Image

പേനയും പ്രതലവും (കവിത: കെ സി അലവിക്കുട്ടി)

Published on 30 April, 2026
പേനയും പ്രതലവും (കവിത: കെ സി അലവിക്കുട്ടി)

പ്രപഞ്ചത്തിന്റെ
പിറവിയിൽ 
എഴുതാനുള്ള
വെളുത്ത
ചോക്ക്
മലയും,
കറുത്ത 
പാറ പോലെയുള്ള 
പ്രതലവും,
ചതുപ്പും ജലാശയവും
നീലാകാശവും
മാത്രമായിരുന്നു 
ഇവിടാകെ.

ഏതോ ജനിമൃതിയുടെ
കല്പനയിൽ, 
കറുത്ത പാറയിൽ
തല കുത്തിക്കരഞ്ഞ,
ചോക്കു പൊട്ടു പറഞ്ഞു :

ദയ ഉണ്ടാവണം,
'രക്ഷേ' ..
'രക്ഷേ'..

അപ്പോൾ,
ഇതു വായിക്കാനും
ഗ്രഹിക്കാനും
കേൾക്കാനും രക്ഷ എന്ന,
'അത് 'മാത്രമേയുള്ളു.

കാറ്റിൽ പലതും എഴുതിപ്പറഞ്ഞു: 'അത്'.

അതാ..'രക്ഷയും' 
സമാധാനവും,
പെയ്യുന്നു.

ഈ പെയ്യൽ ഒച്ച,
ഉറവിടം എന്ന
നിരാകാര,ശൂന്യതയിൽ
ഒളിഞ്ഞിരുന്ന
സസ്യജാലങ്ങളിൽ
ജീവൻ,സ്പന്ദിച്ചു
ഇളക്കമായി.

മുളയെടുത്തു വളർന്ന 
ചെടികൾ
പൂക്കളെ വിരിയിച്ചു 
കായയായി മരിച്ചു വീണ്,
മണ്ണിൽ ഉറങ്ങി,ഉണർന്നു.

പൊന്തി വളർന്ന 
മരങ്ങളിൽ
കായ് കനികൾ
പഴുത്ത് കൊഴിയുന്നത് ആകാശം
നോക്കി നിന്ന് 
വിളിച്ചു,പച്ചേ പാച്ചേന്ന്.

ജീവൻ,
വളർച്ചയുടെ
വഴികളിൽ വളർന്നു
വലുതായി,ആകാശം
നോക്കി നൃത്തവും
നടത്തവും തുടങ്ങി.

ചിന്തകൾ
മനസായി വളർന്നു വന്നപ്പോൾ
മനസ്സെന്ന പേനകൾ
കവിതകളെഴുതി
മരങ്ങൾ
പുസ്തകം
നിറക്കാൻ തുടങ്ങി.

അപ്പോൾ,

ഇരുട്ടും,കാറ്റും,
വെളിച്ചവും,
പോലെ,ജീവിതം
കടം,
സ്നേഹം,
ദയ,
'രക്ഷ',മരണം
പരിണാമമെന്നങ്ങനെ,
മായ്ച്ചും 
എഴുതിയും
വായിച്ചും നടന്നും
മറന്നും
പെയ്തു കൊണ്ടേയിരുന്നു,
'അത്'.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക