Image

എക്സിറ്റ് പോള്‍ ഫലം സൂചന തന്നെ (രാഷ്ട്രീയ ലേഖകന്‍)

Published on 30 April, 2026
എക്സിറ്റ് പോള്‍ ഫലം സൂചന തന്നെ (രാഷ്ട്രീയ ലേഖകന്‍)

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത് ഭരണമാറ്റം തന്നെ. മനോരമ ന്യൂസ് സി വോട്ടര്‍ എക്‌സിറ്റ് പോള്‍ 82 മുതല്‍ 94 സീറ്റ് വരെ യുഡിഎഫിനു കിട്ടുമെന്നു സൂചിപ്പിക്കുന്നു. ആക്‌സിസ് മൈ ഇന്ത്യ 78- 90 ആണ് പ്രവചിക്കുന്നത്. ജെവിസി 84 സീറ്റ് വരെയും പീപ്പിള്‍സ് പള്‍സും സിഎന്‍എന്‍ ന്യൂസ് 18നും 80 സീറ്റ് വരെയും യുഡിഎഫിനു കിട്ടുമെന്നു സൂചന നല്‍കുന്നു.

ഏതാണ്ട് ഒന്‍പത് സര്‍വേ ഫലങ്ങള്‍ കണക്കിലെടുത്താല്‍ യു.ഡി.എഫിന് പരമാവധി സീറ്റ് 94 എന്നു കാണാം. പീപ്പിള്‍സ് ഇന്‍സൈറ്റ് മാത്രം  66 മുതല്‍ 76 സീറ്റ് വരെയെന്നു പറയുന്നു. മറ്റാരും യു.ഡി.എഫിന് 70 സീറ്റില്‍ കുറച്ചു പറയുന്നില്ല. മറിച്ച് എല്‍ഡിഎഫിന് ഒരു സര്‍വേയും 70 സീറ്റ് പറയുന്നില്ല. പി.മാര്‍ക്ക് 69 വരെയും പീപ്പിള്‍സ് ഇന്‍സൈറ്റും സി.എന്‍.എന്‍. ന്യൂസ് 18നും 68 സീറ്റ് വരെയും ആണ് പരമാവധി എല്‍ഡിഎഫിനു കണക്കാക്കുന്നത്. എല്‍.ഡി.എഫിന്റെ സീറ്റ് 44 വരെ കുറയാം എന്നും കാണുന്നു. രണ്ടു സര്‍വേകളില്‍ എന്‍.ഡി.എ.യ്ക്ക് പൂജ്യം സാധ്യതയും തള്ളിക്കളയുന്നില്ല.

യു.ഡി.എഫ് ക്യാമ്പുകളില്‍ വിജയപ്രതീക്ഷ ഉയരുമ്പോള്‍ കഷ്ടിച്ച് ഭൂരിപക്ഷം (71 സീറ്റ് എങ്കിലും) ഒപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ഭരണ വിരുദ്ധ വികാരമില്ലെന്നും അവര്‍ വിശദീകരിക്കുന്നു. 

പക്ഷേ, ഈ എക്‌സിറ്റ്‌പോള്‍ ഫലത്തിനപ്പുറം സര്‍വേകള്‍ വ്യക്തമാക്കിയ മറ്റു ചില കണ്ടെത്തലുകളുണ്ട്. അവയായിരിക്കും നാലാം തീയതി വോട്ടെണ്ണുമ്പോള്‍ പ്രതിഫലിക്കുക. ഒന്നാമത് എല്‍ഡിഎഫിനെക്കാള്‍ അഞ്ചു ശതമാനം വോട്ടു കൂടുതല്‍ യു.ഡി.എഫ് നേടുമെന്ന കണ്ടെത്തല്‍. രണ്ടാമത് ന്യൂനപക്ഷങ്ങളുടെയും സ്ത്രീവോട്ടര്‍മാരുടെയും ചായ് വ് യു.ഡി.എഫിലേക്ക് എന്നത്. മൂന്നാമത് യുവാക്കളില്‍ ഭൂരിഭാഗം യു.ഡി.എഫിനെ അനുകൂലിക്കുന്നു എന്നത്.

മേല്‍പ്പറഞ്ഞ മൂന്ന് കണ്ടെത്തലുകള്‍ എത്രത്തോളം ആഴത്തിലാണ് എന്നതിനെ ആശ്രയിച്ചാകും യു.ഡി.എഫ് അനുകൂല തരംഗം. സമീപകാലത്ത് നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കിയ സൂചനയും യുവാക്കള്‍ മാറി ചിന്തിച്ചുതുടങ്ങി എന്നുതന്നെയാണ്.

മുന്‍പ് എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു ലഹരിയായിരുന്നു. ഇടതുപക്ഷത്തു ചേര്‍ന്നാല്‍ ബുദ്ധിജീവിയായി എന്നു ചിന്തിച്ചവരും ഏറെയായിരുന്നു. എന്നാല്‍ പുതിയ വിദ്യാര്‍ത്ഥി തലമുറയുടെ ചിന്തകള്‍ മാറി.

സര്‍വേകളില്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വി.ഡി. സതീശനെ 21 ശതമാനം അനുകൂലിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ എട്ടു ശതമാനവും കെ.സി.വേണുഗോപാലിനെ മൂന്നു ശതമാനവുമാണ് പിന്തുണച്ചത്. അതായത് അഡ്ജസ്‌റ്റ്മെന്റ് രാഷ്ട്രീയക്കാരുടെ കാലം കഴിഞ്ഞെന്ന് വ്യക്തം. ഉറച്ച നിലപാടിള്ളവരോടാണ് ജനത്തിനു താല്‍പര്യം. യുവാക്കള്‍ കൂടുതലായി യു.ഡി.എഫിനെ പിന്തുണച്ചെങ്കില്‍ അതിനു കാരണം വി.ഡി. സതീശന്റെ നിലപാട് തന്നെ.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതുവരെ രഹസ്യമായി വി.ഡി.സതീശനെ പിന്തുണച്ച മുസ്ലീം ലീഗ് ഇന്നു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത് ജനവികാരം മനസ്സിലാക്കിത്തന്നെയാണ്. പത്രപ്പരസ്യവും ഹോര്‍ഡിങ്ങുകളുമെല്ലാം രമേശ് ചെന്നിത്തലയ്‌ക്കെതിരായി എന്നുവേണം വിലയിരുത്തുവാന്‍. പട നയിച്ചവര്‍ ഭരണത്തിനു നേതൃത്വം നല്‍കട്ടെയെന്ന ചിന്തയാണ് മുസ്ലീം ലീഗിനും കോണ്‍ഗ്രസ് അണികള്‍ക്കും.
നിലവിൽ എം.പിയായവർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. യു.ഡി.എഫ് ഭൂരിപക്ഷം നേടിയാൽ എം.പിയായ കെ.സി.വേണുഗോപാലിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി കെട്ടിയിറക്കിയാലും ഈ വികാരം പ്രതിഫലിക്കും. അനാവശ്യമാം രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കെതിരെ ജനം അണിനിരന്നാൽ കെ.സി.വിയർക്കും.കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെയും ഘടക കക്ഷികളുടെയും പൊതുവികാരം ഹൈക്കമാൻഡ്‌ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക