; മൂന്നാമത് മറ്റൊരു വിവാഹവും കഴിച്ചു. 

ചില ജീവിതങ്ങൾ‍, ചില സംഭവങ്ങൾ‍, ചില സിനിമകൾ, ചില പാട്ടുകൾ‍ ഒക്കെ നമ്മെ ‘ഹോണ്ട്’ ചെയ്തുകൊണ്ടിരിക്കും..

അതിലൊന്ന് ശോഭയായിരിക്കുമെന്നും സംശയമില്ല. ആ ശോഭ അണയുന്നില്ല....

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക