
കൊച്ചി: സിനിമ നിർമ്മിച്ച് വലിയ കടക്കെണിയിലായെന്നും സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടുതവണ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതായും വെളിപ്പെടുത്തി നടൻ സുബീഷ് സുധി. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്. കടബാധ്യതകൾ താങ്ങാനാവാതെ മാനസികമായി തളർന്ന ഘട്ടത്തിൽ സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടൽ മൂലമാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും സുബീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ തന്റെ ഫോണിലേക്ക് വരുന്നത് കടം നൽകിയവരുടെ വിളികൾ മാത്രമാണെന്നും, അവർക്ക് മറുപടി നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. നേരായ രീതിയിൽ പണം സമ്പാദിച്ച് ബാധ്യതകൾ തീർക്കാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. സിനിമ എന്ന സ്വപ്നത്തിന് പിന്നാലെയുള്ള യാത്ര ഒടുവിൽ വലിയൊരു സാമ്പത്തിക തകർച്ചയിലാണ് എത്തിച്ചതെന്ന് സുബീഷ് പറയുന്നു
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുക്കളും ചേർന്നാണ് നിർമ്മിച്ചത്.
2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.
ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു.
അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40 ഓളം കോളുകൾ ആണ് വരുന്നത് കടക്കാരുടേത്.
പിടിച്ചു നിൽക്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് attemptന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. aswathy മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.