Image

അമേരിക്കയിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം ; കന്യാകുമാരി കാണാനെത്തിയ മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

Published on 30 April, 2026
അമേരിക്കയിൽ നിന്നെത്തിയിട്ട്  ദിവസങ്ങൾ മാത്രം ; കന്യാകുമാരി കാണാനെത്തിയ മലയാളി സഹോദരിമാർ കടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെയാണ് ഇരുവരും അമെരിക്കയിൽ നിന്ന് നാട്ടിലെത്തിയത്.

ഈ മാസം 27 മുതൽ ഇരുവരേയും കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കടലിൽ മരിച്ച നിലയില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. അമെരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുമ്പാണ് കോട്ടയത്തെത്തിയത്. പിന്നീട് ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്. ഇരുവരും കന്യാകുമാരിയിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ 2 ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല.

ഹോട്ടൽ ജീവനക്കാര്‍ അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാര്‍ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് യുവതികളുടെ അമ്മ മേരിയെ പൊലീസ് വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്‍റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിയിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൂണ്ടവളവ് പ്രദേശത്ത് പൊലീസിനൊടൊപ്പം എത്തി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയിലേക്ക് എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും നടപടികൾ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക