
ന്യു ജേഴ്‌സി: മംഗലശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും തമ്മിൽ ഏറ്റു മുട്ടിയ ദേവാസുരം ചിത്രീകരിച്ചിട്ട് 33 വർഷമായി. 'പക്ഷെ മോഹൻ ലാലിന് ഒരു മാറ്റവും വന്നിട്ടില്ല,' മുണ്ടയ്ക്കൽ ശേഖരനെ അനശ്വരനാക്കിയ തമിഴ് നടൻ നെപ്പോളിയൻ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായി പ്രിയപ്പെട്ട ലാലേട്ടൻ അമേരിക്കയിൽ അവതരിപ്പിച്ച കിലുക്കം 26 ഷോയുടെ സമാപനം കുറിച്ച് ന്യു ജേഴ്‌സി ലോഡായി ഫെലീഷ്യൻ കോളജിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു നെപ്പോളിയൻ. ഈ കാലത്തിനിടയിൽ നെപ്പോളിയനു ഒരുപാട് മാറ്റമുണ്ടായി. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി. 15 വർഷമായി അമേരിക്കയിലേക്ക് താമസം മാറ്റി. ഇപ്പോൾ ടെന്നസിയിൽ.

എന്നാൽ മാറ്റമില്ലാത്ത മഹാനടനായി മോഹൻ ലാൽ. നിത്യ ഹരിത നായകനെന്നും മറ്റുമുള്ള വിശേഷണങ്ങൾ പ്രേം നസീറിന്റെ പേരിനൊപ്പം തലമുറകൾ ചാർത്തിക്കൊടുത്തതിനാൽ 'ലാലേട്ടൻ' എന്ന പേര് നിത്യഹരിതം പോലെ ഒരു ബ്രാൻഡ് നെയിം ആയി. തലമുറകൾ ലാലേട്ടന്റെ ആരാധകരായി.
ലാലേട്ടന്റെ ഷോ കാണുന്നതിന് പകരം ലാലേട്ടനെ കാണുക എന്ന എന്ന ലക്ഷ്യവുമായി തലമുറകൾ ഓഡിറ്റോറിയത്തിൽ സന്ധിക്കുന്ന കാഴ്ചയാണ് കണ്ടത്.

അക്കരെ അക്കരെ എന്ന അമേരിക്കയിൽ ചിത്രീകരിച്ച സിനിമയിലെ 'സ്വർഗ്ഗത്തിലോ, നമ്മൾ സ്വപ്നത്തിലോ...' എന്ന ഗാനം പാടി നൃത്തം ചെയ്താണ് ലാലേട്ടൻ അരങ്ങിലെത്തിയത്. വേദിയുടെ ഇരുവശങ്ങളിലും ലാലേട്ടൻ ഫാൻസ് ആവേശഭരിതരായി നിൽക്കെ അവരെ അവിടെ തന്നെ നിർത്താൻ സെക്യൂരിറ്റി പാടുപെട്ടു. ആരാധകർ ആരും അതിരു വിട്ടതുമില്ല.
1984 മുതൽ അമേരിക്കയിൽ വരുന്നതും മുൻപ് 2007-ൽ ഇതേ വേദിയിൽ തന്നെ ഷോ അവതരിപ്പിച്ചതും ലാലേട്ടൻ അനുസ്മരിച്ചു. താര വിജയൻ ആണ് അന്ന് ഷോ കൊണ്ട് വന്നത്. തനിക്ക് ഒരുപാട് സൗഹൃദങ്ങളുള്ള നാടാണ് ന്യു ജേഴ്‌സി. ന്യു ജേഴ്‌സി പെർഫോമിംഗ് ആർട്സ് വേദിയിൽ ഷോ അവതരിപ്പിപ്പോൾ ബീനാ മേനോനും അവരുടെ കലാശ്രീ സ്‌കൂളും ആണ് കൂടെ സഹകരിച്ചത്. 82 ആർട്ടിസ്റ്റുകൾ ആ പരിപാടിയിൽ പങ്കെടുത്തു.

നെപ്പോളിയനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. 'വഴി മാറെടാ മുണ്ടക്കൽ ശേഖരാ .. എന്ന് സിനിമാക്കാരനായി ആക്രോശിച്ചപ്പോൾ സിനിമയിലെ ലാലിന്റെ സംഭാഷണത്തിന്റെ ഗാംഭീര്യവും നിത്യജീവിതത്തിലെ സൗമ്യമായ സംസാരവും തമ്മിലുള്ള വ്യത്യാസം പ്രകടമാകുകയും ചെയ്തു.
ആങ്കർ മാറിൽ ഒരാളായിരുന്ന കേരളത്തിൽ ജീവിക്കുന്ന അമേരിക്കൻ വംശജ തന്നെ ആദ്യമായി കണ്ടത് എപ്പോഴെന്നു ചോദിച്ചു. എട്ടു വയസുള്ളപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ വെച്ചാണെന്ന് അവർ തന്നെ പറഞ്ഞു. അന്ന് ലാലേട്ടനെ കാണാൻ എല്ലാവരെയും തള്ളി മാറ്റി ഓടിച്ചെന്നു. ലാലേട്ടൻ തന്നെ നോക്കി ചിരിച്ചു.

അത് ഓർമ്മിക്കുന്നു എന്ന് പറഞ്ഞ ലാലേട്ടൻ ആ കുട്ടിയാണോ ഈ കുട്ടി എന്ന അതിശയപ്പെട്ടു. നല്ല മലയാളം പറയുന്നു. മലയാളികളെ സ്നേഹിക്കുന്നു.
ഈ പരിപാടിയിൽ സ്വർഗ്ഗത്തിലോ... എന്ന പാട്ട് പാടിയത് ആ സിനിമ അമേരിക്കയിൽ ഷൂട്ട് ചെയ്ത ഓർമ്മയിലാണെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകി.
ഇരുപതു വര്ഷം മുൻപ് താൻ ഇവിടെ വരുമ്പോൾ മുന്നിലിരിക്കുന്ന കുട്ടികളിൽ പലരും ജനിച്ചിട്ടുണ്ടാവില്ലെന്നു ലാൽ പറഞ്ഞു. പുതിയ ജനറേഷനും തന്നെ സ്വീകരിക്കുന്നു എന്നതിൽ സന്തോഷം. 48 വർഷമായി താൻ സിനിമാ മേഖലയിൽ വന്നിട്ട്. ജനങ്ങളുടെ സ്നേഹവും പ്രാര്ഥനയുമാണ് തന്നെ ഈ രീതിയിൽ നിലനിർത്തുന്നത്.

ഇപ്പോൾ ഇവിടെയും കുട്ടികൾ നല്ല മലയാളം പറയുന്നു. സിനിമയും ടിവിയുമൊക്കെ ആയിരിക്കും അതിനു കാരണം. എല്ലാവര്ക്കും ആയിരം നന്ദി.
ഇതൊരു മ്യൂസിക്കൽ ഷോ ആണെന്ന് നേരത്തെ പറഞ്ഞ മോഹൻ ലാൽ പിന്നീട് ഹിന്ദിയിൽ അടക്കം ചില പാട്ടുകൾ കൂടി പാടി.
മോഹൻ ലാലിന്റെ സാന്നിധ്യം ഒഴിച്ചാൽ ഷോ അത്ര വ്യത്യസ്തമായിരുന്നില്ല. വിസ പ്രശനം മൂലം കൂടുതൽ ആർട്ടിസ്റ്റുകൾക്ക് എത്താനായില്ല. ഷോയുടെ ആദ്യ പകുതിയിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ വിവിധ നൃത്ത സ്ഥാപനങ്ങൾ അവതരിപ്പിച്ച നൃത്തങ്ങളാണ് അരങ്ങേറിയയത്. റൂബിന സുധർമ്മൻ, ബിന്ധ്യ ശബരി, മാലിനി നായര്, ബീന മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തസ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അരങ്ങു തകർത്തു. മിത്രാസ് ഗ്രൂപ്പും ലാലേട്ടനൊപ്പം നൃത്തം ചെയ്തു.

കീബോർഡിൽ വിസ്മയം സൃഷ്ടിക്കുന്ന സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച ഗാനോപഹാരം ആയിരുന്നു മറ്റൊരു പ്രധാന പരിപാടി. അത് പതിവ് പോലെ സദസിനെ പ്രകമ്പനം കൊള്ളിച്ചു.
അമേരിക്കയിൽ ഷോയുടെ സംഘാടകനായ രഞ്ജു രാജ് (ടെക്സസ്) ഇതിന്റെ നേരിടേണ്ടി വന്ന വിഷമതകൾ വിവരിച്ചു. കഴിഞ്ഞ വര്ഷം നടത്തേണ്ട ഷോ, ചില ആർട്ടിസ്റ്റുകളുടെ വിസ പ്രശനം മൂലം മാറ്റി വയ്‌ക്കേണ്ടി വന്നു. എങ്കിലും ജനം സഹകരിച്ചു.

ന്യു ജേഴ്‌സി ഷോ സംഘടിപ്പിച്ച ബൈജു വർഗീസിനും ഷിജോ പൗലോസിനും മറ്റൊരു ദുരന്ത വാർത്ത കൂടി പറയാനുണ്ടായിരുന്നു. അതെന്തെന്ന് അവർ വേദിയിൽ വച്ച് വിശദീകരിച്ചില്ല. പിന്നീടാണ് അറിഞ്ഞത് ഷോയ്ക്ക് നാല് ദിവസം മുൻപ് ഓഡിറ്റോറിയം തരില്ലെന്ന് ഫെലീഷ്യൻ യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു. ആരോ അവരെ പോയി തെറ്റിദ്ധരിപ്പിച്ചു എന്നർത്ഥം. പിന്നീട് ഏറെ വിഷമതകളും ശുപാർശകളും കഴിഞ്ഞാണ് മലയാളത്തിന്റെ മഹാനടന് വേണ്ടി ആ വേദി ഒരുങ്ങിയത്.

ഒന്നര പതിറ്റാണ്ട് മുൻപ് റോക്ക് ലാഡിൽ യേശുദാസിന്റെ പരിപാടി ഇതേ പോലെ തടഞ്ഞതാണ് ഓർമ്മ വന്നത്. അത് നടത്തേണ്ടിരുന്ന സ്‌കൂൾ അധികൃതർക്ക് ആരൊക്കെയോ പരാതി നൽകി. ഷോ നടത്തുന്നത് ഒരു കുറ്റവാളിക്ക് വേണ്ടി ആണെന്നായിരുന്നു പറഞ്ഞത്. ജയിലിലുള്ള ആനന്ദ് ജോണിന്റെ മോചനത്തെ സഹായിക്കാനായിരുന്നു ഷോ. എന്തായാലും അന്നുണ്ടായിരുന്ന മാവേലി തീയറ്ററിൽ ദാസേട്ടൻ പാടി.
മലയാളികൾ എന്നാണ് ഈ പാരവയ്പ് പരിപാടിയിൽ നിന്ന് പിന്മാറുക?
More photos: കിലുക്കം ഷോയിൽ ലാലേട്ടന്റെ സാന്നിധ്യം കലാവിരുന്നായി; കൂടുതൽ ചിത്രങ്ങൾ